പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുത്തതോടെ പാചക വാതക വിതരണം തടസ്സപ്പെട്ടേക്കാം. രാജ്യത്തിന് ആവശ്യമുള്ള 66 ശതമാനം(മൂന്നില്‍ രണ്ട് എല്‍പിജി സിലിണ്ടര്‍) പാചക വാതകവും പശ്ചിമേഷ്യയില്‍നിന്നാണെത്തുന്നത്.
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണം ലോകത്ത ഏറ്റവും വലിയ എണ്ണ ഉത്പാദന മേഖലയില്‍നിന്നുള്ള വിതരണം തടസ്സപ്പെട്ടേക്കുമെന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നതിനാല്‍ പ്രതിസന്ധി കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായാല്‍ പാചക വാതകത്തെയാകും കൂടുതല്‍ ബാധിക്കുക.
പത്തു വര്‍ഷത്തിനിടെ രാജ്യത്തെ എല്‍പിജി ഉപയോഗം ഇരട്ടിയിലേറായി. 33 കോടി വീടുകളില്‍ എല്‍പിജി ഉപയോഗിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമുള്ള എല്‍പിജിയുടെ 66 ശതമാനവും വിവിധ രാജ്യങ്ങളില്‍നിന്നായി ഇറക്കുമതി ചെയ്യുകയാണ്. അതില്‍തന്നെ 95 ശതമാനവും വരുന്നത് പശ്ചിമേഷ്യയില്‍നിന്നുമാണ്. സൗദി അറേബ്യ, യുഎഈ, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നുമാണ് പ്രധാനമായും ഇറക്കുമതി.
റിഫൈനറികള്‍, ഇറക്കുമതി ടെര്‍മിനലുകള്‍, ബോട്ടിലിങ് പ്ലാന്റുകള്‍ എന്നിവിടങ്ങളിലായാണ് നിലവില്‍ എല്‍പിജി സംഭരിക്കുന്നത്. 16 ദിവസത്തേയ്ക്കുള്ള ശേഖരണ ശേഷി മാത്രമേ ഈയിടങ്ങളിലുള്ളൂ. യുഎസ്, യൂറോപ്പ്, മലേഷ്യ, ആഫ്രിക്കയുടെ ചിലഭാഗങ്ങള്‍ എന്നിവ വഴി എല്‍പിജി ലഭ്യമാക്കാനാകുമെങ്കിലും വിതരണക്കാരില്‍നിന്ന് ഇവിടെ എത്താന്‍ കൂടുതല്‍ സമയമെടുക്കും. പൈപ്പ് വഴി ലഭ്യമായ പ്രകൃതി വാതകമാകട്ടെ ഇന്ത്യയില്‍ 15 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് ലഭിക്കുന്നത്.
പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തില്‍ രാജ്യത്തെ സംഭരണ ശേഷി മികച്ചതാണ്. റിഫൈനറികള്‍, പൈപ്പ് ലൈനുകള്‍, കപ്പലുകള്‍, വിവിധയിടങ്ങളിലെ ശേഖരം എന്നിവ കണക്കിലെടുത്താല്‍ രാജ്യത്തെ 25 ദിവസത്തെ ആവശ്യത്തിനുള്ളതുണ്ടാകും. ഇന്ത്യയിലെ പെട്രോള്‍ ഉപയോഗത്തിന്റെ 40 ശതമാനവും ഡീസല്‍ ഉപയോഗത്തിന്റെ 30 ശതമാനവും കയറ്റി അയക്കുന്നുമുണ്ട്. ആവശ്യമെങ്കില്‍ കയറ്റുമതി കുറച്ച് രാജ്യത്തെ ആവശ്യത്തിനായി ഉപയോഗിക്കാനും കഴിയും.
Content Highlights: West Asia Crisis: Will India Face an LPG Shortage?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·