പ്രകൃതി വാതകം: വിലയിലെ ചാഞ്ചാട്ടം ഈ വര്‍ഷവും തുടര്‍ന്നേക്കാം

6 months ago 6

വ്യാവസായിക ഡിമാന്റ്, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഉത്പാദന മേഖലയിലെ മാറ്റങ്ങള്‍ എന്നിവയുടെ സ്വാധീനത്തില്‍ പ്രകൃതി വാതകം 2025ലും ആഗോള ഊര്‍ജ ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനം നിലനിര്‍ത്തുന്നു. സമ്പദ്‌വ്യവസ്ഥകള്‍ കൂടുതല്‍ ശുദ്ധമായ ഊര്‍ജ സ്രോതസുകള്‍ തേടുമ്പോള്‍, പാലമായി വര്‍ത്തിക്കുന്നത് ഊര്‍ജോത്പാദനത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കുമൊക്കെ ഉപയോഗിക്കപ്പെടുന്ന പ്രകൃതി വാതകമാണ്.

സപ്ളെ-ഡിമാന്റ്: ആഗോള സന്തുലനം
യൂറോപ്പിലേയും വടക്കേ അമേരിക്കയിലേയും 2024-25 സീസണിലെ തണുപ്പുകാല ആവശ്യമാണ് ആഗോള തലത്തില്‍ പ്രകൃതി വാതകത്തിന്റെ ഡിമാന്റ് വര്‍ധിപ്പിച്ചത്. വിപണിയിലെ പ്രശ്നങ്ങളും സാമ്പത്തിക അനിശ്ചിതത്വവും കാരണം 2025ലെ ബാക്കി മാസങ്ങളില്‍ ഡിമാന്റ് കുറയുമെന്നാണ് അന്തര്‍ദേശീയ ഊര്‍ജ ഏജന്‍സിയായ IEA കരുതുന്നത്. സംഭരണ നിലയിലെ താഴ്ചയും റഷ്യയില്‍ നിന്ന് പൈപ്പ് ലൈനിലൂടെയുള്ള വാതക കയറ്റുമതി കുറയാനിടയായതും വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ദ്രവീകൃത പ്രകൃതി വാതകത്തിലുള്ള (LNG) ആശ്രയം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ ഉത്പാദനവും ഡിമാന്റും
പ്രകൃതി വാതകത്തിന്റ ഏറ്റവും വലിയ ഉത്പാദകരാണ് അമേരിക്ക. ഖനന പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിട്ടും 2025ല്‍ യു.എസിലെ പ്രകൃതി വാതക ഉത്പാദനം റെക്കോഡ് നിലവാരത്തില്‍ തുടരുകയാണ്. ഷേല്‍ വാതക ഖനനത്തിലെ കാര്യക്ഷമതയും സാങ്കേതിക മുന്നേററവുമാണ് ഇതിനു പിന്നില്‍. വ്യാവസായിക ഉപയോഗം, ഊര്‍ജ ഉത്പാദനം, എല്‍എന്‍ജി കയറ്റുമതി സൗകര്യങ്ങളുടെ വികസനം എന്നിവ കാരണം അമേരിക്കയിലെ ആഭ്യന്തര ഉപഭോഗം റെക്കോഡ് ഉയരത്തിലെത്തി. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാഷ്ട്രം എന്ന പദവി നിലനിര്‍ത്തി യുഎസ് ആഗോള തലത്തില്‍ വിതരണം ഭദ്രമാക്കുമെന്നാണ് കരുതുന്നത്.

ചൈനയും ആഗോള ഡിമാന്റും
സാമ്പത്തിക വളര്‍ച്ചയിലെ ഗതി മാന്ദ്യവും യൂറോപ്പില്‍ നിന്നുള്ള എല്‍എന്‍ജി കാര്‍ഗോ രംഗത്തെ മത്സരവും കാരണം 2025ല്‍ ചൈനയില്‍ പ്രകൃതി വാതകത്തിന്റെ ഡിമാന്റ് അല്പം കുറഞ്ഞു. വ്യാവസായിക ഉപയോഗം കാര്യമായി നിലനില്‍ക്കുമ്പോഴും രാജ്യം ഊര്‍ജ മേഖലയില്‍ വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്നുണ്ട്. പുനരുപയോഗിക്കാവുന്ന ഊര്‍ജവും, കല്‍ക്കരിയും ഉപയോഗിച്ച് വാതക ഇറക്കുമതി കുറയ്ക്കാനാണ് ശ്രമം.

റഷ്യയുടെ ഉത്പാദനവും യൂറോപ്പിലേക്കുള്ള കയറ്റുമതിയും
ഉപരോധവും പൈപ്പ് ലൈനിലൂടെ യൂറോപ്പിലേക്കുള്ള കയറ്റുമതിയിലുണ്ടായ കുറവും കാരണം 2025ല്‍ റഷ്യയുടെ പ്രകൃതി വാതക ഉത്പാദനം കുറഞ്ഞു. ഇക്കാരണത്താല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് യുഎസ്, ഖത്തര്‍, ആഫ്രിക്ക എന്നിവടങ്ങളില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നു. ഈ മാറ്റം യൂറോപ്പിലെ ഊര്‍ജ സംവിധാനങ്ങളില്‍ അഴിച്ചുപണി ആവശ്യമാക്കിത്തീര്‍ത്തു. പുതിയ വാതക ടെര്‍മിനലുകളും സംഭരണ സൗകര്യങ്ങളും വേഗത്തില്‍ ഒരുക്കേണ്ടി വന്നു.

തണുപ്പുകാല ആവശ്യങ്ങള്‍ക്കും വ്യാവസായത്തിനും ഉപയോഗിക്കുന്നതിനാല്‍ പ്രകൃതി വാതകത്തിന് യൂറോപ്പില്‍ എന്നും ഡിമാന്റ് കൂടുതലാണ്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞതും പരിമിതമായ ആഭ്യന്തര ഉല്‍പാദനവും മൂലം ഇന്ന് യൂറോപ്പ് പ്രതിസന്ധി നേരിടുകയാണ്. ഈ കുറവു നികത്തുന്നതിനായി അവര്‍ വന്‍തോതില്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നു. ഈ മേഖലയിലെ ഊര്‍ജ സുരക്ഷിതത്വം ആവശ്യപ്പെടുന്നത് വൈവിധ്യവല്‍ക്കരണവും പരമാവധി സംഭരണവും ഡിമാന്റ് ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതുമാണ്.

വിലയിലെ ചലനങ്ങളും പ്രവണതകളും
ഏതാനും വര്‍ഷങ്ങളായി പ്രകൃതി വാതക വില അങ്ങേയറ്റം ചഞ്ചലമായിരുന്നു. റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് 2022ല്‍ രൂപം കൊണ്ട ഊര്‍ജ പ്രതിസന്ധി വിലകള്‍ കുത്തനെ ഉയരാനിടയാക്കിയിരുന്നു. ഉത്പാദനം സാധാരണ നില കൈവരിക്കുകയും എല്‍എന്‍ജിയുടെ സംഭരണക്ഷമത വര്‍ധിക്കുകയും ചെയ്തതോടെ 2023ലും 24ലും വിലകള്‍ സാധാരണനില കൈവരിച്ചു. എന്നാല്‍ 2025 ആയതോടെ ഉത്പാദനം കുറയുകയും സംഭരണ ക്ഷമത കുറയുകയും ഭൗമ സംഘര്‍ഷങ്ങള്‍ രൂപം കൊള്ളുകയും ചെയ്തതോടെ വില കൂടി.

നടപ്പുവര്‍ഷത്തിലെ ബാക്കി മാസങ്ങളില്‍ ഉടനീളം പ്രകൃതി വാതക വില താരതമ്യേന ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യത. യൂറോപ്പ് വാതക സംഭരണത്തിലെ കുറവുനികത്താന്‍ ശ്രമിക്കുകയും എല്‍എന്‍ജി കാര്‍ഗോ രംഗത്ത് മത്സരം ശക്തിയാര്‍ജിക്കുകയും ചെയ്യുന്നതോടെ പ്രകൃതി വാതക വിപണി സമ്മര്‍ദ്ദത്തില്‍ തുടരുമെന്നും വില വര്‍ധിയ്ക്കുമെന്നുമാണ് അന്തര്‍ദേശീയ ഊര്‍ജ്ജ ഏജന്‍സി കരുതുന്നത്. എന്നാല്‍ സാമ്പത്തിക വളര്‍ച്ച തളരുകയും കാലാവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെടുകയും ചെയ്താല്‍ വില സ്ഥിരതയാര്‍ജിക്കുകയും ഒരുപക്ഷേ അല്പം കുറയുകയും ചെയ്തേക്കാം. കിഴക്കന്‍ യൂറോപ്പിലേയും മിഡിലീസ്റ്റിലേയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റത്തെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുക.

Content Highlights: LNG Outlook 2025: Price Volatility and Global Dynamics

ABOUT THE AUTHOR

ഹരീഷ് വി

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ്‌ ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article