വന്‍ അഴിച്ചുപണി: റീട്ടെയിലുകാരുടെ ഇഷ്ട ഓഹരികള്‍ പുറത്ത്, എല്‍ഐസിയുടെ നിക്ഷേപം എവിടെ?

5 months ago 5

രാജ്യത്തെ ഏറ്റവും വലിയ ഓഹരി നിക്ഷേപ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി) ഓഹരി പോര്‍ട്‌ഫോളിയോ പുനഃക്രമീകരിച്ചു. 81 കമ്പനികളിലെ ഓഹരി പങ്കാളിത്തം ജൂണ്‍ പാദത്തില്‍ കുറച്ചു. അതോടൊപ്പം പൊതുമേഖലയിലെ നാല് പ്രതിരോധ ഓഹരികള്‍ പുതിയതായി ഉള്‍പ്പെടുത്തുകയും ചെയ്തു. റീട്ടെയില്‍ നിക്ഷേപകരുടെ ഇഷ്ട ഓഹരികളായ വേദാന്ത, സുസ്‌ലോണ്‍, റിലയന്‍സ് പവര്‍ തുടങ്ങിയ ഓഹരികളിലെ നിക്ഷേപം വന്‍തോതില്‍ കുറയ്ക്കുകയും ചെയ്തു. നിലവില്‍ എല്‍.ഐ.സിയുടെ പോര്‍ട്‌ഫോളിയോയില്‍ 277 ഓഹരികളാണുള്ളത്.

പ്രതിരോധ താത്പര്യം
എല്‍.ഐ.സിയുടെ പുതിയ നിക്ഷേപ തന്ത്രം പ്രതിരോധ മേഖലയിലെ താത്പര്യം എടുത്തുകാട്ടുന്നതാണ്. മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സില്‍ കൂടുതല്‍ നിക്ഷേപം നടത്തിയതായി കാണാം. 3,857 കോടി രൂപ മൂല്യമുള്ള 3.27 ശതമാനം ഓഹരികളാണ് ഇപ്പോള്‍ എല്‍.ഐ.സിയുടെ കൈശമുള്ളത്. കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ ഓഹരി പങ്കാളിത്തം 3.05 ശതമാനമായും ഭാരത് ഇലക്ട്രോണിക്‌സിലേത് 1.99 ശതമാനമായും ഉയര്‍ത്തി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് (എച്ച്.എ.എല്‍)ലിമിറ്റഡിലെ പങ്കാളിത്തം 2.77 ശതമാനമാക്കുകയും ചെയ്തു.

വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രതിരോധ ചെലവിലെ വര്‍ധന, തദ്ദേശീയവത്കരണത്തിനുള്ള സര്‍ക്കാര്‍ ഊന്നല്‍, നാറ്റോയുടെ പ്രതിരോധ ചെലവിലെ വര്‍ധന എന്നിവയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ ഓഹരികള്‍ ഏതാനും മാസങ്ങളായി നിക്ഷേപക റഡാറിലുണ്ട്. ആറ് മാസത്തിനിടെ നിഫ്റ്റി ഇന്ത്യ ഡിഫെന്‍സ് സൂചിക 34 ശതമാനം ഉയര്‍ന്നിരുന്നു. പൊതുമേഖല കപ്പല്‍ നിര്‍മാതാക്കളായ ജിആര്‍എസ്ഇയുടെ ഓഹരികള്‍ 71 ശതമാനം മുന്നേറ്റം നടത്തി പ്രതിരോധത്തില്‍ മുന്നില്‍നിന്നു.

ടെക്കും സാമ്പത്തിക സേവനവും
പ്രതിരോധത്തിന് പുറമെ, സാങ്കേതിക വിദ്യ, സാമ്പത്തിക സേവനം എന്നീ മേഖലകളിലും എല്‍.ഐ.സി നിക്ഷേപം വര്‍ധിപ്പിച്ചു. ഇന്‍ഫോസിസിലെ ഓഹരി പങ്കാളിത്തം 10.88 ശതമാനമാക്കി. നിലവില്‍ 63,400 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കൈവശമുള്ളത്. എച്ച്.സി.എല്‍ ടെക്‌നോളജീസില്‍ 21,900 കോടി മൂല്യമുള്ള 5.31 ശതമാനം ഓഹരികളുമാണ് പോര്‍ട്‌ഫോളിയോയിലുള്ളത്.

ബാങ്കിങ് ഓഹരികളിലെ പുനഃക്രമീകരണം ശ്രദ്ധേയമാണ്. പ്രമുഖ സ്വകാര്യ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറച്ചു. അതേസമയം, പൊതുമേഖല ബാങ്കുകളെ പിന്തുണയ്ക്കുകയും ചെയ്തു. എച്ച്ഡിഎഫ്‌സി ബാങ്കിലെ പങ്കാളിത്തത്തില്‍ 0.30 ശതമാനം കുറവ് വരുത്തി. ഇതോടെ ഓഹരി വിഹിതം 5.45 ശതമാനമായി. ഐസിഐസിഐ ബാങ്കിലെ നിക്ഷേപം 0.42 ശതമാനം കുറച്ചതോടെ 6.38 ശതമാനവുമായി.

ബാങ്ക് ഓഫ് ബറോഡയിലെ നിക്ഷേപം കൂട്ടി. 0.61 ശതമാനം വര്‍ധിപ്പിച്ചതോടെ പങ്കാളിത്തം 7.51 ശതമാനമായി. കാനാറ ബാങ്കിലേത് 0.13 ശതമാനം വര്‍ധിപ്പിച്ച് 5.85 ശതമാനമാക്കി. പൊതുമേഖല ബാങ്കുകളോടുള്ള എല്‍ഐസിയുടെ താത്പര്യം ഇതില്‍നിന്ന് വ്യക്തമാണ്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ പങ്കാളിത്തം 0.55 ശതമാനം കൂട്ടി. 6.68 ശതമാനമാക്കി. ടാറ്റാ മോട്ടോഴ്‌സിലെ നിക്ഷേപമാകാട്ടെ 3.89 ശതമാനവുമായി ഉയര്‍ത്തി.

പ്രധാന വിഹിതം
എല്‍.ഐ.സിയുടെ ഏറ്റവും കൂടുതല്‍ നിക്ഷേപം ഇപ്പോഴും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍തന്നെയാണ്. 1.3 ലക്ഷം കോടി രൂപ മൂല്യമുള്ള 6.93 ശതമാനം ഓഹരികള്‍ എല്‍.ഐ.സിക്ക് സ്വന്തമാണ്. 0.19 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ വരുത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഐ.ടി.സിയില്‍ 15.8 ശതമാനവും പങ്കാളിത്തമുണ്ട്. ഇതിന്റെ മൂല്യം 82,200 കോടി രൂപവരും.

ഏറ്റവും കൂടുതല്‍ നിക്ഷേപ വിഹിതമുള്ള 10 ഓഹരികളുടെ മൊത്തം മൂല്യം ആറ് ലക്ഷം കോടി രൂപയിലേറെയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് (68,600 കോടി), എസ്ബിഐ (66,300 കോടി), എല്‍ആന്റ്ടി (64,100 കോടി) എന്നിവയാണ് പത്തിലെ മറ്റ് ഓഹരികള്‍.

താത്പര്യം ഈ മേഖലകളില്‍
പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് പുറമെ, പുനരുപയോഗ ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ മേഖലകളിലും വിഹിതമുയര്‍ത്തിക്കൊണ്ടാണ് എല്‍ഐസി പോര്‍ട്ട്‌ഫോളിയോ പുനഃക്രമീകരണം നടത്തിയത്.

ഓഹരി വിപണിയില്‍ കനത്ത ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ എല്‍.ഐ.സിയുടെ നീക്കം ജാഗ്രതയോടെയാണെന്ന് കാണാം. മൂല്യനിര്‍ണയത്തില്‍ ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകൂടി കണക്കിലെടുത്താണ് ഇന്‍ഷുറന്‍സ് ഭീമന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

Content Highlights: LIC Restructures Portfolio: Boosts Defense, Tech, and Financial Services Holdings

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article