റിലീസിന് മുമ്പേ 300 കോടി; സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ പ്രീ-സെയിൽ റെക്കോർഡ് ചർച്ചയാകുന്നു

6 days ago 4

തമിഴ് താരം സൂര്യയെ നായകനാക്കി പ്രമുഖ തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 14-ന് ലോകമെമ്പാടും തിയറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.

ചിത്രത്തിന്റെ പ്രീ-സെയിൽ കണക്കുകളാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. റിലീസിന് മുമ്പ് തന്നെ വിവിധ അവകാശ വിൽപ്പനകളും പ്രീ-സെയിൽ ഇടപാടുകളും ചേർന്ന് ചിത്രം ഏകദേശം 300 കോടി രൂപ നേടിയതായി ഡിടി നെക്സ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, റിപ്പോർട്ടുകൾ ആരാധകരിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി സഹകരിച്ച് സിതാര എന്റർടെയ്ൻമെന്റ്സ് ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനമായ ‘പട്ടാമ്പൂച്ചി’ മികച്ച പ്രതികരണമാണ് നേടിയത്. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ഗാനത്തിൽ മമിത ബൈജുവിന്റെ നൃത്ത പ്രകടനവും ശ്രദ്ധ നേടിയിരുന്നു.

സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമായ ‘വിശ്വനാഥ് ആൻഡ് സൺസ്’, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രത്തിന്റെ തിരക്കഥയും വെങ്കി അറ്റ്ലൂരി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

രവീണ ടണ്ടൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ടീസറുകളും പോസ്റ്ററുകളും നൽകുന്ന സൂചനകൾ പ്രകാരം, കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു സമ്പൂർണ ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്.

അതേസമയം, ചിത്രത്തിന്റെ ഒടിടി സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിട്ടുണ്ട്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, സൂര്യയുടെ ഈ ബിഗ് ബജറ്റ് ചിത്രം ബോക്സ് ഓഫീസിൽ എത്രത്തോളം മുന്നേറ്റം നടത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

Read Entire Article