Published: November 09, 2026 07:21 PM IST Updated: November 09, 2026 10:09 PM IST
2 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റെ പി.ടി.ഉഷയ്ക്കു തോൽവി. വോട്ടെടുപ്പിൽ മറ്റൊരു മലയാളി അത്‍ലീറ്റ് അഞ്ജു ബോബി ജോർജും മുൻ ബാഡ്മിന്റൻ താരം സൈന നെഹ്‍വാളും ഉൾപ്പെട്ട പാനലിലെ എല്ലാവരും വിജയിച്ചു. സ്പോർട്സ്മാൻ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിൽ വനിതകളുടെ നാലു സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പി.ടി.ഉഷ ഉൾപ്പെടെ ആറു പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇനി ഡിസംബർ 5ന് നടക്കുന്ന ഐഒഎ തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ (എൻഎസ്എഫ്) നാമനിർദേശം ലഭിക്കണം. എന്നാൽ അതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ.
What you should work next
മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി, മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ എന്നിവരാണ് എസ്ഒഎം ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടു പേർ. 40 പുരുഷന്മാരും 40 വനിതകളുമടക്കം ആകെ 80 എസ്ഒഎം അംഗങ്ങളാണ് നാലു വനിതാ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടർ പട്ടികയിലുള്ളത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഒളിംപിക് മെഡൽ ജേതാക്കളായ ഗഗൻ നാരംഗ്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, മുൻ ടേബിൾ ടെന്നിസ് താരം കമലേഷ് മേത്ത എന്നിവർ എതിരില്ലാതെ പുരുഷ വിഭാഗത്തിലെ നാല് എസ്ഒഎം സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറ്റു എട്ടു സ്ഥാനാർഥികൾ നാമനിർദേശ പത്രിക പിൻവലിച്ചതോടെയാണ് ഇവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ (എൻഎസ്എഫ്) നാമനിർദേശം ലഭിച്ച് ജനറൽ അസംബ്ലിയിൽ അംഗമാകണം. എന്നാൽ പി.ടി. ഉഷയ്ക്ക് അതിനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ. അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) രണ്ടു പ്രതിനിധികളിൽ ഒരാളായി ഉഷ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയില്ലെന്നാണ് സൂചന. ഐഒഎ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാൾ എസ്ഒഎം അംഗമോ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണം. 2022ൽ എസ്ഒഎം വിഭാഗത്തിലൂടെ എതിരില്ലാതെയാണ് ഉഷ ഐഒഎയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
തിരഞ്ഞെടുക്കപ്പെട്ട എട്ട് എസ്ഒഎം അംഗങ്ങളും ഐഒഎ ജനറൽ അസംബ്ലിയിൽ അംഗങ്ങളാകും. ഇതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും സ്ഥാനാർഥികളായി മത്സരിക്കാനും ഇവർക്ക് അർഹത ലഭിക്കും. ഇവരിൽനിന്ന് ഒരാൾ പുരുഷനും ഒരാൾ വനിതയുമായി രണ്ട് എസ്ഒഎം അംഗങ്ങൾ ഐഒഎ എക്സിക്യൂട്ടീവ് കൗൺസിലിലും ഇടംപിടിക്കും.
അതേസമയം, എസ്ഒഎം തിരഞ്ഞെടുപ്പിനിടെ പി.ടി. ഉഷ നൽകിയ പരാതിയോടെയാണ് ഐഒഎയിൽ വിവാദം ഉടലെടുത്തത്. മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് ഉഷ പരാതി നൽകിയിരുന്നു. ഡോള ബാനർജിയുടെ പേരിലുള്ള വാട്സാപ് അക്കൗണ്ടിൽനിന്ന് ‘ന്യൂ ഭാരത് പാനൽ’ എന്ന സംഘത്തിന് പിന്തുണ തേടി സന്ദേശം പ്രചരിപ്പിച്ചെന്നായിരുന്നു ഉഷയുടെ ആരോപണം. നാല് സ്ഥാനാർഥികളുടെ പേരുകളും അവരുടെ ബാലറ്റ് സീരിയൽ നമ്പറുകളും വോട്ടർ പട്ടികയിലെ നമ്പറുകളും ഉൾപ്പെടുത്തി ഇവർക്ക് വോട്ട് ചെയ്യണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടിയ ഭാരോദ്വഹന താരം സതീഷ് ശിവലിംഗവും തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ഐഒഎ പ്രസിഡന്റായ ഒരു സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടർ പട്ടികയിലെ അംഗങ്ങളെ സ്വാധീനിക്കാൻ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ‘ഇതിനായി ഐഒഎയുടെ സംവിധനാങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്’ എന്നും ഉഷയുടെ പേര് പരാമർശിക്കാതെ സതീഷ് ശിവലിംഗം സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി.
English Summary:






English (US) ·