വായ്പാ തിരിച്ചടവില്‍ നേട്ടം: എഫ്ഡി പലിശ താഴുന്നത് എങ്ങനെ മറികടക്കാം?

7 months ago 9

മൂന്നാമത്തെ തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് ഭവന-വാഹന വായ്പകളെടുത്തവര്‍ക്ക് ആശ്വാസമാകും. ചെറുകിട ബിസിനസ് ലോണുകള്‍, കാര്‍ഷിക വായ്പ തുടങ്ങിയവ എടുത്തവര്‍ക്കും കൂടുതല്‍ തുക മിച്ചം പിടിക്കാനാകും.

പലിശ നിരക്കില്‍ 0.50 ശതമാനം കുറവ് വരുന്നതോടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ നല്ലൊരു തുക ലാഭിക്കാം. അതല്ലെങ്കില്‍ ഇ.എം.ഐ അതുപോലെതന്നെ നിലനിര്‍ത്തി കാലാവധി കുറയ്ക്കാനുള്ള അവസരം പ്രയോജനപ്പെടുത്താം.

ഉദാഹരണത്തിന്, 20 വര്‍ഷ കാലയളവില്‍ 9 ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപയുടെ ഭവന വായ്പയെടുത്തവരുടെ പലിശ 8.5 ശതമാനമായി കുറയും. അങ്ങനെയെങ്കില്‍ നിലവിലെ തിരിച്ചടവ് തുകയില്‍ 957 രൂപയുടെ കുറവുണ്ടാകും. ഒരുവര്‍ഷം 11,484 രൂപ മിച്ചം പിടിക്കാനാകും. 50 ലക്ഷമാണ് വായ്പയെങ്കില്‍ പ്രതിമാസം 1595 രൂപയുടെ നേട്ടമുണ്ടാകും. ഇതിലൂടെ 19,140 രൂപ ഒരു വര്‍ഷം ലാഭിക്കാം.

ഇ.എം.ഐ മാറ്റമില്ലാതെ നിലനിര്‍ത്തി കാലാവധി കുറയ്ക്കുന്നതാണ് കൂടുതല്‍ മെച്ചം. മൊത്തം പലിശ ബാധ്യതയില്‍ കുറവുണ്ടാകാന്‍ അത് സഹായകരമാകും. ഏപ്രില്‍ മുതല്‍ ആദായ നികുതി ബാധ്യത കുറഞ്ഞതിനാല്‍ ഇ.എം.ഐ അതേപടി നിലനിര്‍ത്തി വായ്പ വേഗം തിരിച്ചടയ്ക്കുന്നതാകും ഉചിതം.

ബാഹ്യ സൂചിക (ഇബിഎല്‍ആര്‍) അടിസ്ഥാനമാക്കിയുള്ള വായ്പകളാണ് വാണിജ്യ ബാങ്കുകളില്‍ ഇപ്പോള്‍ കൂടുതല്‍. അതില്‍തന്നെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പകളിലാകും പലിശയിളവ് വേഗം പ്രതിഫലിക്കുക. ഭവന വായ്പകള്‍, ചെറുകിട ബിസിനസ് (എം.എസ്.എം.ഇ) ലോണുകള്‍, വാഹന-വിദ്യാഭ്യാസ-കാര്‍ഷിക വായ്പകള്‍ തുടങ്ങിയവയിലേറെയും റിപ്പോ റേറ്റുമായി (ഇബിഎല്‍ആര്‍) ബന്ധിപ്പിച്ചവയാണ്.

എസ്ബിഐ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം 35.9 ശതമാനം വായ്പകള്‍ മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാന (എംസിഎല്‍ആര്‍) മാക്കിയുള്ളവയാണ്. അതുകൊണ്ടുതന്നെ പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ പ്രയോജനം വേഗത്തില്‍ ലഭിക്കാന്‍ റിപ്പോ നിരക്ക് (ഇബിഎല്‍ആര്‍) സംവിധാനത്തിലേയ്ക്ക് മാറേണ്ടതുണ്ട്.

പലിശ ഇനിയും കുറയുമോ?
പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ വളര്‍ച്ച ലക്ഷ്യമിട്ട് ഇനിയും ആര്‍ബിഐ നിരക്കുകള്‍ കുറച്ചേക്കാം. കാല്‍ ശതമാനം കുറവ് ഇനിയും പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. നീണ്ട ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യമായി റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയത്. മൂന്നുതവണയായി ഇതുവരെ ഒരു ശതമാനം കുറയ്ക്കുകയും ചെയ്തു.

നിക്ഷേപ പലിശ
ആര്‍ബിഐ നിരക്ക് താഴ്ത്താന്‍ തുടങ്ങിയതോടെ വായ്പാ പലിശയേക്കാള്‍ വേഗത്തില്‍ നിക്ഷേപ പലിശ കുറയാന്‍ തുടങ്ങും. ഫെബ്രുവരിയിലും ഏപ്രിലിലും കാല്‍ ശതമാനം വീതം റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ബാങ്കുകള്‍ താഴ്ത്തി. 30 ബേസിസ് പോയന്റ് മുതല്‍ 70 ബേസിസ് പോയന്റുവരെയാണ് കുറച്ചത്. സേവിങ്‌സ് അക്കൗണ്ടകളുടെ പലിശയിലും നിരക്ക് കുറയ്ക്കല്‍ പ്രതിഫലിച്ചു. 2.70 ശതമാനമാണ് പല ബാങ്കുകളും എസ്ബി അക്കൗണ്ടിലെ ബാലന്‍സിന് നല്‍കുന്നത്. ഹ്രസ്വ-ഇടക്കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശയാകും ബാങ്കുകള്‍ ആദ്യം കുറയ്ക്കുക.

എങ്ങനെ നേരിടാം?
ബാങ്കുകള്‍ ഇപ്പോഴും ആകര്‍ഷകമായ പലിശയില്‍ വിവിധ കാലയളവില്‍ എഫ്ഡികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പലിശ കുറയ്ക്കുന്നതിന് മുമ്പ് നിലവിലെ നിരക്കുകളില്‍ വൈകാതെ സ്ഥിര നിക്ഷേപമിടുകയെന്നതാണ് പ്രധാനം. പലിശ നിരക്കുകള്‍ താരമത്യം ചെയ്ത് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവ നിക്ഷേപത്തിനായി പരിഗണിക്കാം. ദീര്‍ഘകാലയളവില്‍ സ്ഥിരനിക്ഷേപമിടുന്നത് ഇടക്കിടെയുള്ള പലിശ നിരക്ക് കുറയുന്നത് ബാധിക്കാതിരിക്കാന്‍ ഉപകരിക്കും. അതായത് രണ്ട് വര്‍ഷത്തിന് മുകളില്‍ കാലയളവില്‍ സ്ഥിരനിക്ഷേപമിട്ടാല്‍ അത്രയും കാലം നിലവിലെ നിരക്കില്‍തന്നെ പലിശ നേടാം. ഉയര്‍ന്ന പലിശയുടെ കാലം അവസാനിക്കുകയാണ്. അതുകൊണ്ടുതന്നെ, ഹ്രസ്വകാലയളവില്‍ പണത്തിന്റെ ആവശ്യമില്ലെങ്കില്‍ കൂടുതല്‍ പലിശ ലഭിക്കുന്ന ദീര്‍ഘകാല എഫ്ഡികളില്‍ നിക്ഷേപം നടത്താം. പണത്തിന്റെ ആവശ്യം മനസിലാക്കി വ്യത്യസ്ത കാലയളവില്‍ എഫ്ഡികള്‍ വിഭജിച്ച് നിക്ഷേപിക്കുകയും ചെയ്യാം.

Content Highlights: Reserve Bank Rate Cut: How Much Will Your Loan EMIs Decrease?

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article