യു.എസിനെ ശക്തമായി നേരിടാന്‍ ഇന്ത്യ: കയറ്റുമതി പരിരക്ഷിക്കാന്‍ കേന്ദ്രം, പദ്ധതികള്‍ അണിയറയില്‍

4 months ago 6

trump-modi

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: AP, PTI

യു.എസിന്റ തീരുവ ആഘാതം ചെറുക്കാന്‍ തന്ത്രം ആവിഷ്‌കരിച്ച് കേന്ദ്ര സര്‍ക്കാര്‍. അമേരിക്കയിലേക്കുള്ള 4.2 ലക്ഷം കോടി രൂപ(48.2 ബില്യണ്‍ ഡോളര്‍)മൂല്യമുള്ള കയറ്റുമതി ആഘാതത്തിന് ബദല്‍ തേടുകയാണ് കേന്ദ്രം.

തുണിത്തരങ്ങള്‍, ചെമ്മീന്‍, തുകല്‍, രത്‌നാഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയെയാണ് പ്രധാനമായും ബാധിക്കുക. നിരവധി പേരുടെ തൊഴിലിനെ ബാധിക്കുമെന്നതിനാലാണ് പ്രധാന ആശങ്ക. ഫാര്‍മ, ഇലക്ട്രോണിക്‌സ്, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവയെ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിയറ്റ്‌നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള താരതമ്യേന കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങളാണ് ഇന്ത്യക്ക് ഭീഷണി. ഈ രാജ്യങ്ങളിലെ ഉത്പന്നങ്ങളോട് മത്സരിക്കാനാകാതെ തിരുപ്പൂര്‍, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ തുണിത്തര, വസ്ത്ര നിര്‍മാതാക്കള്‍ ഉത്പാദനം നിര്‍ത്തിവെച്ചതായി കയറ്റുമതിക്കാര്‍ പറയുന്നു.

സമുദ്രോത്പന്ന മേഖലയില്‍, പ്രത്യേകിച്ച് ചെമ്മീന്‍ കയറ്റുമതിയെയും കാര്യമായി ബാധിക്കും. ശേഖരണം, വിതരണം എന്നിവ തകരാറിലാകുന്നതോടെ കര്‍ഷകര്‍ ദുരിതത്തിലാകും. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ 40 ശതമാനത്തോളം അമേരിക്കന്‍ വിപണിയിലേക്കാണ്.

എതിരിടാന്‍ പദ്ധതികള്‍
സാഹചര്യം നേരിടാന്‍ അടിയന്തര ഉന്നതതല യോഗങ്ങള്‍ നടന്നുവരികയാണ്. വ്യവസായ രംഗത്തുള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കയറ്റുമതി പ്രോത്സാഹന ദൗത്യം, പ്രത്യേക സാമ്പത്തിക മെഖല ഭേദഗതികള്‍ എന്നിവ പരിഗണനയിലാണ്. യുഎസിന്റെ തീരുവ നീക്കത്തെ നേരിടാന്‍തന്നെയാണ് സര്‍ക്കാര്‍ പദ്ധതി. ദേശീയ താത്പര്യത്തിനുതന്നെയാണ് മുന്‍തൂക്കമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര ആവശ്യം വര്‍ധിപ്പിക്കുന്നതിനായി ഭക്ഷ്യ സംസ്‌കരണം, തുണി വ്യവസായം പോലുള്ള തൊഴില്‍ പ്രാധാന്യമുള്ള മേഖലകളെ ജിഎസ്ടി വഴി എങ്ങനെ പിന്തുണക്കുമെന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളുമായി വ്യാപാര പങ്കാളിത്തത്തിലേര്‍പ്പെട്ടും യുഎസിന്റെ ഭീഷണി നേരിടാമെന്ന ആത്മവശ്വാസത്തിലാണ് രാജ്യം.

ഓഗസ്റ്റ് ഏഴ് മുതല്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം പ്രതികാര തീരുവ യുഎസ് ഏര്‍പ്പെടുത്തിയിരുന്നു. അതിന് പുറമെയാണ്, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ബുധനാഴ്ച മുതല്‍ 25 ശതമാനം പിഴ തീരുവയും പ്രാബല്യത്തില്‍ വരുന്നത്.

ആഘാതം ചെറുക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയും 25,000 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന ദൗത്യം തയ്യാറാക്കുന്നുണ്ട്. വ്യാപാര സാമ്പത്തികം, നിയന്ത്രണങ്ങള്‍, മാനദണ്ഡങ്ങള്‍, വിപണി പ്രവേശനം എന്നീ മേഖലകളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകും. ബ്രാന്‍ഡ് ഇന്ത്യയുടെ സ്വീകാര്യത വര്‍ധിപ്പിക്കല്‍, ഇ-കൊമേഴ്‌സ് ഹബ്ബുകള്‍-വെയര്‍ഹൗസുകള്‍ വ്യാപകമാക്കല്‍ തുടങ്ങിയവയിലൂടെ വ്യാപാരം സുഗമമാക്കാനുള്ള പദ്ധതികളും അണിയറയില്‍ തയ്യാറാകുന്നുണ്ട്.

2025 സാമ്പത്തിക വര്‍ഷത്തില്‍ 7.54 ലക്ഷം കോടി രൂപ (86 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള ഉത്പന്നങ്ങളാണ് അമേരിക്കയിലേയ്ക്ക് ഇന്ത്യ കയറ്റുമതി ചെയ്തത്.

Content Highlights: India Bolsters Export Strategy to Counter US Tariff Impact

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article