ലോഹ വിപണിയില്‍ അനിശ്ചിതത്വം: വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കാം

5 months ago 7

സാമ്പത്തിക പ്രശ്നങ്ങള്‍ക്കും ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കും നടുവിലാണ് അടിസ്ഥാന ലോഹ വിപണി. അമേരിക്കയുടെ വ്യാപാര നയങ്ങളും കറന്‍സി മൂല്യ വ്യതിയാനവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ചൈനയിലെ ഉത്പാദന, വിതരണ ബലതന്ത്രവും സുപ്രധാന വ്യവസായ ലോഹങ്ങളായ അലുമിനിയത്തിന്റേയും ചെമ്പിന്റേയും വിലയില്‍ വലിയ അസ്ഥിരത സൃഷ്ടിച്ചിട്ടുണ്ട്.

യുഎസ് വ്യാപാരച്ചുങ്കം
സുപ്രധാന ലോഹ ഉത്പാദകര്‍ ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം കനത്ത ചുങ്കം ഏര്‍പ്പെടുത്തിയിരിക്കയാണ്. അമേരിക്കന്‍ വ്യവസായങ്ങളെ സംരക്ഷിക്കാനാണ് ചുങ്കം ഏര്‍പ്പെടുത്തിയതെങ്കിലും അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അന്യായമായ ചുങ്കം ചുമത്തപ്പെട്ട രാജ്യങ്ങള്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ആഗോള വിതരണ ശൃംഖല താറുമാറായി.

ഡോളറിന്റെ ശക്തി ക്ഷയം
വര്‍ധിയ്ക്കുന്ന ധനകമ്മിയും മൃദു സാമ്പത്തിക നയങ്ങളും കാരണം 2025ല്‍ യുഎസ് ഡോളറിന്റെ ശക്തി കുറയാന്‍ തുടങ്ങി. അടിസ്ഥാന ലോഹങ്ങളുടെ വില യുഎസ് ഡോളറിലായതിനാല്‍, ഡോളര്‍ മൂല്യം കുറയുമ്പോള്‍ വിദേശ ഉപഭോക്താക്കള്‍ക്ക് വാങ്ങല്‍ ചിലവു കുറയുമെങ്കിലും ക്രമേണ ഡിമാന്റ് വര്‍ധിക്കുകയും വില വര്‍ധനയ്ക്ക് ഇടയാക്കുകയും ചെയ്യും.

ഇലക്ട്രിക് രംഗത്തെ അടിസ്ഥാന ഉല്‍പന്ന നിര്‍മ്മാണത്തിനും ഹരിത സാങ്കേതിക വിദ്യയ്ക്കും വ്യാപകമായി ഉപയോഗിക്കുന്ന ലോഹമായ ചെമ്പിന്റെ കാര്യത്തില്‍ ഇതു വ്യക്തമായി കാണാം. വിനിമയ നിരക്കിന്റെ ഗുണം ആഗോള ഉപഭോക്താക്കള്‍ക്കു ലഭിക്കുമ്പോള്‍ വിതരണ തടസങ്ങള്‍ക്കിടയിലും ചെമ്പിന്റെ വില കൂടിയിട്ടുണ്ട്. ചരക്കു ഗതാഗത, പാക്കേജിംഗ് രംഗങ്ങളില്‍ ഉപയോഗിക്കുന്ന അലുമിനിയത്തിന്റെ വിലയിലും കുതിപ്പുണ്ടായി.

വിതരണ ശൃംഖലകളിലെ തടസങ്ങള്‍
കിഴക്കന്‍ യൂറോപ്പ്, ദക്ഷിണ ചൈനാ കടല്‍ മേഖല, മിഡിലീസ്റ്റ് എന്നിവിടങ്ങളില്‍ ഉള്‍പ്പടെയുള്ള ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലോഹ വിപണിയില്‍ കൂടുതല്‍ സങ്കീര്‍ണത സൃഷ്ടിക്കുകയാണ്. സംഘര്‍ഷങ്ങളും ഉപരോധങ്ങളും ഖനന പ്രക്രിയയേയും ചരക്കു ഗതാഗതത്തേയും വ്യാപാര ഉടമ്പടികളേയും ബാധിക്കുകയും ഇത് ഉത്പാദനക്കുറവിനിടയാക്കുകയും ചെയ്യും.

മുന്‍നിര അലുമിനിയം ഉത്പാദകരാജ്യമായ റഷ്യയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ ഉപരോധത്തിലേക്കു നയിക്കുകയും പാശ്ചാത്യ വിപണികളിലേക്കുള്ള അലുമിനിയം കയറ്റുമതി തടസപ്പെടുകയും ചെയ്തു. ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോ പോലെ ചെമ്പുത്പാദിപ്പിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലുണ്ടായ അസ്ഥിരത ആഗോള വിതരണ രംഗത്തെ ബാധിച്ചിട്ടുണ്ട്. ഇത്തരം തടസങ്ങള്‍ ഊഹക്കച്ചവടത്തിനും അതുവഴി വിപണിയില്‍ വില വര്‍ധനയ്ക്കും ഇടയാക്കുന്നു.

ചൈനയിലെ സപ്ളെ-ഡിമാന്റ് ബലതന്ത്രം
അടിസ്ഥാന ലോഹങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ചൈന. അവരുടെ ആഭ്യന്തര നയങ്ങളും, വ്യാവസായിക ഉല്‍പാദനവും, പാരിസ്ഥിതിക നിയമങ്ങളും ആഗോള വില നിലവാരത്തെ ബാധിക്കാറുണ്ട്. 2025ല്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച, തളര്‍ച്ച നേരിടുകയാണ്. ശുദ്ധ ഊര്‍ജത്തിലേക്കുള്ള മാറ്റവും ഡിമാന്റിനേയും ഉത്പാദനത്തേയും ബാധിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ കുറവും അടിസ്ഥാന പദ്ധതികള്‍ക്കുള്ള ചെലവഴിക്കലുകളിലുണ്ടായ നിയന്ത്രണവും ചെമ്പിന്റെ ഉപയോഗം കുറയാനിടയാക്കി. ഇലക്ട്രിക് വാഹനങ്ങളിലേക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലേക്കുമുള്ള അതിവേഗ മാറ്റം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെമ്പിന്റെ ഡിമാന്റിനു ഗുണകരമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഉത്പാദനം കുറയാനും അതുവഴി ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കാനും ഇടയാക്കുന്നുണ്ട്.

ചൈനയില്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ വന്‍തോതില്‍ വാതകം പുറത്തു വിടുന്ന ധാരാളം സംസ്‌കരണ ശാലകള്‍ പൂട്ടാന്‍ ഇടയായി. അലുമിനിയം ഉത്പാദന മേഖലയിലായിരുന്നു കൂടുതല്‍. ആഗോളതലത്തില്‍ ഉത്പാദനം കുറയാനും വില വര്‍ധിക്കാനും ഇതിടയാക്കി. ഉത്പാദകരായ ഇതര രാജ്യങ്ങള്‍ക്ക് ഈവിടവു നികത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്.

അമേരിക്കന്‍ ചുങ്കം സംബന്ധിച്ച അനിശ്ചിതത്വവും കറന്‍സി മൂല്യ വ്യതിയാനങ്ങളും ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ചൈനയിലെ മാറുന്ന വ്യവസായ രംഗവുമെല്ലാം അടിസ്ഥാന ലോഹ മേഖലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നു. പരമ്പരാഗത നിര്‍മ്മാണ മേഖലയ്ക്കും പുതുസാങ്കേതിക വിദ്യയ്ക്കും ഒരു പോലെ ആവശ്യമായ അലുമിനിയവും ചെമ്പുമാണ് ഈ മാറ്റത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്നത്.

ഹ്രസ്വകാലയളവില്‍, അടിസ്ഥാന ലോഹ വിലയിലെ അനിശ്ചിത്വം തുടരാനാണിട. നിക്ഷേപകരും നിര്‍മ്മാതാക്കളും നയങ്ങള്‍ രൂപീകരിക്കുന്നവരും ഈ ഘട്ടം കരുത്തോടെ നേരിടുകയാണ് വേണ്ടത്. സുരക്ഷാ തന്ത്രങ്ങള്‍, വാങ്ങുന്നതിലെ വൈവിധ്യവല്‍ക്കരണം, സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാവുന്ന വ്യാപാര തന്ത്രങ്ങള്‍ എന്നിവയിലൂടെയാവണം ഈ ഘട്ടം തരണം ചെയ്യേണ്ടത്. ഉത്പാദനത്തിനും ഡിമാന്റിനുമപ്പുറം ആഗോള ശക്തികള്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന വിപണിയില്‍ ഇത് അനിവാര്യമാണ്.

Content Highlights: Geopolitical Tensions and Trade Wars: Impact connected Aluminum and Copper Markets

ABOUT THE AUTHOR

ഹരീഷ് വി

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സില്‍ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article