പ്രതീക്ഷയ്‌ക്കൊത്തുയരാതെ ഒന്നാം പാദഫലങ്ങള്‍: നിരാശയോടെ വിപണി

6 months ago 6

ഗോള വ്യപാര സംഘര്‍ഷങ്ങളുടേയും നിറം മങ്ങിയ ഒന്നാം പാദ ഫലങ്ങളുടേയും പശ്ചാത്തലത്തില്‍ വില്പന സമ്മര്‍ദത്തോടെയായിരുന്നു ജൂലൈ മാസത്തിന്റെ തുടക്കം. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍ നിലവില്‍ വരാന്‍ താമസിക്കുന്നതും അമേരിക്ക ചുങ്കം ഏര്‍പ്പെടുത്തുന്നതിനുള്ള അവസാന തിയതി നീട്ടുന്നതും നിക്ഷേപകരെ കൂടുതല്‍ നിരാശരാക്കി. കാനഡയുടേയും ജപ്പാന്റേയുംമേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയെന്നും ചെമ്പിന്റെ ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയെന്നുമള്ള വാര്‍ത്തകളും 20 രാജ്യങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന ഭീഷണി സ്വരത്തിലുള്ള കത്തുകള്‍ അമേരിക്ക നല്‍കിയതും സാഹചര്യം വഷളാക്കി.

പൊതുവില്‍ വിപണിയുടെ പ്രകടനം നിരാശാജനകമായപ്പോഴും ചില മേഖലകളിലെ ഓഹരികളില്‍ മുന്നേറ്റമുണ്ടായി. പ്രത്യേകിച്ച് ഉപഭോഗ കേന്ദ്രീകൃതമായ എഫ്എംസിജി പോലുള്ള ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. നഗര, ഗ്രാമ ഉപഭോഗത്തില്‍ കാണപ്പെട്ട ഉണര്‍വിന്റെ സൂചനകളും പണപ്പെരുപ്പം കുറയുന്നതും പലിശ നിരക്കുകള്‍ താഴുന്നതും മികച്ച മഴലഭ്യതയും ഈ മുന്നേറ്റത്തിന് സഹായകരമായി. ഇത്തരം അനുകൂല ഘടകങ്ങള്‍ ഈ മേഖലയിലെ കമ്പനികളുടെ ലാഭം ഉയര്‍ത്തുമെന്നും ഉത്പാദന വളര്‍ച്ചയ്ക്കു സഹായിക്കുമെന്നും നിക്ഷേപകര്‍ കരുതുന്നു.

ഐടി ഓഹരികളുടെ പ്രകടനം പൊതുവില്‍ നിരാശാജനകമായിരുന്നു. ഇതിനു കാരണം പ്രമുഖ കമ്പനികളുടെ വരുമാന ഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും ആഗോള സാഹചര്യത്തില്‍ പുതിയ കരാറുകള്‍ നീട്ടിവെയ്ക്കപ്പെട്ടേക്കാം എന്ന ഭീതിയുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വരുമാന പ്രതീക്ഷകള്‍ക്ക് ഇതു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ കമ്പനി ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വരുമാന വളര്‍ച്ച സംബന്ധിച്ചുള്ള കമ്പനികളുടെ വിലയിരുത്തലുകളേയും ഈ മേഖലയില്‍ ഉരുത്തിരിയുന്ന പുതിയ സാഹചര്യങ്ങളേയുമാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ തുടക്കത്തിലെ തിരിച്ചടികള്‍ക്കു ശേഷം ഐടി ഓഹരികള്‍ വില സ്ഥിരത കൈവരിക്കുന്നുണ്ട്. വിപണിയുടെ ചാഞ്ചാട്ടത്തില്‍ വന്ന കുറവും ഇത്തരം ഓഹരികളുടെ യഥാര്‍ഥ മൂല്യം കണ്ടെത്തിയതുമാണ് ഈ വില സ്ഥിരതയ്ക്കു കാരണമായത്. അടുത്ത വര്‍ഷം (2026) ബിസിനസില്‍ ഉണര്‍വുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നിക്ഷേപകര്‍ വിലയിരുത്തുന്നു. നാസ്ഡാക് 100 സൂചിക ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതും ഇതിന്റെ സൂചനയായി കണക്കാക്കുന്നു.

ബാങ്കിംഗ് ഓഹരികളില്‍ വലിയ മുന്നേറ്റം കാണപ്പെടുന്നില്ല. ഹ്രസ്വ കാലത്തേക്ക് ഈ നില തുടരാനാണ് സാധ്യത. കാരണം പലിശ വരുമാനത്തിലുണ്ടായേക്കാവുന്ന കുറവും വായ്പാ വളര്‍ച്ചയില്‍ കാണപ്പെടുന്ന മാന്ദ്യവും ബാങ്കുകളുടെ ലാഭ ക്ഷമതയെ ബാധിക്കാം. ബാങ്കിംഗ് ഓഹരികളുടെ ഉയര്‍ന്ന വിലയും മറ്റൊരു പ്രധാന തടസ്സമാണ്. അതിനാല്‍ ഇത്തരം ഓഹരികളില്‍ ഉടനടി മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ അനുകൂല തീരുമാനങ്ങള്‍ ദീര്‍ഘകാലയളവില്‍ ബാങ്കിംഗ് മേഖലയെ ആകര്‍ഷണീയമാക്കി മാറ്റാം. അതിനാല്‍ ബാങ്കിങ് ഓഹരികളില്‍ ശുഭാപ്തി വിശ്വാസം തുടരാം. ബാങ്കിംഗ് ആസ്തികളുടെ നിലവാരം ഉയര്‍ന്നതും ക്രെഡിറ്റ് -ഡിപ്പോസിറ്റ് റേഷ്യോയിലുണ്ടായ വളര്‍ച്ചയും ഇതിനു പ്രധാന കാരണങ്ങളാണ്.

വിപണി കഴിഞ്ഞാഴ്ച ഭാഗികമായ തിരിച്ചു വരവിനു ശ്രമിച്ചിരുന്നു. അമേരിക്കയുമായി ഒരു ഇടക്കാല വ്യാപാര ഉടമ്പടിയിലേര്‍പ്പെടാന്‍ സാധിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസവും ആഭ്യന്തര പണപ്പെരുപ്പത്തിലുണ്ടായ ഗണ്യമായ കുറവും ഇതിനു പ്രേരകമായി. കുറയുന്ന പണപ്പെരുപ്പം റിപ്പോ നിരക്കുകള്‍ കുറയ്ക്കുവാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുമെന്നും ഇതോടെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുമെന്നും വിപണി പ്രതീക്ഷിക്കുന്നു. എന്നാല്‍ വലിയ പ്രതീക്ഷ നല്‍കാത്ത ഒന്നാം പാദ ഫലങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇന്ത്യന്‍ ഓഹരികളുടെ ഉയര്‍ന്ന മൂല്യ നിര്‍ണ്ണയവും സാഹചര്യങ്ങള്‍ പ്രതികൂലമാക്കി. ഓരോ മേഖലയേയും കമ്പനികളേയും പ്രത്യേകം പ്രത്യേകം വിലയിരുത്താനാണ് നിക്ഷേപകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അവയുടെ വരുമാന വളര്‍ച്ചയും തിരിച്ചുവരവിനുള്ള ശേഷിയും എത്രത്തോളമാണെന്നാണ് അവര്‍ പരിശോധിക്കുന്നത്. മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികളില്‍ നേരിയ മുന്നേറ്റം പ്രകടമായിരുന്നു.

ഇന്ത്യയുടെ പ്രധാന സാമ്പത്തിക വളര്‍ച്ചാ സൂചകങ്ങള്‍ മികച്ച നിലയിലാണെന്നത് ഈ മാസം നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. കുറയുന്ന പണപ്പെരുപ്പം, താഴുന്ന പലിശ നിരക്ക്, മികച്ച മഴ ലഭ്യത, ക്രൂഡോയില്‍ വിലയിലുണ്ടായ കുറവ് എന്നിവ എടുത്തു പറയണം. കഴിഞ്ഞ എട്ടു മാസമായി തുടര്‍ച്ചയായി പണപ്പെരുപ്പം കുറയുന്നത് വിപണിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ഒന്നാം പാദ ഫലങ്ങള്‍ സംബന്ധിച്ച് നിക്ഷേപകരുടെ ഇടയില്‍ ശുഭപ്രതീക്ഷയും ആശങ്കയും ഒരു പോലെ നിലനില്‍ക്കുന്നു. കാരണം ലാഭക്കണക്കുകളില്‍ ഒരു കുതിപ്പുണ്ടാവേണ്ടത് ഉയര്‍ന്ന വിലനിലവാരത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് അത്യാവശ്യമാണ്.

Content Highlights: Market Outlook: Q1 Earnings Disappoint Amidst Global Trade Tensions

ABOUT THE AUTHOR

വിനോദ് നായര്‍

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article