
പ്രതീകാത്മകചിത്രം | Photo: PTI
നേരിയ ചാഞ്ചാട്ടമുണ്ടെങ്കിലും സ്വര്‍ണ്ണ വില റെക്കോഡ് നിലവാരത്തില്‍ തുടരുകയാണ്. ആഗോള നിക്ഷേപകര്‍ ഡോളര്‍ ഉള്‍പ്പടെയുള്ള യുഎസ് ആസ്തികളില്‍ നിന്നു പിന്തിരിയുകയും, നിരക്ക് കുറയ്ക്കാന്‍ ഫെഡിനുമേല്‍ പ്രസിഡന്റ് ട്രംപ് സമ്മര്‍ദം ചെലുത്തുകയും ചെയ്തതോടെയാണ് ഈ സ്ഥിതിയുണ്ടായത്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ ചെയര്‍മാന്‍ ജെറോം പൊവെലിനെ പ്രസിഡന്റ് ട്രംപ് കഴിഞ്ഞാഴ്ച വിമര്‍ശിച്ചിരുന്നു. കേന്ദ്ര ബാങ്കിന്റെ സ്വാതന്ത്ര്യത്തിനു നേരെ വെല്ലുവിളി ഉയര്‍ന്നതോടെ ഡോളറില്‍ സമ്മര്‍ദം വര്‍ധിക്കുകയും മൂന്നു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേയ്ക്ക് ഡോളര്‍ താഴുകയും ചെയ്തു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുഎസ് ഡോളറിന്റെ ഡിമാന്റ് വര്‍ധിക്കുകയും ഇതര കറന്‍സികളെ അപേക്ഷിച്ച് മൂല്യം കുതിച്ചുയരുകയും ചെയ്തിരുന്നു. ആഗോള രാഷ്ട്രീയ അനിശ്ചിതത്വമാണ് പലപ്പോഴും നിക്ഷേപകരെ യുഎസ് ഡോളറിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ യുഎസ് തീരുവകളും വ്യാപാര നയങ്ങളും ലോക വിപണികളെ ഇളക്കി മറിച്ചതോടെ ഡോളറിലുള്ള വിശ്വാസം നഷ്ടപ്പെടുകയും യുഎസ് ഓഹരി വിപണി 11 ശതമാനം ഇടിയുകയും ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ ഡോളര്‍ ഒമ്പത് ശതമാനത്തിലേറെ മൂല്യത്തകര്‍ച്ച നേരിടുകയും ചെയ്തു.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ മേധാവിയെ ട്രംപ് ഭീഷണിപ്പെടുത്തിയതോടെ ഡോളര്‍ സൂചിക 2022 മാര്‍ച്ചിനു ശേഷംകണ്ട ഏറ്റവും വലിയ ഇടിവായ 97.92 ലേക്കു പതിച്ചു. ഡോളര്‍ സ്വിസ്സ് ഫ്രാങ്കുമായി ഒരു പതിറ്റാണ്ടിന്റെ താഴ്ചയിലേക്കു പോവുകയും യൂറോ മൂന്നു വര്‍ഷത്തെ കൂടിയ ഉയരം നേടുകയും ചെയ്തു. ഈ പ്രക്രിയയില്‍ ഇന്ത്യന്‍ രൂപയ്ക്കും മെച്ചമുണ്ടായി. രൂപ ഡോളറിനെതിരെ എക്കാലത്തേയും വലിയ ഇടിവായ 87.99 ല്‍ നിന്ന് 85യ്‌ക്കെത്തി. ട്രംപിന്റെ തീരുവകളും യുഎസ് വ്യാപാര നയങ്ങളിലെ അനിശ്ചിത്വവും ഡോളറിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും നിക്ഷേപകര്‍ പരമ്പരാഗത, സുരക്ഷിത ആസ്തികള്‍ തേടാന്‍ തുടങ്ങുകയും ചെയ്തതോടെ ആഭ്യന്തര, ആഗോള വിപണികളില്‍ ഈ വര്‍ഷം ഇതുവരെ സ്വര്‍ണ്ണം 30 ശതമാനം നേട്ടമുണ്ടാക്കി.
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കള്‍ക്കും എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി ഏര്‍പ്പെടുത്തിയതിനു പുറമെ ചില രാജ്യങ്ങള്‍ക്ക് കൂടിയ നികുതി നിരക്കുകള്‍ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ചൈന, വിയറ്റ്നാം, ജപ്പാന്‍, ഇന്ത്യ, കൊറിയ, യൂറോപ്യന്‍ യൂണിയണ്‍ രാജ്യങ്ങള്‍ എന്നിവയ്ക്ക് അധിക നികുതിയുണ്ട്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈന യുഎസ് നികുതി നയത്തോടുള്ള പ്രതിഷേധ സൂചകമായി ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പകരച്ചുങ്കം ഏര്‍പ്പെടുത്തി. ഇതോടെ ചൈനയ്ക്കു വീണ്ടും അധികച്ചുങ്കം പ്രഖ്യാപിക്കുകയാണ് യുഎസ് ചെയ്തത്. ചൈനയുടെ യുഎസ് ചുങ്കം 245 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ 9 ന് എല്ലാ ചുങ്കങ്ങളും താത്ക്കാലികമായി നിര്‍ത്തിയെങ്കിലും ചൈനയ്ക്കുള്ള അധികച്ചുങ്കം അങ്ങനെതന്നെ നിലനിര്‍ത്തി.
പകരത്തിനുപകരം എന്ന നിലയില്‍ ചൈന ചുങ്കം ഏര്‍പ്പെടുത്തിയതോടെ വ്യാപാര യുദ്ധം പൂര്‍ണ്ണ രൂപം പ്രാപിച്ചു. ഇത് ആഗോള മാന്ദ്യത്തിലേക്കു നയിക്കുമെന്ന ഭീതിയും സ്വര്‍ണ്ണത്തിന്റെ ഡിമാന്റു വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. സ്വര്‍ണ്ണ ഇടിഎഫ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്കും കൂടുതല്‍ കരുതല്‍ സ്വര്‍ണ്ണം വാങ്ങുന്ന കേന്ദ്ര ബാങ്കുകളുടെ നയവും ഈ വര്‍ഷം ഇതുവരെ സ്വര്‍ണ്ണക്കുതിപ്പിന് ശക്തി പകര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ആര് വര്‍ഷമായി 150 ശതമാനത്തിലേറെ നേട്ടവുമായി സ്വര്‍ണ്ണം കുതിപ്പിന്റെ പാതയിലായയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമയി അതിന്റെ മുന്നേറ്റം അവിശ്വസനീയമായ വേഗത്തിലാണ്. ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില 60 ശതമാനത്തിലേറെ നേട്ടവുമായി 10 ഗ്രാമിന് ഒരുലക്ഷം രൂപയിലെത്താറായിരിക്കുന്നു.
വ്യാപാര സംഘര്‍ഷങ്ങള്‍ വിപണിയില്‍ ചലനമുണ്ടാക്കുകയും യുഎസ് ആസ്തികളിലുള്ള വിശ്വാസം നഷ്ടപ്പൈടുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ മികച്ച ബദല്‍ എന്നനിലയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് ഭാവിയില്‍ ഇനിയും വര്‍ധിയ്ക്കും. ഇടിഎഫ് നിക്ഷേപവും കേന്ദ്ര ബാങ്ക് വാങ്ങലുകളും ഹ്രസ്വകാലയളവില്‍ ശക്തമായ പിന്തുണയേകും. എന്നാല്‍ വ്യാപാര യുദ്ധം ഇല്ലാതാവുകയും യുഎസ് ഡോളര്‍ തിരിച്ചു വരികയും ചെയ്താല്‍ സ്വര്‍ണ്ണത്തിലുള്ള സമ്മര്‍ദ്ദം കുറയുമെങ്കിലും വിലയില്‍ വന്‍തോതിലുള്ള വ്യത്യാസം പ്രതീക്ഷിക്കേണ്ടതില്ല.
Content Highlights: Gold Prices Reach Record Highs Amid Trade Tensions and Weakening Dollar
ABOUT THE AUTHOR
ഹരീഷ് വി.
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·