പോണ്ടിച്ചേരിയിലേക്ക് സ്വാഗതം

1 week ago 8

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

കാലം തെറ്റി പെയ്ത മഴ എന്നൊക്കെ പറയാറുള്ളതുപോലെ കാലം തെറ്റി പറഞ്ഞ കഥയാണ് മെല്‍കൗ പോണ്ടിച്ചേരി . പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച പഴയ രീതിയിലുള്ള ചിത്രം എന്നും വിളിക്കാം.

പേരിലും പാട്ടുകളിലും കഥയിലും അവതരണത്തിലുമെല്ലാം പഴയ സിനിമകളെ ഓര്‍മിപ്പിക്കുന്നു ഈ സിനിമ. വെല്‍ക്കമിനെ മെല്‍കൗ ആക്കിയ പഴയ തമാശ ചിത്രത്തിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന പേരില്‍ തുടങ്ങുന്നു സിനിമയുടെ സ്പൂഫ് പിടുത്തം.

തമാശ നിറഞ്ഞ ആദ്യ പകുതിയും കഥയിലേക്കിറങ്ങിയ രണ്ടാം പകുതിയും- അതാണ് മെല്‍കൗ പോണ്ടിച്ചേരി. മെല്‍കൗ എന്ന പേരിന് സിനിമയുമായുള്ള ബന്ധം വെല്‍ക്കം എന്ന പദത്തിനേക്കാളേറെ പ്രധാന കഥാപാത്രത്തിന്റെ തൊഴിലുമായി ബന്ധപ്പെട്ടതിനാല്‍ അതിലൊരു കൗതുകമുണ്ട്.

പഴയകാല കോളജ് സുഹൃത്തുക്കള്‍ തങ്ങളുടെ കലാലയം സ്ഥിതി ചെയ്തിരുന്ന നഗരത്തിലേക്ക് യാത്ര ചെയ്ത് ബാച്ചിലര്‍ പാര്‍ട്ടി നടത്തുന്നതാണ് സിനിമയുടെ പ്രമേയം. പിന്നെ വരുന്നതെല്ലാം നിരവധി തവണ കണ്ടു കഴിഞ്ഞ സംഗതികള്‍. ഒരു വ്യത്യസ്തതയ്ക്ക് വേണ്ടിയാവണം ഒരു മുതലക്കുഞ്ഞു കൂടിയുണ്ട് സംഘത്തില്‍. അതൊരുപക്ഷേ, ജോസ് പ്രകാശിന്റെ അധോലോകത്തിലെ മുതലക്കുഞ്ഞിനെ ഓര്‍മിപ്പിക്കാനുള്ളതായിരിക്കണം. കഥയിലൊരിടത്തുവെച്ച് മുതലക്കുഞ്ഞ് സ്വന്തം വഴിതിരിഞ്ഞു പോകുന്നുമുണ്ട്.

ദുബായില്‍ ജോലിയുള്ള മെല്‍വി ഏഴ് വര്‍ഷത്തിന് ശേഷം നാട്ടില്‍ കൂട്ടുകാരെ കാണാന്‍ വരുന്നതും അവരൊന്നിച്ച് പോണ്ടിച്ചേരിയിലേക്ക് യാത്ര ചെയ്ത് അവിടെ നടക്കുന്ന സംഭവ ഗതികളുമാണ് കഥ. പോണ്ടിച്ചേരി, ദുബൈ, യൂറോപ്യന്‍ നഗരം എന്നിവിടങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഇടക്കെവിടെയോ കേരളവുമുണ്ടെങ്കിലും കഥയില്‍ കാര്യമായ സ്വാധീനമൊന്നും കേരളത്തിനില്ല.

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമില്ല സിനിമയ്ക്ക്. ആദ്യ പകുതി കുഴപ്പമില്ലാതെ തമാശയും മറ്റുമൊക്കെയായിപോകുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ ഗൗരവത്തിനാണ് പ്രധാനം. അത്യാവശ്യം ചെറിയ തമാശകളൊക്കെയായി അല്‍താഫ് സലീമിന്റെ വിനോദ് എന്ന കഥാപാത്രം മാത്രമാണ് നേരിയ ചലനങ്ങള്‍ രണ്ടാം പകുതിയിലുണ്ടാക്കുന്നത്.

സൗഹൃദവും പ്രണയവും ഓര്‍മകളും സ്വപ്‌നങ്ങളുമൊക്കെ ചേര്‍ത്തു തന്നെയാണ് മെല്‍കൗ സൃഷ്ടിച്ചിരിക്കുന്നത്. ഈ കഥ പറയാന്‍ കേരളത്തിലെ ഏതെങ്കിലുമൊരു കോളജ് തെരഞ്ഞെടുക്കാതെ പോണ്ടിച്ചേരിയിലേക്ക് വണ്ടിവിട്ടതിന് കാരണം ചിലപ്പോള്‍ കഥയില്‍ പറയുന്ന പ്രേതത്തിന് പുതിയ കാലത്ത് കേരളത്തില്‍ സാധ്യത ഇല്ലാത്തതുകൊണ്ടുതന്നെയായിരിക്കാം. അതോടൊപ്പം കേരളത്തിനേക്കാള്‍ നിറപ്പകിട്ടാര്‍ന്നതും മലയാള സിനിമ അധികം ക്യാമറ തിരിച്ചുവെച്ചിട്ടില്ലാത്തതുമായ ഒരു ഇടം തേടിയതുമായിരിക്കാം.

സിനിമയിലെ താരങ്ങള്‍ക്കാര്‍ക്കും ഗൗരവത്തോടെ അഭിനയിക്കേണ്ട വേഷമൊന്നുമില്ല. അത്തരത്തില്‍ അഭിനയത്തിന്റെ രസതന്ത്രം കാ്‌ഴ്ചവെക്കേണ്ട കഥയുമല്ല മെല്‍കൗ പറയുന്നത്. വളരെ ലളിതമായി കുറച്ചു സമയം ചിരിച്ചും ഒരു ക്യാംപസ് മൂവി പോലെ കണ്ടുമൊക്കെ പോകാവുന്നൊരു സിനിമ എന്നേ അണിയറ പ്രവര്‍ത്തകരും ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളു.

വ്യത്യസ്തമായ ഭാവം വരുത്തേണ്ടുന്ന ഒരേയൊരു കഥാപാത്രം ചെന്താമരയും ഇഷയുമായി വേഷമിട്ട പുതുമുഖതാരം ശ്രീലക്ഷ്മി വിജയനു മാത്രമാണ്. അര്‍ജുന്‍ അശോകനും ബാലു വര്‍ഗ്ഗീസും അല്‍താഫ് സലീമും ശരത് സഭയുമൊക്കെയുള്ള കൂട്ടത്തില്‍ മുഴുനീള കഥാപാത്രമായ ഏക പെണ്‍തരി അന്നമ്മയായി അന്ന സൂസനും പ്രത്യക്ഷപ്പെടുന്നു.

ഭയങ്കരമായ പഴയ കാലമൊന്നുമല്ല, ഏകദേശമൊരു പത്തു വര്‍ഷം വരെയൊക്കെ പഴക്കമുള്ള കാലമേ സിനിമയില്‍ പറയുന്നുള്ളു. അതില്‍ നായകന് കനപ്പെട്ട മുടിയും ജയന്‍ സ്റ്റൈല്‍ കുപ്പായവുമൊക്കെ കൊടുത്തത് ഇത് തീര്‍ത്തുമൊരു ഹാസ്യാനുകരണം കൂടിയാണെന്ന് തിരിച്ചറിയാന്‍ തന്നെയായിരിക്കാം.

അരുണ്‍ ഗോപി എക്‌സൈറ്റ്‌മെന്റ് അഥവാ ഏജിന്റെ ബാനറില്‍ അരുണ്‍ ഗോപിയും ജസ്റ്റിന്‍ ആന്റ് മാത്യു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് മെല്‍കൗ പോണ്ടിച്ചേരി നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ നിഖില്‍ മോഹനോടൊപ്പം സനൂപ് തൈക്കുടമാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. സനൂപിനും സിനിമയില്‍ മുഴുനീള വേഷമുണ്ട്.

ഇലക്ട്രോണിക് കിളിയുടേതാണ് സിനിമയുടെ സംഗീതം. സനീഷ് സ്റ്റാന്‍ലി ക്യാമറയും സാഗര്‍ ദാസ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വളരെ സാധാരണമായതും വലിയ ക്യാന്‍വാസല്ലാത്തതിനാലും ശരാശരിക്കപ്പുറത്തേക്ക് കാര്യമായി ആര്‍ക്കും പ്രയത്‌നിക്കേണ്ടി വന്നിട്ടില്ല.

യൂത്തിനെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഫണ്‍റൈഡ് മൂഡ് കൊടുത്തിട്ടുണ്ട് മെല്‍കൗ പോണ്ടിച്ചേരിക്ക്. അത്തരം രംഗങ്ങളിലെ കളറിംഗ് ശ്രദ്ധേയമാണ്. പോണ്ടിച്ചേരിയുടെ പശ്ചാതലമായതിനാല്‍ ഒന്നാം പകുതിയില്‍ ഏതാണ്ടെല്ലാം സീനുകളിലും മദ്യവും പ്രധാന കഥാപാത്രമാണ്. പ്രതീക്ഷിക്കാത്തൊരു ട്വിസ്റ്റിലാണ് സിനിമ ഒടുവിലെത്തുന്നതെങ്കിലും അത് തങ്ങളെ അത്ഭുതപ്പെടുത്തുമോ എന്ന് പ്രേക്ഷകര്‍ തന്നെ തീരുമാനിക്കണം.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article