ഫോബ്‌സ് സമ്പന്ന പട്ടിക: മലയാളികളിൽ ഒന്നാമനായി ജോയ് ആലുക്കാസ്

4 months ago 5

ഫോബ്‌സിന്റെ റിയൽ ടൈം ആഗോള ശതകോടീശ്വര പട്ടികയിൽ മലയാളി അതിസമ്പന്നരിൽ പ്രമുഖ ജൂവലറി ശൃംഖലയായ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ജോയ് ആലുക്കാസ് ഒന്നാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ ആസ്തി 6.7 ബില്യൺ (670 കോടി) ഡോളർ ആയി ഉയർന്നതോടെയാണ് ഇത്. അതായത്, ഏതാണ്ട് 59,000 കോടി രൂപ. 2025 ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടിക പ്രകാരം 3.3 ബില്യൺ (330 കോടി) ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തിമൂല്യം. അതിൽ നിന്ന് ഇരട്ടിയിലേറെയായാണ് ആസ്തി ഇപ്പോൾ ഉയർന്നിരിക്കുന്നത്.

മലയാളികളിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 5.4 ബില്യൺ (540 കോടി) ഡോളർ ആണ് യൂസഫലിയുടെ ആസ്തി. അതായത്, ഏതാണ്ട് 47,550 കോടി രൂപ.

ജെംസ് എജുക്കേഷൻ ചെയർമാൻ സണ്ണി വർക്കി, ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, കല്യാൺ ജൂവലേഴ്‌സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ, ശോഭ ഗ്രൂപ്പ് സ്ഥാപകൻ പി.എൻ.സി. മേനോൻ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, കെയ്ൻസ് ഗ്രൂപ്പ് സ്ഥാപകൻ രമേശ് കുഞ്ഞിക്കണ്ണൻ, മുത്തൂറ്റ് ഫിനാൻസിന്റെ പ്രൊമോട്ടർമാരായ ജോർജ് ജേക്കബ് മുത്തൂറ്റ്, സാറാ ജോർജ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ബുർജീൽ ഹോൾഡിങ്‌സിന്റെ ചെയർമാൻ ഡോ. ഷംഷീർ വയലിൽ, ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ, വി-ഗാർഡ് ഗ്രൂപ്പ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണ് ഫോബ്‌സിന്റെ ആഗോള റിയൽടൈം സമ്പന്ന പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ.

ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് എന്നിവയുടെ മേധാവി ഇലോൺ മസ്‌ക് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 463.2 ബില്യൺ ഡോളർ (ഏതാണ്ട് 40.76 ലക്ഷം കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യക്കാരിൽ 104 ബില്യൺ ഡോളറിന്റെ (ഏതാണ്ട് 9.15 ലക്ഷം കോടി രൂപ) ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്.

Content Highlights: Joy Alukkas Tops Forbes Real-Time Billionaire List Among Keralites

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article