ഫെഡില്‍ കുതിച്ച് വിപണി: റാലിയുടെ സൂചനയോ, സാധ്യതകള്‍ വിലയിരുത്താം

10 months ago 8

ണ്ട് ദിവസം മുമ്പ് തുടങ്ങിയ മുന്നേറ്റം വ്യാഴാഴ്ചയോടെ ശക്തിയാര്‍ജിച്ചു. പ്രതീക്ഷിച്ചതു പോലെ യു.എസ് കേന്ദ്ര ബാങ്കായ ഫെഡ് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയതാണ് ഒടുവിലത്തെ കുതിപ്പിന് പിന്നില്‍. ഈ വര്‍ഷം രണ്ട് തവണയെങ്കിലും നിരക്ക് കുറച്ചേക്കുമെന്ന സൂചനയും വിപണിക്ക് തുണയായി.

ബുധനാഴ്ച വാള്‍സ്ട്രീറ്റിലുണ്ടായ നേട്ടമാണ് വ്യാഴാഴ്ച ആഭ്യന്തര സൂചികകളിലേയ്ക്കും പടര്‍ന്നത്. എസ്ആന്‍ഡ്പി 500 സൂചിക 1.08 ശതമാനവും നാസ്ദാക് 1.41 ശതമാനവുമാണ് മുന്നേറ്റം നടത്തിയത്. സെന്‍സെക്‌സാകട്ടെ 900 പോയന്റിലേറെ ഉയര്‍ന്നു. നിഫ്റ്റി 23,160 നിലവാരത്തിലെത്തുകയും ചെയ്തു.

തുടര്‍ച്ചയായ ദിവസങ്ങളിലെ കുതിപ്പിനോടൊപ്പം യുഎസിലെ നേട്ടം ഒരു ഘടകമായെന്നു മാത്രം. ആഭ്യന്തര സൂചനകളും വ്യത്യസ്ത ദിവസങ്ങളില്‍ അതോടൊപ്പം ചേര്‍ന്നതായി കാണാം. അഞ്ച് മാസത്തെ തകര്‍ച്ചയുടെ കാലത്തിനു ശേഷം മാര്‍ച്ചില്‍ മാത്രം നിഫ്റ്റി ഇതുവരെ മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

കാരണങ്ങളിലേയ്ക്കു വരാം
തിരുത്തലുകളെ തുടര്‍ന്ന് ഓഹരികള്‍ ഉയര്‍ന്ന മൂല്യത്തില്‍നിന്ന് കുറച്ചെങ്കിലും ഇടിവ് നേരിട്ടിട്ടുണ്ട്. മികച്ച ഓഹരികള്‍ തരക്കേടില്ലാത്ത മൂല്യത്തില്‍ നിക്ഷേപകര്‍ക്ക് മുന്നിലിപ്പോഴുണ്ട്. പ്രത്യേകിച്ച് ഇടത്തരം-ചെറുകിട ഓഹരികള്‍. ഈ അവസരം പ്രയോജനപ്പെടുത്താന്‍ വലിയൊരു വിഭാഗം നിക്ഷേപകര്‍ രംഗത്തു വന്നേക്കാമെന്നത് അനുകൂലമായ ഘടകമാണ്.

സാമ്പത്തിക സൂചകങ്ങള്‍
സമീപകാല സാമ്പത്തിക സ്ഥിതിവിവര ക്കണക്കുകള്‍ വിപണി വികാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്നുവേണം പറയാന്‍. വളര്‍ച്ചയുടെ വേഗം കുറയുന്നതിന്റെ ആശങ്കകള്‍ ഒരു പരിധിവരെ ഒഴിവായിപോകുന്നതിന്റെ സൂചനകളായി ഇതിനെ കാണുന്നതില്‍ തെറ്റില്ല. ഡിസംബര്‍ പാദത്തില്‍ രാജ്യത്തെ ജിഡിപി 6.2 ശതമാനമായി. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ജനുവരിയിലെ 4.26 ശതമാനത്തില്‍നിന്ന് ഫെബ്രുവരിയില്‍ 3.61 ശതമാനമായി. വ്യാവസായിക ഉത്പാദന സൂചിക (ഐഐപി) മുന്‍ മാസത്തെ 3.2 ശതമാനത്തില്‍നിന്ന് ജനുവരിയില്‍ അഞ്ച് ശതമാനം വര്‍ധിച്ചു.

ആര്‍ബിഐയുടെ നീക്കം
മാര്‍ച്ചിലെ യോഗത്തില്‍ യു.എസ് ഫെഡ് തല്‍സ്ഥിതി നിലനിര്‍ത്തുകയാണ് ചെയ്തത്. ഈ വര്‍ഷം രണ്ട് തവണ നിരക്ക് കുറച്ചേക്കുമെന്ന സൂചന നല്‍കുകയും ചെയ്തു. പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ വളര്‍ച്ച ലക്ഷ്യമിട്ട് റിസര്‍വ് ബാങ്കും ഏപ്രിലിലെ യോഗത്തില്‍ നിര്ക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വരുമാന പ്രതീക്ഷകള്‍
വൈകാതെ കോര്‍പറേറ്റ് വരുമാനത്തില്‍ മുന്നേറ്റം വിപണി പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ പാദങ്ങളിലെ ദുര്‍ബല സാഹചര്യം മാറുമെന്നാണ് വിപണി കരുതന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍തന്നെ അതുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത ഒരു വര്‍ഷത്തിനിടെ 12-14 ശതമാനം വരുമാന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

വിദേശ നിക്ഷേപം
തുടര്‍ച്ചയായ വിറ്റൊഴിയലിന്റെ കാലം അവസാനിക്കുകയാണോ? കഴിഞ്ഞ ദിവസം(മാര്‍ച്ച് 18) വിദേശികള്‍ അറ്റ വാങ്ങലുകാരാകുകയും ചെയ്തു. ഈ സൂചന അത്രതന്നെ അവഗണിക്കാനാവാത്തതാണ്. എങ്കിലും കഴിഞ്ഞ ദിവസം 1,096 കോടി രൂപ മൂല്യമുള്ള ഓഹരികളുടെ അറ്റവില്പനയും അവര്‍ നടത്തി. എങ്കിലും നിക്ഷേപ ആഭിമുഖ്യത്തില്‍ വ്യതിയാനമുണ്ടാകുന്നതിന്റെ സൂചനകള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ട്.

കറന്‍സി മൂല്യം
ഡോളര്‍ സൂചിക ദുര്‍ബലമായത് വിപണിക്ക് നേട്ടമായി. അഞ്ച് മാസത്തെ താഴ്ന്ന നിലവാരത്തിലാണ് സൂചികയിപ്പോള്‍. അതോടെ രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടാകുകയും ചെയ്തു. തുടര്‍ച്ചയായി ആറാമത്തെ ദിവസവും രൂപയ്ക്ക് നേട്ടമുണ്ടാക്കാനായി. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതോടെ കയറ്റുമതിക്കാര്‍ ഡോളര്‍ വിറ്റഴിച്ചത് രൂപയ്ക്ക് തുണയായി എന്നുവേണം കരുതാന്‍.

മുന്നേറ്റം തുടരുമോ?
വ്യത്യസ്ത കാരണങ്ങള്‍കൊണ്ടുള്ള സമീപ കാലയളവിലെ മുന്നേറ്റം റാലിയായി പിരണമിക്കുമെന്ന് കരുതാനാവില്ല. എങ്കിലും നിക്ഷേപകരുടെ ആത്മവിശ്വാസം താത്കാലികമായെങ്കിലും ഉയര്‍ത്താന്‍ നേട്ടത്തിന് കഴിഞ്ഞിട്ടുണ്ട്. വരാനിരിക്കുന്ന പ്രതീക്ഷകളിലാണ് വിപണിയിപ്പോള്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതേസമയം, ട്രംപിന്റെ താരിഫ് നയം ഉള്‍പ്പെടയുള്ള ആഗോള അനിശ്ചിതത്വങ്ങള്‍ വിപണിയില്‍ ഇപ്പോഴും സജീവവുമാണ്.

അടിസ്ഥാന ഘടകങ്ങളില്‍ പ്രകടമായ മാറ്റമുണ്ടാകാത്തിടത്തോളം വിപണിയില്‍ കാര്യമായ റാലി പ്രതീക്ഷിക്കാനാവില്ല. വ്യത്യസ്ത കാരണങ്ങളാണ് ഓരോ ദിവസവും വിപണിയെ മുന്നേറ്റത്തിനൊരുക്കിയത്. സാമ്പത്തിക സൂചകങ്ങള്‍ ഉള്‍പ്പടെ ശക്തമായ സ്ഥിതിയിലേക്ക് ഇനിയും എത്തിയിട്ടില്ലെന്ന വാസ്തവം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇടക്കിടെയുണ്ടാകുന്ന നേട്ടം വലിയൊരു മുന്നേറ്റത്തിന്റെ തുടക്കമായി കാണേണ്ടതില്ല.

Content Highlights: Stock Market Sees Strong Rally Driven by Fed's Decision – Is the Upward Trend Here to Stay?

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article