മരിച്ച വീട് മാറിപ്പോയി, സംഭവിച്ച കഥയാണിത്! റീത്ത് സിനിമയെ കുറിച്ച് നിതിന്‍ തോമസ് സംസാരിക്കുന്നു!

2 weeks ago 6
ഒരിക്കലും കണ്ടിട്ടില്ലാത്ത മുന്‍ഹെഡ്മാസ്റ്ററുടെ ശവസംസ്‌കാരത്തിന് റീത്തുമായി പോകേണ്ടി വരുന്ന കുറച്ച് അധ്യാപകരും അവരുടെ യാത്രയുമാണ് റീത്ത് എന്ന ഫീച്ചറേറ്റ് സിനിമയില്‍ പറയുന്നത്. അംഗിരുസ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എല്ലാം പുതുമുഖ താരങ്ങള്‍ ആണെങ്കിലും, പ്രേക്ഷകര്‍ക്ക് പരിചിതമായ ഒരു മുഖമുണ്ട്, നിഥിന്‍ തോമസിന്റേത്. ആഹ, ബാള്‍ട്ടി, ക്രിസ്റ്റഫര്‍ പോലുള്ള സിനിമകളിലൂടെ പരിചിതനായ നിതിന്‍ തന്റെ 'റീത്ത്' അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

ഏകദേശം ഒരു മണിക്കൂറിനടത്ത് ദൈര്‍ഘ്യമുള്ള ചിത്രമാണ് റീത്ത്! ഷോര്‍ട്ട് ഫിലിം ആണോ എന്ന് ചോദിച്ചാല്‍ അല്ല, ഫീച്ചര്‍ ഫിലിം ആണോ എന്ന് ചോദിച്ചാല്‍ അതുമല്ല, എന്തുകൊണ്ടാണ് അങ്ങനെ?

അത് തീര്‍ത്തും സംവിധായകന്റെ ചോയിസ് ആണ്. പത്ത് പതിനഞ്ച് പേജുള്ള സ്‌ക്രീപ്റ്റ് എഴുതി, അത് മേക്ക് ചെയ്യുമ്പോള്‍ ഒരിക്കലും ഇത്ര മിനിറ്റിനുള്ളില്‍ ഒതുക്കണം എന്ന് അദ്ദേഹം കരുതാറില്ല. പൊതുവെ ലാഗ് ഒക്കെ വരുമ്പോഴാണ് സിനിമയില്‍ നിന്ന് ചില രംഗങ്ങള്‍ കട്ട് ചെയ്ത് മാറ്റുന്നത്. പക്ഷേ റീത്തിലേക്ക് വരുമ്പോള്‍ അങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നുമില്ല. ഷൂട്ട് ചെയ്തു വച്ച സാധനങ്ങള്‍, സംവിധായകന്റെ രീതിയില്‍ എഡിറ്റ് ചെയ്യുകയായിരുന്നു. ഒരു ഇംഗ്ലീഷ് ഷോര്‍ട്ട് ഫിലിമിന്റെ മേക്കിങ് സ്റ്റൈല്‍ ആണ് ഈ സിനിമയ്ക്ക് വേണ്ടി ഉണ്ണികൃഷ്ണന്‍ സ്വീകരിച്ചിരിക്കുന്നത്. കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും, കൂടുതലും ഹാന്റ്‌ഹെല്‍ഡ് ഷോട്ടുകളാണ്. ഒരാള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, അങ്ങനെ മറ്റെയാളിലേക്കും ക്യാമറ മൂവ് ആകും, കൂടല്‍ ലൈവ്‌ലി ആക്കുകയാണ് എന്ന് പറയും.

Nitin Thomas


പറഞ്ഞു വന്നത്, ഇത്രമിനിറ്റിലുള്ളില്‍ ചുരുക്കണം എന്ന നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നില്ല. ഫൈനല്‍ എഡിറ്റൊക്കെ കഴിഞ്ഞ് വന്നപ്പോള്‍ 50 മിനിറ്റോളമുണ്ട് എന്ന് പറഞ്ഞപ്പോള്‍, കുറച്ചുകൂടെ സീന്‍ ഒക്കെ ആഡ് ചെയ്ത് ഫീച്ചര്‍ ഫിലിം ആക്കിക്കൂടെ എന്ന് ഞാന്‍ ചോദിച്ചിരുന്നു. കാരണം, അങ്ങനെയാവുമ്പോള്‍ ഒരു ഫെസ്റ്റിവല്‍ സാധ്യത ഉണ്ടാവുമായിരുന്നു

ഈ ഒരു ത്രഡ് വന്നത് എങ്ങനെയാണെന്ന് അറിയാമോ?

വാസ്തവത്തില്‍ ഇത് ശരിക്കും സംഭവിച്ചിട്ടുള്ള കഥയാണ്. സിനിമയില്‍ അഭിനയിച്ചിരിക്കുന്ന ഒന്ന് രണ്ട് പേര്‍ ശരിക്കും ടീച്ചേഴ്‌സ് ആണ്, അതില്‍ ഒരു ടീച്ചര്‍ക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. അവര്‍ ഇതുപോലെ ഒരു അധ്യാപകന്റെ മരണാനന്തര ചടങ്ങിന് റീത്തുമായി പോയി, പക്ഷേ അവിടെ ചെന്നപ്പോഴാണ് അറിയുന്നത് അവര്‍ ഉദ്ദേശിച്ചു ചെന്ന ആളുടെ മരണ വീടല്ല അത് എന്ന്.

മലപ്പുറം ഭാഗത്താണ് സിനിമ ഷൂട്ട് ചെയ്തിട്ടുള്ളത്. സിനിമയില്‍ ഡ്രൈവര്‍ ആയിട്ട് അഭിനയിച്ചിരിക്കുന്ന അദ്ദേഹം ഒരു മാഷാണ്, അദ്ദേഹത്തിന്റെ സ്‌കൂളില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. അവരുടെ നാടും പരിസരങ്ങളുമൊക്കെയാണ് അത്.

Nitin Thomas


സിനിമയില്‍ നിതിന്റെ മുഖം മാത്രമേ പരിചിതമായി തോന്നിയുള്ളൂ, മറ്റുള്ളവര്‍ എല്ലാം പുതുമുഖങ്ങളാണോ?

അതെ, സംവിധായകന്റെ ബന്ധുക്കളാണ് എല്ലാവരും. ഓപ്പോളും ചിറ്റയും ചേച്ചിയും കസിന്‍സുമൊക്കെയാണ് ഓരോ കഥാപാത്രങ്ങളായി എത്തിയത്. പ്രൊഫഷണലായ അഭിനേതാക്കളോ, നേരത്തെ അഭിനയിച്ചവരോ അധികമാരുമില്ല.

നിതിന്‍ എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത് ?

ഉണ്ണികൃഷ്ണന്റെ കസിന്‍ ആയിട്ടുള്ള വിഷ്ണു സുല്ല് എന്ന ചിത്രത്തിന്റെ സംവിധായകനാണ്. അദ്ദേഹം അടുത്ത സിനിമ ചെയ്യുന്നതിന്റെ ഭാഗമായി ഒരു പൈലറ്റ് ഷൂട്ട് നടത്തുകയുണ്ടായി. അതില്‍ ഞാനും ഭാഗമായിരുന്നു. അത് കണ്ടിട്ടാണ് റീത്തിലേക്ക് എന്ന് വിളിക്കുന്നത്. വാസ്തവത്തില്‍ ഞാനായിരുന്നില്ല ആ റോള്‍ ചെയ്യേണ്ടിയിരുന്നത്, തീരുമാനിച്ചിരുന്ന ആള്‍ ലാസ്റ്റ് മിനിറ്റില്‍ ഒരു ഹോസ്പിറ്റള്‍ കേസുമായി മാറിയപ്പോഴാണ് എന്നെ വിളിച്ചത്.

Nitin Thomas


പേഴ്‌സണലി എനിക്ക് ഇതില്‍ കിക്ക് തോന്നിയ കാര്യം, സിനിമയില്‍ ആണെങ്കിലും ഷോര്‍ട്ട് ഫിലിം ആണെങ്കിലും ഞാന്‍ ഇതുവരെ ചെയ്തു വന്നതെല്ലാം കുറച്ച് ഗൗരവമുള്ള കഥാപാത്രങ്ങളാണ്. എപ്പോഴും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍, റീത്ത് എന്ന സിനിമയിലെ ബോയ് നെക്‌സ്റ്റ് ഡോര്‍ എന്ന ഇമേജുള്ള കഥാപാത്രം വന്നപ്പോള്‍ എനിക്കിഷ്ടമായി. അങ്ങനെയാണ് ഞാന്‍ ഇതിലേക്ക് ഇന്‍ ആയത്.

നിതിന്റെ തിരഞ്ഞെടുപ്പുകള്‍ ഇപ്പോള്‍ എങ്ങനെയാണ്, എന്താണ് ആഗ്രഹം?

സത്യം പറഞ്ഞാല്‍ ഞാന്‍ ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. എന്റെ സ്വപ്‌നം എന്നത് ആഗോള തലത്തില്‍ ശ്രദ്ധ നേടുന്ന ഒരു നടന്‍ ആകണം എന്നതാണ്, അതാണ് ഞാന്‍ സെറ്റ് ചെയ്തിരിക്കുന്ന എന്റെ ഗോള്‍. നായകനായിട്ടുള്ള റോളുകള്‍ ഉള്‍പ്പടെ എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്യാന്‍ പറ്റണം. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വളര്‍ന്ന് വരാന്‍ ആഗ്രിക്കുന്ന, ശ്രമിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍.
Read Entire Article