പ്രതിരോധത്തിന് 1.05 ലക്ഷം കോടിയുടെ പദ്ധതികള്‍, കുതിക്കാന്‍ ഈ ഓഹരികള്‍

6 months ago 7

rafale maritime

റാഫേൽ യുദ്ധവിമാനം | Photo: AP

പ്രതിരോധ സംവിധാനങ്ങള്‍ക്കായി 1.05 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയതോടെ ഡിഫെന്‍സ് ഓഹരികളില്‍ കുതിപ്പ്. പാരാസ് ഡിഫന്‍സ്, ബിഇഎംഎല്‍, ഹിന്ദുസ്ഥാന്‍ എയ്‌റനോട്ടിക്‌സ്, ഭാരത് ഇലക്ട്രോണിക്‌സ് തുടങ്ങിയ ഓഹരികളില്‍ വെള്ളിയാഴ്ച മുന്നേറ്റം പ്രകടമായി. ഇതോടെ ഡിഫന്‍സ് സൂചിക 1.40 ശതമാനം ഉയര്‍ന്നു.

കൂടുതല്‍ നേട്ടമുണ്ടാക്കിയത് പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ് ആണ്. ഓഹരി വില എട്ട് ശതമാനം ഉയര്‍ന്നു. മിശ്ര ധാതു നിഗം, ആസ്ട്ര മൈക്രോവേവ് പ്രൊഡക്ട്‌സ്, ബിഇഎംഎല്‍, യൂണിമെക്ക് എയ്‌റോസ്‌പേസ് ആന്‍ഡ് മാനുഫാക്ടറിങ്, കൊച്ചിന്‍ ഷിപ്പിയാഡ്, ഭാരത് ഡൈനാമിക്‌സ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ്, മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ്, ബിഇഎല്‍ എന്നിവയും നേട്ടമുണ്ടാക്കിയ കമ്പനികളില്‍ ഉള്‍പ്പെടുന്നു.

പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫെന്‍സ് അക്വിസിഷന്‍ കൗണ്‍സി(ഡി.എ.സി)ലാണ് ഈയിടെ 1.05 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കവചിത റിക്കവറി വാഹനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റം, മൂന്ന് സേനകള്‍ക്കുമായുള്ള സംയോജിത നിയന്ത്രണ സംവിധാനം, മിസൈലുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് പണം ചെലവഴിക്കുക.

പ്രതിരോധ നിര്‍മാണ സംവിധാനങ്ങള്‍ സ്വന്തമായി വികസിപ്പിക്കുന്നതിനും നൂതന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതിനാലാണ് ഓഹരികളില്‍ കുതിപ്പുണ്ടായത്. സമീപകാല സംഭവവികാസങ്ങളെ തുടര്‍ന്ന് ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് ലഭിച്ച അംഗീകാരം, കയറ്റുമതി സാധ്യത, നാറ്റോയുടെ പ്രതിരോധ ചെലവിലെ വര്‍ധന, യുറോപ്പിലെ പുനരായുധീകരണ പദ്ധതികള്‍, തദ്ദേശീയമായി ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രോത്സാഹനം എന്നിവ ഈ മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണ്.

കുതിപ്പിന് ഈ ഓഹരികള്‍

ഭാരത് ഡൈനാമിക്‌സ്: മിസൈല്‍ നിര്‍മാണത്തിലെ പ്രധാന കമ്പനി.

ഭാരത് ഇലക്ട്രോണിക്‌സ്: റഡാര്‍ സംവിധാനം, ഇലക്ടോണിക് പ്രതിരോധ സംവിധാനം എന്നിവ ഒരുക്കുന്നതില്‍ മികവ് പ്രകടിപ്പിച്ച കമ്പനി.

കൊച്ചിന്‍ ഷിപ്പിയാഡ്: അന്തര്‍വാഹിനി ഉള്‍പ്പടെയുള്ള കപ്പലുകളുടെ നിര്‍മാണ മികവ്.

മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ്: നശീകരണ ഉപകരണങ്ങളും പ്രതിരോധ കപ്പലുകളും നിര്‍മ്മിക്കുന്നതിര്‍ വിദഗ്ധര്‍.

ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ്: കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പടെയുള്ള പ്രതിരോധ സേനകള്‍ ഉപയോഗിക്കുന്ന പെട്രോളിങ് കപ്പലുകളുടെ നിര്‍മാതാക്കള്‍.

ഇവയോടൊപ്പം പാരാസ് ഡിഫന്‍സ്, ഡാറ്റാ പാറ്റേണ്‍സ്, ആസ്ട്ര മൈക്രോവേവ് പ്രൊഡക്ട്‌സ് തുടങ്ങിയ കമ്പനികളും പ്രതിരോധ മേഖലയില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള കമ്പനികളാണ്.

Content Highlights: India's ₹1.05 Lakh Crore Defense Boost: Top Stocks to Watch

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article