Published: October 01, 2026 09:19 PM IST Updated: October 01, 2026 11:02 PM IST
1 minute Read
ന്യൂ ചണ്ഡിഗഡ്∙ ഗുവാഹത്തിയിൽ നടന്ന വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ പരുക്കേറ്റ പേസർ പ്രസിദ്ധ് കൃഷ്ണ ഇന്ത്യൻ ടീമിൽനിന്നു പുറത്ത്. ശനിയാഴ്ച ന്യൂ ചണ്ഡിഗഡിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരം താരത്തിന് നഷ്ടമാകും. പ്രസിദ്ധിനു പകരക്കാരനായി ഹരിയാന താരം അൻഷുൽ കംബോജിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് അനുഷുൽ കംബോജ്.
What you should work next
ഗുവാഹത്തി ഏകദിനത്തിൽ അഞ്ച് ഓവർ മാത്രം എറിഞ്ഞ പ്രസിദ്ധ് 45 റൺസ് വഴങ്ങി കെയ്സി കാർട്ടിയുടെ വിക്കറ്റ് വീഴ്ത്തിയിരുന്നു. തുടർന്ന് പേശിവലിവ് അനുഭവപ്പെട്ട താരം ഇന്നിങ്സിലെ 31-ാം ഓവറിൽ മൈതാനം വിട്ടു. സ്വദേശമായ ബെംഗളൂരുവിലേക്ക് മടങ്ങിയ പ്രസിദ്ധ് കൃഷ്ണയ്ക്ക്, ഒക്ടോബർ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയുടെ ആദ്യ റൗണ്ട് മത്സരങ്ങളും നഷ്ടമായേക്കുമെന്നാണ് വിവരം. പകരക്കാരനായി പ്രഖ്യാപിച്ച കംബോ,ജ് പുതുച്ചേരിയിൽ നടക്കുന്ന ഇന്ത്യ എ - ഓസ്‌ട്രേലിയ എ ചതുർദിന മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെനിന്നും താരത്തെ പിൻവലിച്ച് ന്യൂ ചണ്ഡിഗഡിലേക്ക് അയക്കുകയായിരുന്നു.
ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ കംബോജ്, രണ്ടാം മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിലും മൂന്നു വിക്കറ്റ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ രണ്ട് ഓവർ മാത്രം എറിഞ്ഞ ശേഷമാണ് താരം ദേശീയ ടീമിലേക്ക് വരുന്നത്. ഇതുവരെ ഏകദിന മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത കംബോജ്, 35 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 22.41 ശരാശരിയിൽ 56 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലാണ് താരം ഇന്ത്യക്കായി ഏക ടെസ്റ്റ് മത്സരം കളിച്ചത്. തിരക്കേറിയ മത്സരക്രമം കാരണം ഇന്ത്യ പ്രമുഖ താരങ്ങളെ വിവിധ ടീമുകളിലായി വിഭജിച്ചിരിക്കുകയാണ്. ഇന്ത്യൻ ടീമിന്റെ പ്രധാന പേസറായ ജസ്പ്രീത് ബുമ്ര, ഏഷ്യൻ ഗെയിംസിനായി ജപ്പാനിലാണ്. നിലവിൽ കംബോജിനെക്കൂടാതെ മുഹമ്മദ് സിറാജ്, ആക്വിബ് നബി, ഗുർനൂർ ബ്രാർ എന്നിവരാണ് ഏകദിന സ്ക്വാഡിലുള്ള മറ്റു പേസർമാർ.
∙ വാഷിങ്ടനെ പിൻവലിച്ചുമറ്റൊരു സുപ്രധാന മാറ്റത്തിൽ, വെസ്റ്റിൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനെ ഒഴുവാക്കി. പഞ്ചാബ് താരം നമൻ ധീറാണ് പകരക്കാരൻ. വരാനിരിക്കുന്ന ന്യൂസീലൻഡ് ടെസ്റ്റ് പരമ്പര മുൻനിർത്തിയാണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു. ഒക്ടോബർ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി സീസണിൽ വാഷിങ്ടൻ കളിക്കും. ഏഷ്യൻ ഗെയിംസ് ഇന്ത്യൻ ടീമിന്റെ ഭാഗമായ വാഷിങ്ടൻ സുന്ദർ, തമിഴ്‌നാടിനായി രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരം കളിച്ചേക്കും. ഒക്ടോബർ 22ന് ആരംഭിക്കുന്ന ന്യൂസീലൻഡ് പര്യടനത്തിൽ ഇന്ത്യ അഞ്ച് ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് കളിക്കുക.
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ അരങ്ങേറ്റം കുറിച്ച നമൻ ധീറിന് ആദ്യമായാണ് ട്വന്റി20 ടീമിലേക്ക് വിളിയെത്തുന്നത്. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരത്തിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. പരമ്പരയിൽ താരത്തിന് വിക്കറ്റൊന്നും നേടാനുമായിരുന്നില്ല.
English Summary:






English (US) ·