ഖത്തറില്‍നിന്ന് ഈയിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. മ്യൂച്വല്‍ ഫണ്ടില്‍നിന്ന് പിന്‍വലിച്ചത് ഉള്‍പ്പടെ 80 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ഉണ്ട്. ജീവിത ചെലവിനായി മാസംതോറും 65,000 രൂപയാണ് പ്രതീക്ഷിക്കുന്നത്. സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍(എസ്.ഡബ്ല്യു.പി) വഴി ക്രമീകരിച്ചാല്‍ ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ ?
25-30 വര്‍ഷക്കാലം മുന്‍കൂട്ടി കണ്ടുകൊണ്ടുവേണം ആസൂത്രണം ചെയ്യാന്‍. 80 ലക്ഷം രൂപയില്‍നിന്ന് എസ്.ഡബ്ല്യു.പി വഴി മാസംതോറും 65,000 രൂപ പിന്‍വലിക്കുന്നുവെന്ന് കരുതുക. അതുപ്രകാരം 7,80,000 രൂപയാണ് ഒരു വര്‍ഷം പിന്‍വലിക്കേണ്ടിവരിക. എസ്.ഡബ്ല്യു.പിയുടെ കാര്യത്തില്‍, നിക്ഷേപിച്ച തുക ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ഉറപ്പുവരുത്തുകയെന്നതാണ് പ്രധാനം. വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതലാണ് പിന്‍വലിക്കുന്ന തുകയെങ്കില്‍ നിക്ഷേപം വേഗം തീരും. അതുകൊണ്ടുതന്നെ റിട്ടേണ്‍, റിസ്‌ക്, കാലയളവ് എന്നിവ പരിഗണിച്ചുവേണം പിന്‍വലിക്കല്‍ ആസൂത്രണം ചെയ്യാന്‍. അതിനായി താഴെ പറയുന്നകാര്യങ്ങള്‍ പരിഗണിക്കാം.
വിലക്കയറ്റം
എല്ലാകാലത്തും നിശ്ചിത തുക പിന്‍വലിക്കുന്ന രീതി പിന്തുടര്‍ന്നാല്‍ ഭാവിയില്‍ ജീവിത ചെലവുകള്‍ക്ക് പണം തികയാതെ വന്നേക്കാം. പിന്‍വലിക്കുന്ന തുക കൂട്ടിയാല്‍ മൊത്തം നിക്ഷേപ തുക പെട്ടെന്ന് തീരാനിടയാകും. ജീവിത ചെലവില്‍ നിശ്ചിത ശതമാനം വര്‍ധന വര്‍ഷംതോറും ഉണ്ടാകുമെന്നകാര്യം കണക്കിലെടുത്ത് പിന്‍വലിക്കുന്ന തുക സംബന്ധിച്ച് തീരുമാനമെടുക്കണം.
റിസ്‌ക്
വിപണിയിലെ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ് മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം. ഇക്വിറ്റി ഫണ്ടുകള്‍ ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന വരുമാനം നല്‍കിയേക്കാം. താരതമ്യേന സ്ഥിരതയുള്ള നേട്ടം നല്‍കുന്ന ഡെറ്റ് ഫണ്ടുകള്‍ക്കാകട്ടെ വിലക്കയറ്റത്തെ അതിജീവിക്കുന്ന നേട്ടം നല്‍കാനുള്ള കഴിവുമില്ല. അതുകൊണ്ടുതന്നെ രണ്ടുംചേര്‍ന്നുള്ള നിക്ഷേപ സമീപനമാകും അനുയോജ്യം.
കാലയളവ്
നിക്ഷേപം 12 ശതമാനം വളരുകയും 10 ശതമാനം പിന്‍വലിക്കുകയും ചെയ്താല്‍ ദീര്‍ഘകാലം നിക്ഷേപ തുക നിലനിര്‍ത്തിക്കൊണ്ടുപോകാം. എട്ട് ശതമാനം വളര്‍ച്ചയും 12 ശതമാനം പിന്‍വലിക്കലുമാണ് നടക്കുന്നതെങ്കില്‍ തുക വേഗം തീര്‍ന്നുപോയേക്കാം. ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള പിന്‍വലിക്കല്‍ സമീപനമാണ് ക്രമീകരിക്കേണ്ടത്.
65,000 വീതം പിന്‍വലിച്ചാല്‍?
നിക്ഷേപത്തില്‍നിന്ന് ആറ് ശതമാനമാണ് റിട്ടേണ്‍ ലഭിച്ചതെങ്കില്‍ 16 വര്‍ഷംകൊണ്ട് തുക തീര്‍ന്നുപോകും. എട്ട് ശതമാനമാണ് നേട്ടം ലഭിക്കുന്നതെങ്കില്‍ 22 വര്‍ഷം കൊണ്ട് പണം തീരും. 10 ശതമാനം ലഭിച്ചാല്‍ 25 വര്‍ഷം പിന്‍വലിക്കല്‍ തുടരാമെന്ന് മാത്രമല്ല, നിക്ഷേപത്തില്‍ 95 ലക്ഷം രൂപ ബാക്കിയുമുണ്ടാകും. 12 ശതമാനം വളര്‍ച്ചയുണ്ടായാല്‍ 25 വര്‍ഷം പിന്‍വലിച്ചുകഴിഞ്ഞാലും 3.50 കോടി രൂപ ബാലന്‍സ് ഉണ്ടാകും. അതേസമയം, പിന്‍വലിക്കല്‍ തുകയില്‍ വര്‍ഷംതോറും ഏഴ് ശതമാനം വര്‍ധന വരുത്തിയാല്‍ 12 ശതമാനം റിട്ടേണ്‍ പ്രകാരം 25 വര്‍ഷം കഴിഞ്ഞാല്‍ 1.18 ലക്ഷം രൂപ മിച്ചമുണ്ടാകും. 10 ശതമാനമാണ് റിട്ടേണ്‍ എങ്കില്‍ 14 വര്‍ഷം പിന്‍വലിക്കാനുള്ള തുകയേ ഉണ്ടാകൂ.
ഉയര്‍ന്ന റിട്ടേണ്‍ നിക്ഷേപ തുക ദീര്‍ഘകാലം നിലനില്‍ക്കാന്‍ സഹായിക്കും. അതേസമയം, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ പിന്‍വലിക്കലിനെ ബാധിക്കുകയും ചെയ്യും.
എങ്ങനെ ക്രമീകരിക്കാം?- തുടക്കത്തില്‍ പിന്‍വലിക്കല്‍ തുക കുറയ്ക്കുകയാണ് ഒരുവഴി. 65,000 രൂപയ്ക്ക് പകരം തുടക്കത്തില്‍ 50,000 രൂപയാക്കാം. നിക്ഷേപ തുക വളരാന്‍ കൂടുതല്‍ സമയം ഇതിലൂടെ ലഭിക്കും.
- വിപണിയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പിന്‍വലിക്കല്‍ ക്രമീകരിക്കാം.
- വര്‍ഷംതോറും പോര്‍ട്‌ഫോളിയോ റീബലാന്‍സ് ചെയ്യാം.
- ഫണ്ടുകളുടെ പ്രകടനം നിശ്ചിത ഇടവേളകളില്‍ അവലോകനം ചെയ്യാം.
വിഭജിച്ച് നിക്ഷേപിക്കാം
ഒരോരുത്തരുടെയും റിസ്‌ക് എടുക്കാനുള്ള കഴിവ് വിലയിരുത്തി ഇക്വിറ്റിയിലും ഡെറ്റിലും നിശ്ചിത ശതമാനം വീതം നിക്ഷേപം ക്രമീകരിക്കുകയെന്നതാണ് മികച്ച വഴി. ഉദാഹരണത്തിന് 50 ശതമാനം ഓഹരിയിലും 50 ശതമാനം ഡെറ്റിലും. വിപണി ഇടിയുന്ന സാഹചര്യമുണ്ടായാല്‍ ഡെറ്റിലെ നിക്ഷേപത്തില്‍നിന്ന് പിന്‍വലിക്കല്‍ ക്രമീകരിക്കാം. നിശ്ചിത അനുപാതത്തില്‍ ഓഹരിയിലും ഡെറ്റിലും നിക്ഷേപം നടത്തുന്ന ഹൈബ്രിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയുമാകാം.
സ്ഥിര നിക്ഷേപ പദ്ധതികളെ മാത്രം ആശ്രയിച്ചാല്‍ (റിട്ടേണ്‍ കുറവായതിനാല്‍) നിക്ഷേപ തുകയില്‍നിന്ന് കൂടുതല്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകും. മികച്ച രീതിയില്‍ ക്രമീകരിച്ചാല്‍ എസ്.ഡബ്ല്യു.പി വഴി പണപ്പെരുപ്പത്തന് അനുസരിച്ചുള്ള നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നകാര്യത്തില്‍ സംശയമില്ല. വിദഗ്ധ ഉപദേശത്തോടെ മാത്രം എസ്.ഡബ്ല്യു.പി ക്രമീകരിക്കുക. വിപണിയിലെ മുന്നേറ്റം നേട്ടമാക്കാനും തകര്‍ച്ചയില്‍ നഷ്ടം കുറയ്ക്കാനും അത് ഉപകരിക്കും.
സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍
നിക്ഷേപത്തിനായി എസ്ഐപിയാണെങ്കില്‍ സമാഹരിച്ച സമ്പത്ത് ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിനായാണ് സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍(എസ്ഡബ്ല്യുപി) പ്രയോജനപ്പെടുത്തുന്നത്. അതായ് എസ്ഐപിയുടെ വിപരീത ദിശയിലുള്ള നീക്കമായി ഇതിനെ വിശേഷിപ്പിക്കാം. എസ്ഡബ്ല്യുപിയിലൂടെ ഓഹരി നിക്ഷേപത്തില്‍നിന്ന് വ്യവസ്ഥാപിതമായി പുറത്തുകടക്കാന്‍ സൗകര്യം ലഭിക്കുന്നു. അതുവരെ ശേഖരിച്ച സമ്പത്തിന്റെ ഒരുഭാഗം മാസംതോറും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നരീതിയാണിത്. ഘട്ടംഘട്ടമായി നിക്ഷേപിച്ച് വിപണിയുടെ ഉയര്‍ച്ചയിലും താഴ്ചയിലും എസ്ഐപിവഴി നേട്ടമുണ്ടാക്കുന്നതുപോലെ, വിപണി ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ എസ്ഡബ്ല്യുപി സഹായിക്കുന്നു. വിപണിയിലെ ഉയര്‍ച്ചതാഴ്ചകള്‍ പ്രവചിക്കാന്‍ കഴിയാത്തതിനാലാണ് ഈ രണ്ട് രീതികളും നിക്ഷേപ ലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത്.
antonycdavis@gmail.com
Content Highlights: How to Set Up an SWP to Withdraw ₹65,000 Monthly from ₹80 Lakhs for Long-Term Financial Security.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·