യുഎസ്-ചൈന സംഘര്‍ഷം: ഇന്ത്യന്‍ വിപണിക്ക് നേട്ടമാക്കാനാകുമോ?

9 months ago 8

കരച്ചുങ്കം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വം അത് നടപ്പാക്കുന്നത് നീട്ടിവെച്ചതോടെ ലഘൂകരിക്കരിക്കപ്പെട്ടു. ഏപ്രില്‍ രണ്ടിന് പ്രസിഡന്റ് ട്രംപ് നടത്തിയ പ്രഖ്യാപനമനുസരിച്ച് ഏപ്രില്‍ ഒമ്പതിന് പകരച്ചുങ്കം ഔദ്യോഗികമായി നിലവില്‍ വരുമെന്നുവന്നതോടെ ആഗോള ഓഹരി വിപണികളില്‍ വലിയ തോതില്‍ താഴ്ചയുണ്ടായി. ഒട്ടും യുക്തിസഹമല്ലാത്ത പ്രഖ്യാപനങ്ങളില്‍ അവിശ്വാസത്തോടെയാണ് വിപണി പ്രതികരിച്ചത്. 13 ദിവസത്തിനു ശേഷം ചൈനയ്ക്കു പുറമേ 60 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെച്ചിരിക്കയാണ് ട്രംപ്.

യുഎസില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് 84 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ചൈനയും തുല്യമായ നടപടികള്‍ യൂറോപ്യന്‍ യൂണിയനും ആലോചിച്ചതോടെ അധികമായി ഏര്‍പ്പെടുത്തിയ തീരുവ തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ആന്തരികമായ ഭിന്നതകള്‍, വര്‍ധിയ്ക്കുന്ന വ്യാപാര സംഘര്‍ഷങ്ങള്‍, ധന വിപണിയിലെ അസ്ഥിരത എന്നീ ഘടകങ്ങള്‍ ട്രംപിന്റെ മനംമാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. അന്തര്‍ദേശീയ പങ്കാളികളുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതുകൊണ്ടാണ് തല്‍ക്കാലത്തേക്ക് തീരുവ നിര്‍ത്തിവെച്ചതെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. ആഗോള ധന വിപണികള്‍ക്ക് ചെറുതല്ലാത്ത ആശ്വാസമാണ് ഈ പ്രസ്താവന നല്‍കിയത്.

ബെയ്ജിങിന് കനത്ത തോതില്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയ തീരുവയില്‍ മാറ്റമില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടണ്ട്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഫലിതം പോലെ തുടരുകയാണ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനയിലെ ചുങ്കം 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്ക മാന്ദ്യത്തിലേക്കു നീങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ഇതിനകം മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. നിലവില്‍ യുഎസുമായി വ്യാപാര പങ്കാളിത്തമുള്ള എല്ലാ രാജ്യക്കാരും 10 ശതമാനം ചുങ്കം നല്‍കണം. ഇതിനു പുറമെ കാറ്, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് 25 ശതമാനം തീരുവ വേറെയും നല്‍കണം.

ഹ്രസ്വകാലത്തേക്ക് ഇന്ത്യയ്ക്ക് ഇതിന്റെ ആശ്വാസം ലഭിക്കും. ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷമുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഭാവി തീരുമാനിക്കപ്പെടുക. പകരച്ചുങ്കം ഏര്‍പ്പടുത്തി ട്രംപിനെ പ്രകോപിപ്പിക്കാതെ പരമാവധി സംയമനം പാലിക്കാനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത്. യുഎസ് ഇറക്കുമതിച്ചരക്കുകളുടെ നികുതി കുറയ്ക്കാന്‍ ഇന്ത്യയും യൂറോപ്യന്‍ രാജ്യങ്ങളും തയാറായിട്ടുണ്ട്. ഇന്ത്യ സജീവമായി ഉഭയകക്ഷി ചര്‍ച്ച നടത്തിവരികയാണ്. ഈ വര്‍ഷം അവസാനത്തോടെ കരാറൊപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഏപ്രില്‍ രണ്ടു മുതല്‍ ഒമ്പതുവരെ ആഗോള വിപണിയില്‍ 10 മുതല്‍ 15 ശതമാനം വരെ തിരുത്തലുണ്ടായെങ്കിലും ഈ നഷ്ടങ്ങളിലേറെയും തിരിച്ചുപിടിക്കാനായി. എന്നാല്‍ യുഎസ് - ചൈന വൈരം ലോക വിപണിയ ഒന്നാകെ ബാധിക്കുമെന്നകാര്യത്തില്‍ സംശയമില്ല. ആപേക്ഷികമായി നേരിയ നഷ്ടം മാത്രമാണ് ഇന്ത്യയ്ക്കു സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇതര ലോക വിപണികളെ വെല്ലുന്ന പ്രകടനം നമുക്കു തുടരാന്‍ കഴിയും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുത്താല്‍ ലോക വ്യാപാരത്തിന്റെ ഘടനയില്‍ തന്നെ മാറ്റം സംഭവിക്കും. പകരക്കാര്‍ക്ക് സാധ്യത കൈവരും. ഇന്ത്യയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകാന്‍ അതു സഹായിക്കും.

വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു പുറമെ, നാലാം പാദ കോര്‍പറേറ്റ് ഫലങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ആഭ്യന്തര വിപണിയുടെ പ്രകടനം നിര്‍ണ്ണയിക്കപ്പെടുക. 2024 ഡിസംബര്‍ മുതല്‍ സര്‍ക്കാറിന്റെ ഫണ്ട് ചിലവഴിക്കല്‍ കൂടുകയും സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുകയും വിലക്കയറ്റം ലാഭത്തിനു വഴിമാറുകയും ചെയ്യുമെന്നതിനാല്‍ കോര്‍പറേറ്റ് നേട്ടത്തിന്റെ കാര്യത്തില്‍ വിപണിക്കു പ്രതീക്ഷയുണ്ട്. നാലാം പാദ കണക്കുകള്‍ മൂന്നാം പാദത്തിലേതിനേക്കാള്‍ മെച്ചമായിരിക്കും. എന്നാല്‍, ഈ പശ്ചാത്തലത്തിലും മുന്‍ പാദത്തെയപേക്ഷിച്ച് വളര്‍ച്ച 5 ശതമാനത്തില്‍ താഴെയാവും എന്നൊരു വൈരുദ്ധ്യവും നിലനില്‍ക്കുന്നു. വളര്‍ച്ചയുടെ കാര്യത്തില്‍ ഇത് മുന്‍വര്‍ഷത്തേക്കാള്‍ താഴേക്കു പോയി നാല് ശതമാനമാകാനും മുന്‍കാലത്തെയപേക്ഷിച്ച് വളരെ താഴ്ന്നു പോകാനും ഇടയുണ്ട്. ഓഹരി വിപണിയെ ഇതു ബാധിച്ചേക്കാം.

ഈ വെല്ലുവിളികള്‍ക്കിടയിലും ഓഹരി വിപണിയില്‍ കഴിഞ്ഞ രണ്ടു ട്രേഡിംഗ് വാരങ്ങളിലെ പ്രകടനം ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയുയര്‍ത്തുന്നു. ആഗോള പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യയ്ക്കു യുഎസുമായുള്ള ഉഭയകക്ഷി കരാറില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് വിപണി ഉറ്റു നോക്കുന്നത്. കഴിഞ്ഞ അഞ്ച് മാസക്കാലത്തെ ട്രംപിന്റെ നീക്കങ്ങളും അതുമൂലം ഉടലെടുത്ത സംഭവ വികാസങ്ങളും പരിശോധിക്കുമ്പോള്‍ ആഭ്യന്തരവും ആഗോളവുമായ അസ്ഥിരതകള്‍ സൃഷ്ടിക്കാനല്ല, യുഎസിന് അനുകൂലമായ വ്യാപാര കരാറുകള്‍ സൃഷ്ടിക്കാന്‍ മാത്രമാണ് അദ്ദേഹത്തിന് താല്‍പര്യം എന്നു മനസിലാകും. ഈ ചിന്ത ആഗോള വിപണിക്കു പ്രതീക്ഷ നല്‍കുന്നുവെങ്കിലും ചൈനയും യുഎസും തമ്മിലുള്ള സംഘര്‍ഷം പ്രതിസന്ധി രൂക്ഷമാക്കിയേക്കാം.

Content Highlights: Analyzing the interaction of the US-China commercialized warfare connected the Indian market.

ABOUT THE AUTHOR

വിനോദ് നായര്‍

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article