Published: October 01, 2026 08:37 AM IST
1 minute Read
കോപ്പൻഹേഗൻ∙ പരിശീലകൻ ഹോർഹെ ജിസസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം ക്യാംപ് വിട്ടു. പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് പെട്രോ പ്രോൻസയോടു സംസാരിച്ച ശേഷമാണ് മടങ്ങിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി. ഇതോടെ ടീമിൽ വെറ്ററൻ താരത്തിന്റെ സ്ഥാനത്തെച്ചൊല്ലി വീണ്ടും ചർച്ചകൾ സജീവമായി. ടീം വിട്ട സാഹചര്യത്തെക്കുറിച്ചു പോർച്ചുഗലിലെ ജനങ്ങളോടു വിശദീകരിക്കുമെന്ന് റൊണാൾഡോ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ വ്യക്തമാക്കി.
What you should work next
‘‘ദേശീയ ടീം പരിശീലകന്റെ വാർത്താ സമ്മേളനത്തിനു ശേഷം, പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്‍ പ്രസിഡന്റിനോട് ചർച്ച നടത്തിയാണ് ഞാൻ ദേശീയ ടീം ക്യാംപ് വിട്ടത്. അതിനു പിന്നിലെ കാരണമെന്താണെന്നു പോർച്ചുഗലിലെ ആളുകളെ ഞാൻ അറിയിക്കും. ഇപ്പോൾ പോർച്ചുഗൽ ടീമിനും എന്റെ സഹതാരങ്ങൾക്കും ആശംസകൾ അറിയിക്കുന്നു.’’– റൊണാൾഡോ പ്രതികരിച്ചു.
പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലും നോർവേയും തമ്മിലുള്ള മത്സരത്തിനിടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. കുറച്ചു ദിവസങ്ങൾക്കു മുന്‍പ് വെയിൽസിനെതിരായ മത്സരത്തിൽ മുഴുവൻ സമയവും റൊണാൾഡോയ്ക്ക് ബഞ്ചിലായിരുന്നു സ്ഥാനം. ഹാഫ് ടൈമിൽ താരം വാം അപ് ചെയ്തെങ്കിലും പോർച്ചുഗൽ ടീം തകർത്തുകളിച്ചതോടെ റൊണാൾഡോയെ കളിക്കാൻ ഇറക്കിയില്ല. റൊണാൾഡോയ്ക്കു പകരം ഗോൺസാലോ റാമോസ് ഫോർവേഡായി തിളങ്ങിയ പോരാട്ടത്തിൽ പോർച്ചുഗൽ 2–1ന് വിജയിക്കുകയും ചെയ്തു. മത്സര ശേഷം അസ്വസ്ഥനായ റൊണാൾഡോ താരങ്ങൾക്കൊപ്പം ചേർന്ന് ആരാധകരെ അഭിവാദ്യം ചെയ്യാതെ ഗ്രൗണ്ട് വിടുകയായിരുന്നു.
What you should work next
ടീം സിലക്ഷനെക്കുറിച്ച് ചോദിച്ചപ്പോൾ മറ്റു താരങ്ങൾക്കുള്ള പരിഗണന മാത്രമാണ് റൊണാൾഡോയ്ക്കുമെന്ന് പരിശീലകൻ ഹോർഹെ ജീസസ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ‘‘അദ്ദേഹത്തിന്റെ പ്രകടനം മാത്രമാണ് ഇവിടെ പ്രധാനം. മുൻപുള്ള കാര്യങ്ങൾ പ്രസക്തമല്ല. മറ്റു പോർച്ചുഗൽ താരങ്ങളെപ്പോലെ ഒരാൾ മാത്രമാണ് റൊണാൾഡോയും. അദ്ദേഹം നന്നായി കളിച്ചാൽ ടീമിലുണ്ടാകും. അല്ലെങ്കിൽ ഇവിടെ സ്ഥാനമുണ്ടാകില്ല.’’– പോർച്ചുഗൽ കോച്ച് തുറന്നടിച്ചു. ഇതിനു പിന്നാലെ പോർച്ചുഗൽ താരങ്ങൾക്കൊപ്പം പരിശീലിക്കാൻ തയാറാകാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ ജിം സെഷനും ഒഴിവാക്കി. താരം പരിശീലിക്കാൻ ഇറങ്ങുമെന്ന് കോച്ച് പറഞ്ഞെങ്കിലും അതുണ്ടായില്ല.
ടീമിൽ പ്രശ്നങ്ങളുണ്ടായതോടെ പരിഹാരത്തിനായി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോൻസ സ്കാന്‍ഡിനേവിയയിൽ എത്തി ഇരുവരുമായും ചർച്ചകൾ നടത്തി. എന്നാൽ പരിശീലകനെന്ന നിലയിൽ എല്ലാ തീരുമാനങ്ങളും സ്വയം എടുക്കുമെന്ന് ഹോർഹെ ജീസസ് പിന്നീട് പ്രഖ്യാപിച്ചു. ‘‘ഒരു പ്രശ്നം പോലും ഇവിടെയില്ലാതിരുന്നിട്ടും ക്രിസിനോട് സംസാരിക്കാൻ അവർ എന്നെ നിര്‍ബന്ധിക്കുന്നു. എന്താണു സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഞാനാണ് ടീമിന്റെ പരിശീലകൻ. താരങ്ങൾ കളിക്കില്ലെങ്കിൽ അതു പറയേണ്ടത് ഞാനാണ്. താരങ്ങളെ ബഞ്ചിൽ ഇരുത്താനും 30 മിനിറ്റിനു ശേഷം ആവശ്യമെങ്കിൽ കളിപ്പിക്കാനും ഞാൻ ശ്രമിക്കും. എനിക്ക് വേണ്ടെങ്കിൽ അവരെ പുറത്തിരുത്തും. രണ്ടു മത്സരങ്ങളിൽ കളിപ്പിക്കില്ലെന്ന് ഞാൻ ക്രിസിനോടു പറഞ്ഞതാണ്. ഇടയ്ക്ക് മാറ്റം വേണമെന്നു തോന്നിയപ്പോൾ അദ്ദേഹത്തോട് വാം അപ് ചെയ്യാൻ പറഞ്ഞു. 20–30 മിനിറ്റ് വാംഅപ് ചെയ്തിട്ട് കളിക്കാൻ ഇറക്കിയില്ലെങ്കിൽ ഒരു താരത്തിനും സന്തോഷമുണ്ടാകില്ല. അത് പെലെയാണെങ്കിലും മറഡോണയാണെങ്കിലും അങ്ങനെ തന്നെയായിരിക്കും. പ്രസിഡന്റല്ല ആരു വന്നാലും എന്റെ തീരുമാനങ്ങള്‍ ഞാൻ മാറ്റില്ല.’’– പരിശീലകൻ തുറന്നടിച്ചു. ഇതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കി റൊണാൾഡോ ക്യാംപിൽനിന്ന് ഇറങ്ങിപ്പോയത്.
English Summary:






English (US) ·