വന്‍കിട ബിസിനസുകളില്‍ നിക്ഷേപ അവസരം: സാധ്യതകള്‍ തുറന്ന് ബിസിനസ് കോണ്‍ഗ്ലോമറേറ്റ് ഫണ്ടുകള്‍

4 months ago 5

ടാറ്റ, ബിര്‍ള, ബജാജ്, മഹീന്ദ്ര, ഗോദ്‌റെജ് തുടങ്ങി ഇന്ത്യയിലെ പ്രശസ്തമായ ബിസിനസ് കുടുംബങ്ങളെ കാലങ്ങളായി ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ജിന്‍ഡാല്‍, അദാനി, അംബാനി തുടങ്ങിയ വ്യവസായ പ്രമുഖരുടെ കുടുംബങ്ങളെ പിന്തുടരുകയും അവരുടെ വിശാലമായ സാമ്രാജ്യങ്ങളില്‍ ഒരു ഓഹരി സ്വന്തമാക്കാന്‍ സ്വപ്നം കാണാറുണ്ടോ?

മിക്കവാറും ചെറുകിട നിക്ഷേപകരെ സംബന്ധിച്ചെടുത്തോളം ഈ വിഭാഗങ്ങളിലെ കമ്പനികളില്‍ ഓരോ ഓഹരി വീതം വാങ്ങുക എന്നത് ചെറിയ കാര്യമല്ല. ഓരോ ഗ്രൂപ്പിന് കീഴിലുമുള്ള ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ എണ്ണം തന്നെ വളരെയേറെയുണ്ട്. ഇതിനുപുറമെ, നിരവധി മേഖലകളിലുള്ള ഏതൊക്കെ ബിസിനസുകളാണ് മികച്ച പ്രകടനം കാഴ്ചവെക്കുക എന്ന് വിലയിരുത്താനുള്ള ബുദ്ധിമുട്ടുകൂടിയാവുമ്പോള്‍ ഈ ദൗത്യം കൂടുതല്‍ പ്രയാസമേറിയതാകുന്നു.

ബിസിനസ് കോണ്‍ഗ്ലോമറേറ്റ് ഫണ്ടുകള്‍
ഇന്ത്യയിലെ വന്‍കിട ബിസിനസ് കുടുംബങ്ങളുടെ ആസ്തിയില്‍ ഒരു ഭാഗം സ്വന്തമാക്കുന്നതിനുള്ള ചെലവു കുറഞ്ഞതും ബുദ്ധിപരവുമായ മാര്‍ഗ്ഗമാണ് ബിസിനസ്സ് കോണ്‍ഗ്ലോമറേറ്റ് ഫണ്ടുകള്‍. സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്ലോമറേറ്റുകളിലാണ് ഈ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ നിക്ഷേപിക്കുന്നത്.

പരിചയസമ്പന്നരായ ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുകയും ഗവേഷകരായ അനലിസ്റ്റുകള്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന ഈ ഫണ്ടുകള്‍, വന്‍കിട കുടുംബ ബിസിനസ് ഗ്രൂപ്പുകളുടെ ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്നവയെ തിരഞ്ഞെടുക്കുന്നു. പോക്കറ്റിനിണങ്ങളുന്ന തുകയില്‍ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയുന്നുവെന്നതാണ് നേട്ടം.

പ്രചാര വര്‍ധനവിന് പിന്നില്‍
ഡീമെര്‍ജറുകളിലൂടെയും പുനഃസംഘടനയിലൂടെയും മൂല്യം വര്‍ധിപ്പിക്കുന്നതിലുള്ള സാധ്യതയാണ് പ്രധാന കാരണം. ഇത്തരം നീക്കങ്ങളിലൂടെ പ്രത്യേക ബിസിനസ് വിഭാഗങ്ങളെ ലിസ്റ്റ് ചെയ്യാനോ വില്‍ക്കാനോ അനുവദിക്കുന്നു. ഇത് പലപ്പോഴും മൊത്തത്തിലുള്ളതിനേക്കാള്‍ വലിയ മൂല്യനിര്‍ണ്ണയത്തിലേക്ക് നയിക്കുന്നു. അടുത്തിടെയുണ്ടായ ഉദാഹരണങ്ങള്‍ നോക്കാം.

  • ഐടിസി ഹോട്ടല്‍ ബിസിനസിനെ പ്രത്യേക സ്ഥാപനമായി വേര്‍പെടുത്തി.
  • റെയ്മണ്ട് ലൈഫ്സ്റ്റൈല്‍ വിഭാഗത്തെ വേര്‍തിരിച്ചു.
  • ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ക്വാളിറ്റി വാള്‍സ് ഐസ്‌ക്രീം യൂണിറ്റിനെ മറ്റൊരു കമ്പനിയാക്കി.

കുടുംബപരമായ ഒത്തുതീര്‍പ്പുകളും തന്ത്രപരമായ വിഭജനങ്ങളും ഘടക ബിസിനസ്സുകളില്‍ കൂടുതല്‍ വ്യക്തമായ ഉടമസ്ഥാവകാശത്തിനും, കൃത്യമായ ശ്രദ്ധയ്ക്കും, വേഗത്തിലുള്ള വളര്‍ച്ചയ്ക്കും കാരണമാകുന്നു. ആസ്തി വില്പനയിലൂടെ ലഭിക്കുന്ന മൂലധനം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ഇലക്ട്രിക് മൊബിലിറ്റി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചയുള്ളതും കൂടുതല്‍ മൂലധനം ആവശ്യമുള്ളതുമായ വ്യവസായങ്ങളില്‍ നിക്ഷേപിക്കാന്‍ ഊര്‍ജം പകരുന്നു.

ഈ പ്രവണതകളില്‍ ചിലത് ബഹുരാഷ്ട്ര കമ്പനികളുടെ (MNCs) ആഗോള കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളാല്‍ നയിക്കപ്പെടുന്നവയാണ്. ഉദാഹരണത്തിന്, ജനറല്‍ ഇലക്ട്രിക് (ജിഇ) 3 ബിസിനസ് ലൈനുകളായി വേര്‍പിരിഞ്ഞത്, ഹണിവെല്ലിന്റെ പ്രഖ്യാപിത വിഭജനം, ബിഎഎസ്എഫ് ഇന്ത്യയുടെ വിഭജനം എന്നിവ. ഇഷ്ടപ്പെട്ട മേഖലകളെ പിന്തുണയ്ക്കുന്നതിനായി ബിസിനസുകളെ വളര്‍ത്തി, വലുതാക്കി, തുടര്‍ന്ന് വേര്‍പെടുത്തുന്നതിന്റെ സമാനമായ പാതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പ്രധാന നേട്ടങ്ങള്‍

  • പ്രശസ്തമായ ബ്രാന്‍ഡുകളിലേക്കുള്ള പ്രവേശനം: ഇന്ത്യയിലെ ഏറ്റവും ആദരണീയവും തിരിച്ചറിയാവുന്നതുമായ കമ്പനികളില്‍ ഓഹരികള്‍ സ്വന്തമാക്കാം.
  • മേഖലകളിലെ വൈവിധ്യം: ഒരൊറ്റ നിക്ഷേപത്തിലൂടെ ഒന്നിലധികം വ്യവസായങ്ങളില്‍ അവസരം.
  • പ്രൊഫഷണല്‍ മാനേജ്മെന്റ്: ഓരോ ഗ്രൂപ്പിലെയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബിസിനസ്സുകളെ വിദഗ്ദ്ധര്‍ തിരഞ്ഞെടുക്കുന്നു.
  • വളര്‍ച്ചയിലും പുനഃസംഘടനയിലും പങ്കാളിത്തം: വിപുലീകരണം മൂല്യം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍നിന്ന് നേട്ടമുണ്ടാക്കാം.

ഓരോ ഓഹരികളും പ്രത്യേകം വാങ്ങുന്നതിന്റെ സങ്കീര്‍ണതയോ ചെലവോ ഇല്ലാതെ ഇന്ത്യയിലെ ഏറ്റവും ശക്തവും വൈവിധ്യമാര്‍ന്നതുമായ ബിസിനസ്സ് ഗ്രൂപ്പുകളിലേക്ക് പ്രവേശിക്കാന്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ബിസിനസ്സ് കോണ്‍ഗ്ലോമറേറ്റ് ഫണ്ടുകള്‍ അവസരം നല്‍കുന്നു. പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ സഹായത്തോടെ, ഇന്ത്യയിലെ കോര്‍പ്പറേറ്റ് പ്രമുഖരുടെ വളര്‍ച്ച, പുനഃസംഘടന, നവീകരണം എന്നിവയുടെ ഭാഗമാകാനും അതോടൊപ്പം പോര്‍ട്ട്‌ഫോളിയോയില്‍ മികച്ച മുന്നേറ്റമുണ്ടാക്കാനും അവസരം ലഭിക്കുന്നു.

Content Highlights: Accessing India's Top Business Houses Through Conglomerate Funds

ABOUT THE AUTHOR

ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിന്റെ ഇക്വിറ്റി വിഭാഗം സീനിയര്‍ ഫണ്ട് മാനേജരാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article