Published: October 24, 2026 08:03 AM IST Updated: October 24, 2026 10:28 AM IST
1 minute Read
ക്രൈസ്റ്റ്ചർച്ച് ( ന്യൂസീലൻഡ്) ∙ ബാറ്റിങ് നിരയുടെ ആളിക്കത്തലിൽ ഒന്നാം ട്വന്റി20 മത്സരം പിടിച്ചെടുത്ത ഇന്ത്യൻ ടീമിന് ഇന്ന് രണ്ടാം കിവിപ്പരീക്ഷ. ബാറ്റിങ്ങിൽ കാര്യമായ വെല്ലുവിളികൾ ഇല്ലെങ്കിലും രണ്ടാം അങ്കത്തിനിറങ്ങുമ്പോൾ ബോളർമാരുടെ മോശം പ്രകടനമാണ് ഇന്ത്യൻ ടീമിന്റെ ആശങ്ക. ആദ്യ ട്വന്റി20ക്കിടെ പരുക്കേറ്റ ഇഷാൻ കിഷൻ ഇന്നത്തെ മത്സരത്തിനുണ്ടാകില്ല. ഇതോടെ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ടീമിൽ എത്തിയേക്കും. മത്സരം ഉച്ചകഴിഞ്ഞ് 12.30 മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം. ആദ്യ മത്സരം 4 വിക്കറ്റിന് ജയിച്ച ഇന്ത്യ 5 മത്സര പരമ്പരയിൽ 1–0നു മുന്നിലാണ്.
What you should work next
കരുത്തോടെ ബാറ്റിങ്226 റൺ ലക്ഷ്യം 19.4 ഓവറിൽ മറികടന്ന റെക്കോർഡ് പ്രകടനത്തോടെയാണ് ഇന്ത്യൻ ബാറ്റിങ് നിര ആദ്യ മത്സരത്തിൽ കരുത്തുകാട്ടിയത്. ഓപ്പണർമാരായ അഭിഷേക് ശർമയും സഞ്ജു സാംസണും ചേർന്ന് 94 റൺസാണ് പവർപ്ലേയിൽ അടിച്ചു കൂട്ടിയത്. മികച്ച ഫോമിലുള്ള ഇന്ത്യൻ ടോപ് ഓർഡറിനെ തുടക്കത്തിലെ പുറത്താക്കി മത്സരത്തിൽ പിടിമുറുക്കാനാകും ന്യൂസീലൻഡ് ശ്രമിക്കുക. മധ്യ ഓവറുകളിൽ ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും മൈക്കൽ ബ്രേസ്‌വെലും നടത്തുന്ന സ്പിൻ ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. രണ്ടാം മത്സരത്തിലും ഇരുവരും മികച്ച ഫോമിൽ പന്തെറിഞ്ഞാൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. മധ്യനിരയുടെ തകർച്ചയിലും പതറാതെ പിടിച്ചുനിന്ന അക്ഷർ പട്ടേലിന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച നമൻ ധിറിന്റെയും സാന്നിധ്യം ഇന്ത്യയ്ക്ക് ആശ്വാസമാണ്.
പ്രശ്നം ബോളിങ്സ്ഥിരതയില്ലാത്ത ബോളിങ് നിരയാണ് ഇന്ത്യൻ നിരയെ കുഴയ്ക്കുന്ന പ്രശ്നം. മുൻനിര ബോളർമാരൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. 4 വർഷത്തെ ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാർ ഉൾപ്പെടെയുള്ള പേസർമാർക്ക് ആദ്യ ട്വന്റി20യിൽ താളംകണ്ടെത്താൻ സാധിച്ചില്ല. സ്പിന്നർമാർ കൂടി നിരാശപ്പെടുത്തിയതോടെ, ഒന്നാം ട്വന്റി20യിൽ കിവീസ് അനായാസം 200നു മുകളിൽ സ്കോർ ചെയ്തു. ഈ പിഴവുകൾ ഇന്നത്തെ മത്സരത്തിൽ ഒഴിവാക്കാനാകും ബോളിങ് നിരയുടെ ശ്രമം.
തിരിച്ചുവരാൻ കിവീസ്ആദ്യ മത്സരത്തിൽ തോറ്റെങ്കിലും ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപിടി മികച്ച പ്രകടനങ്ങൾ നടത്തിയ താരങ്ങളിലാണ് ന്യൂസീലൻഡിന്റെ പ്രതീക്ഷ. ഗ്ലെൻ ഫിലിപ്സിന്റെയും ഫിൻ അലന്റെയും മിന്നും ഫോമിനൊപ്പം കൂറ്റനടിക്കു ശേഷിയുള്ള ഒരുപിടി താരങ്ങൾ ന്യൂസീലൻഡ് ബാറ്റിങ് നിരയിലുണ്ട്. ബോളിങ്ങിൽ മിച്ചൽ സാന്റ്നറും മൈക്കൽ ബ്രേസ്‌വെലും നിർണായക ഘട്ടത്തിൽ വിക്കറ്റുകൾ നേടാൻ ശേഷിയുള്ളവരാണ്.
വരുമോ വൈഭവ്ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽനിന്ന് ഇഷാൻ കിഷൻ പരുക്കേറ്റു പുറത്തായതോടെ പകരം കൗമാര താരം വൈഭവ് സൂര്യവംശി ടീമിലിടം നേടാൻ സാധ്യതയേറി. ഇഷാനു പകരം സൂര്യവംശിയാണ് ടീമിലെത്തുന്നതെങ്കിൽ സഞ്ജു സാംസൺ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങും. ആദ്യ മത്സരത്തിൽ മൂന്നാമതിറങ്ങിയ തിലക് വർമ 5–ാം സ്ഥാനത്തേക്ക് തിരിച്ചുപോകും. ആദ്യ മത്സരത്തിനിടെ കാലിന് പേശിവലിവ് അനുഭവപ്പെട്ടതോടെയാണ് ഇഷാൻ കിഷൻ രണ്ടാം മത്സരത്തിനുണ്ടാകില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചത്. ഇഷാനു പകരം കുമാർ കുശാഗ്രയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
English Summary:






English (US) ·