യെസ് ബാങ്കിലെ ഓഹരികള്‍ ജപ്പാനീസ് ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിങ് കോര്‍പ്പറേഷന് കൈമാറുന്നതിലൂടെ എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ക്ക് ലഭിക്കുക നികുതിയിളവോടെ 13,483 കോടി രൂപ.
യെസ് ബാങ്കിന്റെ പുനരുദ്ധാരണ പദ്ധതിയിലെ വ്യവസ്ഥ പ്രകാരം നിക്ഷേപം നടത്തിയ ബാങ്കുകളെ ഓഹരി വില്പനയില്‍നിന്നുള്ള മൂലധന നേട്ട നികുതിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. 2020ലെ ഈ വ്യവസ്ഥ പ്രകാരമാണ് ബാങ്കുകള്‍ക്ക് നികുതിയിനത്തില്‍ വന്‍ ആനുകൂല്യം ലഭിക്കുക.
സെബിയുടെ അനുമതി ലഭിച്ചതിനാല്‍ ഈ പാദത്തില്‍തന്നെ യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ ജപ്പാനീസ് ബങ്കിന് കൈമാറും. യെസ് ബാങ്കിന്റെ ബോര്‍ഡിലേയ്ക്ക് രണ്ട് നോമിനി ഡയറക്ടര്‍മാരെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.
എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവ ചെര്‍ന്ന് ഓഹരി ഒന്നിന് 21.50 രൂപ നിരക്കില്‍ 20 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കരാര്‍. 2020ല്‍ ഓഹരിയൊന്നിന് പത്ത് രൂപ നിരക്കിലായിരുന്നു നിക്ഷേപം നടത്തിയത്. എസ്ബിഐയുടെ കൈവശമുള്ള 24 ശതമാനത്തില്‍നിന്ന് 8,889 കോടി മൂല്യമുള്ള 13.19 ശതമാനം ഓഹരികളാകും കരാര്‍ പ്രകാരം കൈമാറുക. മറ്റ് ബാങ്കുളെല്ലാംകൂടി 4,594 കോടി മൂല്യമുള്ള 6.81 ശതമാനം ഓഹരികളും നല്‍കും.
പ്രത്യേക നികുതി ഇളവ് ഇല്ലായിരുന്നുവെങ്കില്‍ 12.5 ശതമാനം മൂലധന നേട്ട നികുതി ബാങ്കുകള്‍ക്ക് ബാധകമാകുമായിരുന്നു. പ്രതിസന്ധി നേരിട്ട ബാങ്കിനെ കരകയറ്റാനായിരുന്നു അന്ന് ഇളവ് അനുവദിച്ചത്. സഹായിക്കാന്‍ മടിച്ച ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു ഇത്.
യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം 24.99 ശതമാനംവരെ ഉയര്‍ത്താന്‍ ജപ്പാനീസ് ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ അഡ്വെന്റ്, കാര്‍ലൈല്‍ എന്നിവയില്‍ നിന്ന് ശേഷിക്കുന്ന 4.99% ഓഹരികള്‍ വാങ്ങുകയോ അല്ലെങ്കില്‍ സ്വകാര്യ ബാങ്ക് പുറത്തിറക്കുന്ന പ്രിഫറന്‍ഷ്യല്‍ ഷെയറുകളില്‍ നിക്ഷേപിക്കുകയോ ചെയ്തേക്കാമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കടമായും (8,500 കോടി രൂപ) ഇക്വിറ്റിയായും (7,500 കോടി രൂപ) 16,000 കോടി രൂപ യെസ് ബാങ്കില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഫണ്ട് സമാഹരണത്തിന് ബാങ്കിന്റെ ബോര്‍ഡിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചിട്ടുണ്ട്.
Content Highlights: SBI and Other Banks Reap ₹13,483 Crore Tax Advantage from Yes Bank Stake Sale
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·