ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് 13.43 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്ര സര്‍ക്കാര്‍

9 months ago 9

വിശാഖപട്ടണം: രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം ഒരിക്കല്‍ പിന്മാറേണ്ടി വന്ന ലുലു ഗ്രൂപ്പ് വീണ്ടും വമ്പന്‍ പദ്ധതികളുമായി ആന്ധ്രപ്രദേശിcടൽ ചുവടുറപ്പിക്കുന്നു. വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ നിര്‍മിക്കുന്ന ഷോപ്പിങ് മാളിനായി 13.43 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് ലുലുവിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. വിശാഖപട്ടണം ബീച്ച് റോഡിലെ ഹാര്‍ബര്‍ പാര്‍ക്കിലാണ് പദ്ധതി ഉയരുന്നത്.

ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, 8 സ്‌ക്രീന്‍ ഐമാക്‌സ് സിനിമ, വിശാലമായ ഫുഡ്‌കോര്‍ട്ട്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് എന്നിവ ഉള്‍ക്കൊള്ളുന്നതായിരിക്കും മാള്‍. നിര്‍മാണം പൂര്‍ത്തിയാകുന്നതോടു കുടി വിശാഖപട്ടണത്തെത്തുന്ന സഞ്ചാരികള്‍ക്കും തദ്ദേശിയര്‍ക്കും ഒരുപോലെ ഉപകരിക്കുന്ന ഷോപ്പിങ്/ഉല്ലാസ കേന്ദ്രമാണ് ലുലു വിഭാവനം ചെയ്യുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആന്ധ്രപ്രദേശില്‍ മാള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ ലുലു അധികൃതര്‍ ആരംഭിച്ചിരുന്നു. ഇതിനായി വിശാഖപട്ടണത്ത് അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഭൂമി അനുവദിക്കുകയും ചെയ്തു. എന്നാല്‍ നായിഡു അധികാരത്തില്‍ നിന്നും പുറത്തായി 2019-ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായതോടെ പദ്ധതി റദ്ദാക്കുകയും ലുലുവിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. തറക്കല്ലിട്ടതിന് ശേഷമായിരുന്നു ജഗന്‍ മോഹന്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ച തീരുമാനം റദ്ദാക്കിയത്. ഇതോടെയാണ് ഇനി ആന്ധ്രയില്‍ നിക്ഷേപം നടത്താനില്ലെന്ന് അന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തതോടെ ആന്ധ്രയിലെ പദ്ധതികള്‍ ലുലു പൂര്‍ണമായി ഉപേക്ഷിക്കുകയും തെലങ്കാനയും കര്‍ണാടകയും അടക്കമുള്ള അയല്‍സംസ്ഥാനങ്ങളില്‍ പുതിയ മാളുകള്‍ ആരംഭിക്കുകയും ചെയ്തു.

എന്നാല്‍, അധികാരത്തിൽ തിരിച്ചെത്തിയ ചന്ദ്രബാബു നായിഡു വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലിയെ ക്ഷണിക്കുകയും പദ്ധതികളെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തുകയും ചെയ്തു. നായിഡുവിന്റെ ക്ഷണം സ്വീകരിച്ച ലുലു ആന്ധ്രയില്‍ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

തീരദേശ നഗരമായ വിശാഖപട്ടണത്തിന് പുറമെ ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ അമരാവതിയിലും തിരുപ്പതിയിലും ഷോപ്പിങ് മാള്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ നിര്‍മിക്കാന്‍ സന്നദ്ധരാണെന്ന് ലുലു ആന്ധ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ പദ്ധതിക്ക് സംസ്ഥാന നിക്ഷേപ പ്രമോഷന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതിന് പിന്നാലെ ഇപ്പോള്‍ മന്ത്രിസഭയും അന്തിമ അനുമതി നല്‍കി. ഇതോടെ എത്രയും പെട്ടെന്ന് തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

Content Highlights: Lulu Group`s Mega Mall successful Visakhapatnam

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article