രൂപയുടെ മൂല്യം ഇടിയുകയല്ലാതെ കയറുന്നത് അപൂര്‍വമാണ്. എന്നാല്‍ ആഗോള ഘടകങ്ങളുടെകൂടി പിന്തുണയോടെ ഏഴ് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം എത്തിയിരിക്കുന്നു. മാര്‍ച്ചില്‍ 2.4 ശതമാനമാണ് രൂപയ്ക്കുണ്ടായ നേട്ടം.
രാജ്യത്തെ വിപണിയില്‍നിന്ന് കൂട്ടത്തോടെ കൂടൊഴിയുന്ന തിരക്കിലായിരുന്നുവല്ലോ വിദേശ നിക്ഷേപകര്‍. 2025 സാമ്പത്തിക വര്‍ഷത്തെ അവസാനത്തോടെ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി അവര്‍ ഞെട്ടിച്ചു. പത്ത് ദിവസത്തിനിടെ നാല് ബില്യണ്‍ ഡോളറിലധികമാണ് നിക്ഷേപിച്ചത്. വിപണിയില്‍ വീണ്ടും വസന്തം വരുന്നതിന്റെ സൂചനയാണോ ഇത്? വസന്തം വന്നാലും ഇല്ലെങ്കിലും നഷ്ടപ്പെട്ടതില്‍ കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ രൂപയ്ക്കായി എന്നത് ശ്രദ്ധേയമാണ്.
സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വ്യാപാര ദിനമായിരുന്ന വെള്ളിയാഴ്ച ഡോളറിനെതിരെ രൂപയ്ക്ക് 31 പൈസയുടെ നേട്ടമുണ്ടാക്കാനായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 85.47 നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തത്. 2018ന് ശേഷം ഇതാദ്യമായാണ് ഒരൊറ്റ മാസത്തില്‍ മൂല്യത്തില്‍ 2.4 ശതമാനം നേട്ടമുണ്ടാകുന്നത്. രാജ്യത്തെ പ്രാദേശിക-വിദേശ ബാങ്കുകളില്‍ കാര്യമായി ഡോളര്‍ വിറ്റഴിക്കാനുണ്ടായ സാഹചര്യവും രൂപയ്ക്ക് നേട്ടമായി.
നിരക്ക് കുറയാനുള്ള സാധ്യതകള്‍ ദൃശ്യമായതോടെ കടപ്പത്ര ആദായം താഴുന്ന പ്രവണത പ്രകടമാണ്. പത്ത് വര്‍ഷ കാലാവധിയുള്ള കടപ്പത്രങ്ങളുടെ ആദായം 6.57 നിലവാരത്തിലെത്തിലാണിപ്പോഴുള്ളത്. മുന്‍ ദിവസത്തെക്കാള്‍ മൂന്ന് ബേസിസ് പോയന്റ് താഴുകയും ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം നോക്കിയാല്‍ 2020ന് ശേഷമുള്ള വലിയ ഇടിവാണ് കടപ്പത്രങ്ങളുടെ ആദായത്തിലുണ്ടായത്.
ഏപ്രില്‍ ആദ്യ ആഴ്ചയിലെ റിസര്‍വ് ബാങ്കിന്റെ ധനനയ യോഗത്തില്‍ റിപ്പോ നിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. വളര്‍ച്ചയെ പിന്തുണയ്ക്കുന്ന സമീപനം ആര്‍ബിഐയുടെ ഭാഗത്തുനിന്ന് വ്യവസായ ലോകം പ്രതീക്ഷിക്കുന്നുണ്ട്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ രൂപയുടെ മൂല്യത്തില്‍ ഇനിയും നേട്ടമുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ഇക്വിറ്റി-ഡെറ്റ് ആസ്തികളിലേയ്ക്ക് വിദേശ നിക്ഷേപം പ്രവഹിച്ചാല്‍ സ്വാഭാവികമായും രൂപയ്ക്ക് കരുത്താകുമെന്നകാര്യത്തില്‍ സംശയമില്ല.
യുഎസിലെ അനിശ്ചിതാവസ്ഥ സമീപ കാലയളവില്‍ ഡോളറിന് തിരിച്ചടിയായിട്ടുണ്ട്. 104 നിലവാരത്തിലാണ് ഡോളര്‍ സൂചിക ഇപ്പോഴുള്ളത്. മാര്‍ച്ചില്‍ മാത്രം 3.40 ശതമാനത്തോളം ഇടിവ് നേരിട്ടു. പകരച്ചുങ്കവുമായി ബന്ധപ്പെട്ട ഏപ്രില്‍ രണ്ടിലെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സാമ്പത്തിക ലോകം. അതുകൊണ്ടുതന്നെ താരതമ്യേന സുരക്ഷിതമായ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുമാറുന്നതും ഡോളറിന് തിരിച്ചടിയായി.
Content Highlights: Indian rupee strengthens, reaching a 7-year precocious against the dollar.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·