മത്സരം കടുക്കുന്നു: മ്യൂച്വല്‍ ഫണ്ട് ബിസിനസിലേയ്ക്ക് പുതിയ കമ്പനികള്‍, എഎംസികള്‍ 50 ആയി

5 months ago 5

ണ്ട് വര്‍ഷത്തിനിടെ നിരവധി കമ്പനികള്‍ രംഗത്തെത്തിയതോടെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ മത്സരം കടുത്തു. പത്ത് വര്‍ഷത്തിലേറെയായി 40 എഎംസികളാണ് ഉണ്ടായിരുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ എട്ട് പുതിയ ലൈസന്‍സുകള്‍ സെബി നല്‍കി. ജിയോ ബ്ലാക്ക്‌റോക്ക്, ദി വെല്‍ത്ത് കമ്പനി, ചോയ്‌സ് എന്നിവകൂടിയെത്തിയതോടെ എഎംസികളുടെ എണ്ണം 50 ആയി.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപകര്‍ക്ക് താത്പര്യം വര്‍ധിച്ചതാണ് എംഎഫ് ബിസിനസിലേയ്ക്ക് തിരിയാന്‍ ധനകാര്യ സേവന മേഖലിയലെ കമ്പനികള്‍ക്ക് പ്രേരണയായത്. ഓഹരി വിപണിയിലെ തുടര്‍ച്ചയായ മുന്നേറ്റവും ചെറുകിട നിക്ഷേപകരുടെ താത്പര്യം ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ മൂന്നിരട്ടി വര്‍ധനവുണ്ടാക്കി.

വര്‍ധിച്ചുവരുന്ന നിക്ഷേപക പങ്കാളിത്തം, ഡിജിറ്റല്‍ സാധ്യതകള്‍, ചെറുകിട നഗരങ്ങളിലേക്കുള്ള വ്യാപനം എന്നിവയാണ് ഫണ്ട് കമ്പനികള്‍ നേട്ടമാക്കിയത്.

എഎംസികള്‍ തുടങ്ങാനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും സ്‌പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട് (എസ്‌ഐഎഫ്) എന്ന പുതിയ പദ്ധതി അവതരിപ്പിച്ചതും കൂടുതല്‍ കമ്പനികളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇതോടെ പോര്‍ട്‌ഫോളിയോ മാനേജുമെന്റ് (പിഎംഎസ്) കമ്പനികളും എംഎഫ് ലൈസന്‍സിനായി രംഗത്തെത്തി. നികുതി കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പിഎംഎസിനേക്കാള്‍ മികച്ചതാണ് എസ്‌ഐഎഫ് എന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍. പിഎംഎസില്‍ ചേരുന്നതിനുള്ള കുറഞ്ഞ നിക്ഷേപം 50 ലക്ഷമാണെങ്കില്‍ എസ്‌ഐഎഫില്‍ 10 ലക്ഷം മതിയെന്നതും കാരണമായി വിലയിരുത്തുന്നു.

പിഎംഎസ്, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട് മാനേജര്‍മാര്‍ എന്നിവരാണ് അടുത്തകാലത്ത് മ്യൂച്വല്‍ ഫണ്ട് ബിസിനസ് തുടങ്ങാന്‍ അപേക്ഷിച്ചവരിലേറെയും. അബാക്കസ് അസറ്റ് മാനേജര്‍, മോണാര്‍ക്ക് നെറ്റ്‌വര്‍ത്ത് ക്യാപിറ്റല്‍, നുവാമ വെല്‍ത്ത്, ആഷിക ക്രെഡിറ്റ് ക്യാപിറ്റല്‍, കാര്‍ണേലിയന്‍ അസറ്റ് മാനേജുമെന്റ് ആന്‍ഡ് അഡൈ്വസേഴ്‌സ്, ആര്‍ഫ ആള്‍ട്ടര്‍നേറ്റീവ് ഫണ്ട് അഡൈ്വസേഴ്‌സ്, എസ്റ്റി അഡൈ്വസേഴ്‌സ്, ഒക്‌ലെയ്ന്‍ ക്യാപിറ്റല്‍ മാനേജുമെന്റ് എന്നിവയും അപേക്ഷകരില്‍ ഉള്‍പ്പെടുന്നു.

ലാഭം വര്‍ധിപ്പിക്കുന്നതിനായി 2020ല്‍ സെബി ബദല്‍ മാനദണ്ഡം അവതരിപ്പിച്ചതോടെയാണ് പുതിയ കമ്പനികള്‍ക്ക് പ്രത്യേകിച്ച് ഫിന്‍ടെക് സ്ഥാപനങ്ങള്‍ക്ക് മ്യുച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കാന്‍ വഴിതുറന്നത്. അതിനുശേഷം 2023ല്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കുന്നതിനായി സെബി വ്യവസ്ഥകള്‍ ഭേദഗതിചെയ്തതും നേട്ടമായി.

മ്യൂച്വല്‍ ഫണ്ട് ബിസിനസ് ആരംഭിക്കാന്‍ എളുപ്പമാണെങ്കിലും വിശ്വാസവും ദീര്‍ഘകാല പ്രകടനവും വളര്‍ത്തിയെടുക്കുകയെന്നതാണ് യഥാര്‍ഥ വെല്ലുവിളി. മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി(എയുഎം)യായ 75 ലക്ഷം കോടി രൂപയില്‍ 75 ശതമാനം വിഹിതവും കൈകാര്യം ചെയ്യുന്നത് 10 എഎംസികളാണ്.

Content Highlights: India's Mutual Fund Landscape Expands: New Players Drive AMC Count to 50

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article