വസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടു, നികുതി ബാധ്യത കുറയ്ക്കാം

6 months ago 8

ദീര്‍ഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിന് ചെലവ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ സൂചിക (കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്സ്-സിഐഐ) കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.

2025-26 സാമ്പത്തിക വര്‍ഷത്തെ സൂചിക 376 ആണ്. മുന്‍വര്‍ഷത്തെ സിഐഐ 363 ആയിരുന്നു. 2023-24ലേതാകട്ടെ 348ഉം. ദീര്‍ഘകാല മൂലധന നേട്ടവും മൂലധന നഷ്ടവും കണക്കാക്കി നികുതി അടയ്ക്കുന്നതിനാണ് ഈ സൂചിക പ്രയോജനപ്പെടുത്തുന്നത്. കാലകാലങ്ങളില്‍ പണപ്പെരുപ്പ നിരക്കുകള്‍ വിലയിരുത്തി ധനമന്ത്രാലയമാണ് സൂചികയിലെ നമ്പറുകള്‍ പരിഷ്‌കരിക്കുന്നത്.

വസ്തു, സ്വര്‍ണം, ഡെറ്റ് മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍നിന്നുള്ള മൂലധന നേട്ടം കണക്കാക്കാനാണ് ഈ സൂചിക ബാധകമായിരുന്നത്. എന്നാല്‍ 2024 ജൂലായ് 23 മുതല്‍ വസ്തു ഒഴികെയുള്ള മൂലധന ആസ്തികളില്‍നിന്ന് ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം നീക്കം ചെയ്തു. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം 2024 ജൂലായ് 22നോ അതിന് മുമ്പോ വാങ്ങുകയോ 2024 ജൂലായ് 23നോ അതിനുശേഷമോ വില്‍ക്കുയോ ചെയ്താല്‍ നികുതി ബാധ്യത കുറയ്ക്കുന്നതിന് പഴയതോ പുതിയതോ ആയ വ്യവസ്ഥകള്‍ സ്വീകരിക്കാം.

പഴയ നിയമ പ്രകാരം ഇന്‍ഡക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനം നികുതിയാണ് ബാധകമാകുക. പുതിയത് പ്രകാരം ഇന്‍ഡക്‌സേഷന്‍ ആനുകൂല്യമില്ലാതെ ദീര്‍ഘകാല മൂലധന നേട്ടനികുതി 12.5 ശതമാനമായി കണക്കാക്കും. അതിനാല്‍, 2024 ജൂലായ് 22നോ അതിന് മുമ്പോ സ്വന്തമാക്കിയ വീട് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി കണക്കാക്കാന്‍ സിഐഐ ആവശ്യമായിവരും.

സൂചികയെക്കുറിച്ച് അറിയാം
ദീര്‍ഘകാല മൂലധന നേട്ടത്തില്‍നിന്ന് പണപ്പെരുപ്പ നിരക്കുകള്‍ കുറച്ച് ആദായം കണക്കാക്കുന്നതിനാണ്(ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ്)ഈ സൂചികപ്രകാരം നമ്പര്‍ പുറത്തുവിടുന്നത്.

CII numbers since 2001-02
സാമ്പത്തികവര്‍ഷം സിഐഐ നമ്പര്‍
2025-26376
2024-25363
2023-24348
2022-23331
2021-22317
2020-21301
2019-20289
2018-19280
2017-18272
2016-17 264
2015-16 254
2014-15 240
2013-14 220
2012-13 200
2011-12 184
2010-11 167
2009-10 148
2007-08 129
2006-07 122
2005-06 117
2004-05 113
2003-04109
2002-03 105
2001-02 100

താഴെപ്പറയുന്ന രീതിയില്‍ ഇത് കണക്കാക്കാം

cost inflation

ഉദാഹരണം നോക്കാം. 2002-03 സാമ്പത്തിക വര്‍ഷം 30 ലക്ഷം രൂപയ്ക്ക് വീട് വാങ്ങിയെന്ന് കരുതുക. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ആ വീടിന്റെ പണപ്പെരുപ്പം ക്രമീകരിച്ച വില (376/105)X30 ലക്ഷം രൂപ= 1,07,42,857.14 രൂപയായിരിക്കും. 2025 ഏപ്രില്‍ ഒന്നിനും 2026 മാര്‍ച്ച് 31നും ഇടയില്‍ വില്‍ക്കുകയാണെങ്കില്‍ ഈ 1.07 കോടി രൂപ(പണപ്പെരുപ്പം ക്രമീകരിച്ച വില) വിറ്റവിലയില്‍നിന്ന് കുറച്ച് ദീര്‍ഘകാല മൂലധന നേട്ടം അല്ലെങ്കില്‍ നഷ്ടം കണക്കാക്കാം.

Content Highlights: Updated Cost Inflation Index (CII) for 2025-26: Calculating Long-Term Capital Gains Tax connected Property

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article