Published: October 03, 2026 08:25 AM IST Updated: October 03, 2026 09:52 AM IST
1 minute Read
നഗോയ∙ ഏഷ്യൻ ഗെയിംസ് 14–ാം ദിനം ഇന്ത്യയ്ക്കു രണ്ടാം സ്വർണം. വനിതാ ഗോൾഫ് വ്യക്തിഗത സ്ട്രോക് പ്ലേയിൽ പ്രണവി ഉർസാണ് സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ് ഗോൾഫിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മൈസൂരു സ്വദേശിയായ 23 വയസ്സുകാരി പ്രണവി. ഫൈനൽ റൗണ്ടിൽ ഒരു സ്ട്രോക്കിന്റെ നേരിയ ലീഡ് നിലനിർത്തിയാണ് പ്രണവി ചരിത്രനേട്ടം കുറിച്ചത്. 2002ൽ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിൽ ശിവ് കപൂർ സ്വർണ നേടിയതിന് ശേഷം ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണ മെഡലാണിത്. പ്രണവിയുടെ ഈ മികച്ച പ്രകടനം ഇന്ത്യക്ക് ടീം ഇനത്തിൽ വെള്ളി മെഡൽ സമ്മാനിക്കുന്നതിനും നിർണായകമായി. ടീം ഇനത്തിൽ പ്രണവി ഉർസ്, അദിതി അശോക്, ദീക്ഷാ ദാഗർ സഖ്യമാണ് വെള്ളി നേടിയത്.
What you should work next
വനിതകളുടെ ആർച്ചറി റീകർവ് വ്യക്തിഗത ഇനത്തിൽ പതിനേഴുകാരി കുങ്കും മൊഹോദാണ് ഇന്നത്തെ ആദ്യ സ്വർണം നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയയുടെ ഓ യെജിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കുങ്കും ചരിത്രനേട്ടം കൈവരിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസ് റീകർവ് വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി കുങ്കും മാറി. ഈ ഗെയിംസിൽ താരത്തിന്റെ മൂന്നാം മെഡലാണിത്. വെള്ളിയാഴ്ച അങ്കിത ഭഗത്, കീർത്തി ശർമ എന്നിവർക്കൊപ്പം വനിതാ ടീം റിക്കർവ് ഇനത്തിൽ സ്വർണവും, ധീരജ് ബൊമ്മദേവരയ്‌ക്കൊപ്പം മിക്സഡ് ജോഡി ഇനത്തിൽ വെള്ളിയും കുങ്കും നേടിയിരുന്നു.
ഫൈനലിൽ ഇരുവരും 5-5 എന്ന നിലയിൽ സമനില പാലിച്ചതിനെത്തുടർന്നാണ് വിജയിയെ നിർണയിക്കാൻ ഷൂട്ടൗട്ട് നടത്തിയത്. ഷൂട്ടൗട്ടിൽ കുങ്കും 10 പോയിന്റ് സ്കോർ ചെയ്തപ്പോൾ, കൊറിയൻ താരം ഓ യെജിന് 8 പോയിന്റ് മാത്രമേ നേടാനായുള്ളൂ. ഇതോടെ സ്വർണമെഡൽ ഇന്ത്യയ്ക്ക്. നേരത്തെ, സെമിഫൈനലിൽ ചൈനയുടെ ജിംഗിയി ഷുവിനെ 6-2 ന് തോൽപ്പിച്ചതോടെ തന്നെ കുങ്കും ഇന്ത്യക്കായി ഒളിംപിക് ക്വാട്ട ഉറപ്പാക്കിയിരുന്നു. 2028 ലൊസാഞ്ചലസ് ഒളിംപിക്സിലേക്ക് ലഭ്യമായിരുന്ന രണ്ടു ക്വാട്ടകളിൽ ഒന്നാണ് കുങ്കും സ്വന്തമാക്കിയത്. നിയമപ്രകാരം ഈ ക്വാട്ട രാജ്യത്തിനാണ് ലഭിക്കുക.
English Summary:
Asian Games 2026 Day 14: LIVE Updates






English (US) ·