പ്രതിരോധിച്ച് ഇന്ത്യ: ആഗോള അനിശ്ചിതത്വങ്ങള്‍ തുടര്‍ന്നേക്കും

9 months ago 8

യുഎസ് ഓഹരി വിപണിയില്‍ ഈയിടെ കനത്ത തിരുത്തല്‍ പ്രകടമായി. എസ്ആന്റ് പി 10 ശതമാനവും നസ്ദഡാക് 14 ശതമാനവുമാണ് ഇടിഞ്ഞത്. ആഗോള വിറ്റൊഴിക്കലിനിടയില്‍ ഇന്ത്യന്‍ ഓഹരി വിപണി പ്രതിരോധം തീര്‍ക്കുകയും ചെയ്തു. ഈയിടെ ഉണ്ടായ 21,964.6 ന്റെ താഴ്ചയില്‍ നിന്ന് അതിവേഗം കരകയറിയ നിഫ്റ്റി 50 അനായാസം 23,000 പരിധി മറി കടന്നു.

ഡോളര്‍ സൂചിക തുടരെ താഴുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയിലെ ദുര്‍ബലാവസ്ഥയാണ് കാണിക്കുന്നത്. ഇന്ത്യന്‍ വിപണിയുടെ മുന്നേറ്റത്തിന് ഇതും കാരണമായിട്ടുണ്ട്. യുഎസിലെ സാമ്പത്തിക ഏകീകരണത്തെ തുടര്‍ന്ന് സമീപ കാല ഉയരമായ 110ല്‍ നിന്ന് യുഎസ് ഡോളര്‍ 104ല്‍ എത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ പുതിയ നയരേഖ അനുസരിച്ച് 2025 നടപ്പ് വര്‍ഷത്തേക്കുള്ള യുഎസ് ജിഡിപി വളര്‍ച്ചാ അനുമാനം 2.1 ശതമാനത്തില്‍ നിന്ന് 1.7 ശതമാനമായി കുറച്ചിട്ടുണ്ട്.

കര്‍ശന പണനയം നടപ്പാക്കുന്നതില്‍ ഫെഡിന്റെ അലംഭാവം ഡോളര്‍ സൂചിക ഇടിയാനിടയാക്കിയിട്ടുണ്ട്. കടപ്പത്രങ്ങള്‍ വാങ്ങുന്നതിലും മറ്റും നിലവിലുണ്ടായിരുന്ന തുറന്ന വിപണി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഫെഡ് ഈയിടെ പിന്നോട്ടു പോയിരുന്നു. വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കുന്നതിനായിരുന്നു ഇത്. ഉദാര പണനയത്തിന്റെ വിപരീതമായ കര്‍ശന നയങ്ങളില്‍ അയവു വരുത്തിയതോടെ ബാഹ്യ സ്രോതസുകളില്‍ നിന്നുള്ള ഡോളര്‍ ഡിമാന്റ് കുറഞ്ഞു. ഇതര കറന്‍സികളുടെ ഡിമാന്റ് ഇതോടെ വര്‍ധിക്കാനിടയായി. യൂറോപ്യന്‍ യൂണിയനും വികസ്വര വിപണികള്‍ക്കും ഇത് ഗുണകരമായി. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ എസ്ആന്റ്പി യൂറോ, ഹാങ്സെങ് സൂചികകള്‍ യഥാക്രമം 12 ശതമാനം, 20 ശതമാനം വീതം ഉയര്‍ന്നു. ഇന്ത്യന്‍ സൂചികകളിലും ഈ മാറ്റം ദൃശ്യമായി.

ട്രംപിന്റെ തീരുവ സംബന്ധിച്ച നയങ്ങള്‍ ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ യുഎസ് സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. ദീര്‍ഘകാല ലാഭങ്ങള്‍ക്കായി താല്‍ക്കാലിക നഷ്ടങ്ങള്‍ സഹിക്കാമെന്ന മാനസികാവസ്ഥയിലാണ് യുഎസ് ഭരണകൂടം. സാമ്പത്തിക വെല്ലുവിളികള്‍ ആസന്നമാണെന്നവര്‍ കരുതുന്നുണ്ട്. മുന്‍ നിര വ്യാപാര പങ്കാളികളായ ചൈന, യൂറോപ്യന്‍ യൂണിയന്‍, അയല്‍ രാജ്യങ്ങള്‍ എന്നിവരുമായി ഇപ്പോള്‍ നടക്കുന്ന വ്യാപാര യുദ്ധം കാര്യമായ ദോഷം ഉളവാക്കുമെന്നും അടുത്തവര്‍ഷം മാന്ദ്യത്തിനു സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്. സ്റ്റീലിനും അലുമിനിയത്തിനും ഏര്‍പ്പെടുത്തിയ 25 ശതമാനം നികുതി ഇപ്പോള്‍തന്നെ ഈ മേഖലയില്‍ വിലക്കയറ്റം സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ചൈനക്കെതിരായ തീരുവയില്‍ വരുത്തിയ 20 ശതമാനം വര്‍ധന യുഎസില്‍ വിലക്കയറ്റം വര്‍ധിപ്പിക്കുമെന്നു കരുതപ്പെടുന്നു.

നിലവിലുള്ള വ്യവസായങ്ങള്‍ക്ക് സംഭവിക്കാവുന്ന തടസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് കാര്യമായ നഷ്ടമുണ്ടാവാനിടയുണ്ട്. ഹ്രസ്വകാലം മുതല്‍ ഇടക്കാലം വരെ യുഎസ് ഓഹരി വിപണി തിരുത്തലിന്റെ ഘട്ടത്തിലേക്കു കടന്നേക്കും. ധന കമ്മി നിയന്ത്രിക്കുന്നതിന് പണ ചെലവ് കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടു വലിയ്ക്കാനും അതുവഴി വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിയ്ക്കാനും ഇടയുണ്ട്.

യുഎസ് ഓഹരി വിപണി ഒഴികെ മറ്റുവിപണികള്‍ ഇത് അവസരമായാണ് കാണുന്നത്. അവരുടെ ഭരണകൂടങ്ങള്‍ പണമൊഴുക്ക് ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിക്കുകയും പലിശ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്ത് കൂടുതല്‍ പിന്തുണ നല്‍കുന്നു. യൂറോപ്യന്‍ കൊമേഴ്സ്യല്‍ ബാങ്ക് പലിശ നിരക്ക് 2.5 ശതമാനമായി കുറച്ചപ്പോള്‍ ഫെഡ് 4.5ല്‍ തന്നെ നിന്നു. നേരത്തേ സ്വകാര്യ സംരംഭകരെ കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ചൈനീസ് ഗവണ്മെന്റ് ഇപ്പോള്‍ സ്വകാര്യ കോര്‍പറേറ്റുകളോട് കൂടുതല്‍ ഉദാരത പ്രകടിപ്പിക്കുന്നുണ്ട്. ചൈനീസ് സമ്പദ്‌വ്യവസ്ഥ തുടര്‍ച്ചയായി വേഗക്കുറവിനെ നേരിടേണ്ടി വന്നതിനാലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിലപാടു മാറ്റേണ്ടിവന്നത്. കൂടുതല്‍ പണം ചെലവഴിക്കാനും സാമ്പത്തിക വീണ്ടെടപ്പിനുമായി അവര്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു.

ഇന്ത്യയില്‍ വിപണിയുടെ ഇന്നത്തെ കുതിപ്പിന് ആധാരമായ നിരവധി ഘടകങ്ങളുണ്ട്. യുഎസ് ഡോളര്‍ ഇടിയാന്‍ തുടങ്ങിയതോടെ വിദേശ സ്ഥാപന നിക്ഷേപകരുടെ വിറ്റൊഴിക്കല്‍ കുറഞ്ഞു. വ്യക്തിഗത നിക്ഷേപകര്‍ ഓഹരി വാങ്ങുന്നത് തുടരുകയും ചെയ്യുന്നു. കോര്‍പറേറ്റ് ലാഭത്തിലുണ്ടായ കുറവു കാരണം കഴിഞ്ഞ ആറു മാസമായി വിപണിയില്‍ ഏകീകരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. വാല്യുവേഷന്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് ദീര്‍ഘകാല ശരാശരിയിലേക്കു താഴ്ന്നു. ഇതിനുപുറമേ വ്യാപാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുന്നതിന്റെ അടയാളമായി സാമ്പത്തിക സൂചകങ്ങള്‍ പിന്തുണ നല്‍കുന്നുമുണ്ട്. ശക്തമായ പ്രതിമാസ ഐഐപി, പിഎംഐ എന്നിവയും വിലക്കയറ്റത്തിലും ക്രൂഡോയില്‍ വിലയിലുമുണ്ടായ കുറവും അനുകൂല ഘടകങ്ങളായിത്തീര്‍ന്നു. ഏപ്രിലില്‍ ആര്‍ബിഐയുടെ 25 ബിപിഎസിന്റെ രണ്ടാം ഘട്ട പലിശ കുറയ്ക്കല്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഭാവിയില്‍ നിരക്ക് ഇനിയും കുറഞ്ഞേക്കാം.

കോര്‍പറേറ്റ് നേട്ടം വര്‍ധിയ്ക്കുന്നതിന്റെ സൂചനകളുണ്ട്. 2024 സാമ്പത്തിക വര്‍ഷം നാലാം പാദ ഫലങ്ങള്‍ ഏപ്രിലില്‍ പുറത്തു വരുമ്പോള്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ. മൂന്നാം പാദത്തില്‍ ഇന്ത്യയുടെ കോര്‍പറേറ്റ് ലാഭ വളര്‍ച്ച ദീര്‍ഘകാല ശരാശരിയായ 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞു. സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ നാലാം പാദത്തിലെ കോര്‍പറേറ്റ് ലാഭ വളര്‍ച്ച മെച്ചമാകാനാണ് സാധ്യത. എന്നാല്‍ നാലാം പാദത്തിലെ ലാഭ അടിത്തറ ഉയര്‍ന്നതായതിനാല്‍ വളര്‍ച്ച നിയന്ത്രിതമായിരിക്കും. ഓഹരി വിപണിയുടെ പ്രതീക്ഷയനുസരിച്ച് 2026 സാമ്പത്തിക വര്‍ഷം കാര്യമായ ലാഭ വളര്‍ച്ചയ്ക്കു സാധ്യതയുണ്ട്. കോര്‍പറേറ്റ് ലാഭ വളര്‍ച്ച ദീര്‍ഘകാല ശരാശരിയായ 15 ശതമാനമായാല്‍ വിപണിയിലെ കുതിപ്പ് നിലനില്‍ക്കും. ഏപ്രില്‍ 2 മുതല്‍ മറു തീരുവ നടപ്പാക്കുന്നതോടെ അസ്ഥിരതയ്ക്കു സാധ്യതയുണ്ട്. അതേസമയം, ഉഭയകക്ഷി കരാറിലൂടെ ഇതു പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Content Highlights: US banal marketplace correction impacts India`s market. Nifty 50 surpasses 23000 contempt planetary sell-off.

ABOUT THE AUTHOR

വിനോദ് നായര്‍

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article