യൂട്യൂബ് വീഡിയോ: നടന്‍ വാര്‍സിക്കും 58 പേര്‍ക്കും സെബിയുടെ വിലക്ക്, 58 കോടി പിഴ

7 months ago 8

തെറ്റിദ്ധരിപ്പിക്കുന്ന യൂട്യൂബ് വീഡിയോകളിലൂടെ സാധ്‌ന ബ്രോഡ്കാസ്റ്റിന്റെ ഓഹരി വിലയില്‍ കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം അര്‍ഷദ് വാസി, ഭാര്യ മരിയ ഗൊരേറ്റി എന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വിപണിയില്‍ ഇടപെടുന്നതിന് സെബി വിലക്കേര്‍പ്പെടുത്തി.

വാര്‍സിക്കും ഭാര്യ മരിയ്ക്കും ഒരു വര്‍ഷമാണ് ഓഹരി വിപണിയില്‍ വിലക്ക്. ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴ അടയ്ക്കണം. സാധ്‌ന ബ്രോഡ്കാസ്റ്റിന്റെ(ഇപ്പോഴത്തെ ക്രിസ്റ്റല്‍ ബിസിനസ് സിസ്റ്റംസ് ലിമിറ്റഡ്)പൊമോട്ടര്‍മാരായ വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പടെ 57 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ മുതല്‍ അഞ്ച് കോടി രൂപവരെ പിഴ ചുമത്തിയിട്ടുണ്ട്. വിപണിയില്‍ ഇടപെടുന്നതിന് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷംവരെ വിലക്കും ഏര്‍പ്പെടുത്തി.

നിയമവിരുദ്ധമായി നേടിയ 58.01 കോടി രൂപ 12 ശതമാനം പലിശ സഹിതം തിരികെ നല്‍കണം. അര്‍ഷാദ് 41.70 ലക്ഷം രൂപയും ഭാര്യ 50.35 ലക്ഷം രൂപയും നേട്ടമുണ്ടാക്കിയതായി സെബി കണ്ടെത്തിയിരുന്നു.

ഗൗരവ് ഗുപ്ത, രാകേഷ് കുമാര്‍ ഗുപ്ത, മനീഷ് മിശ്ര എന്നിവരാണ് മുഖ്യ സൂത്രധാരകരെന്ന് സെബിയുടെ ഉത്തരവില്‍ പറയുന്നു. സാധ്‌ന ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ ആര്‍ടിഎ ഡയറക്ടര്‍ സുഭാഷ് അഗര്‍വാളാണ് മനീഷ് മിശ്രയ്ക്കും പ്രൊമോട്ടര്‍മാര്‍ക്കുമിടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.

രണ്ട് ഘട്ടമായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തത്. പ്രൊമോട്ടര്‍മാരുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ പരസ്പരം ഇടപാട് നടത്തി വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിച്ച് ഓഹരി വില കൃത്രിമമായി ഉയര്‍ത്തി. ഇടപാടുകള്‍ അളവില്‍ കുറവായിരുന്നുവെങ്കിലും കുറഞ്ഞ ലിക്വിഡിറ്റി കാരണം ഓഹരി വിലയില്‍ വലിയ സ്വാധീനമുണ്ടാക്കാനായി. കുറഞ്ഞ ചെലവില്‍ ഓഹരിയുടെ വില ഉയര്‍ത്താന്‍ ഇതിലൂടെ കഴിഞ്ഞു.

മണിവൈസ്, ദി അഡൈ്വസര്‍, പ്രോഫിറ്റ് യാത്ര-തുടങ്ങിയ യൂട്യൂബ് ചാനലുകളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുകയാണ് രണ്ടാം ഘട്ടത്തില്‍ ചെയ്തത്. ലാഭകരമായ നിക്ഷേപ അവസരമായി എസ്ബിഎല്ലിനെ അവതരിപ്പച്ചു. കൃത്രിമ വിപണി ഇടപെടലുകളുമായി ഒത്തുപോകുന്ന രീതിയില്‍ വീഡിയോ പ്രചരിപ്പിക്കുകയും നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്തു.

ഒത്തുകളി വ്യാപാരത്തിലൂടെ വില ഉയര്‍ത്തുകയും ചെറുകിട നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രചാരണം നടത്തുകയും ചെയ്തു. തുടര്‍ന്ന് പ്രൊമോട്ടര്‍മാര്‍ സംഘടിതമായി ഓഹരികള്‍ വിറ്റഴിച്ച് നേട്ടമുണ്ടാക്കിയെന്നും 109 പേജുള്ള ഉത്തരവില്‍ പറയുന്നു.

Content Highlights: SEBI Bans Bollywood Actor Arshad Warsi, 57 Others for Stock Market Manipulation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article