വിദേശ നിക്ഷേപകരുടെ വരവുംപോക്കും വിപണിയെ തെല്ലൊന്നുമല്ല സ്വാധീനിക്കുന്നത്. 16 ദിവസം തുടര്‍ച്ചയായി അറ്റ നിക്ഷേപകരായിരുന്ന വിദേശികള്‍ നിലവിലെ സാഹചര്യത്തില്‍ തിരിച്ചുപോകുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്. ഇത്തവണത്തെ വരിവില്‍ 50,000 കോടി രൂപയുടെ നിക്ഷേപമാണവര്‍ നടത്തിയത്. അതിന്റെ പ്രതിഫലനമായി തകര്‍ച്ചയില്‍ നല്ലൊരുഭാഗം സൂചികകള്‍ തിരികെ പിടിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ സേന നടത്തിയ ആക്രമണങ്ങള്‍ക്ക് ഇന്ത്യ കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇതോടെ ഈ മേഖലകൂടി അശാന്തിയുടെ താഴ്‌വരയാകുമോയെന്നാണ് നിക്ഷേപകരുടെ ഭീതി. ഇന്ത്യ-പാക് സംഘര്‍ഷം സമീപകാല നേട്ടങ്ങളെ ഇല്ലാതാക്കിയേക്കുമെന്ന ഭീതി വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിന് കാരണമായേക്കാം.
വിപണി ഇതിനകം സമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിട്ടുണ്ട്. രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവുണ്ടായി. രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഒരൊറ്റദിവസത്തെ ഇടിവാണ് വ്യാഴാഴ്ചയുണ്ടായത്. വെള്ളിയാഴ്ചയും ഇടിവ് തുടരുകയാണ്. ആദ്യവ്യാപരത്തിനിടെ 30 പൈസകൂടി താഴ്ന്ന് ഡോളറിനെതിരെ 85.88ലെത്തിയിട്ടുണ്ട്.
രണ്ട് ദിവസം പ്രതിരോധിച്ച ഓഹരി വിപണിയാകട്ടെ വെള്ളിയാഴ്ച കനത്ത ചാഞ്ചാട്ടമാണ് നേരിട്ടത്. സെന്‍സെക്‌സ് വീണ്ടും 80,000ന് താഴെയെത്തി. നിഫ്റ്റിയാകട്ടെ 250 പോയന്റ് ഇടിയുകയും ചെയ്തു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികലുടെ വിപണി മൂല്യം 4.95 ലക്ഷം കോടി രൂപ കുറഞ്ഞ് 413.55 ലക്ഷം കോടിയായി. കനത്ത വില്പന സമ്മര്‍ദമാണ് വിപണി നേരിടുന്നത്. എല്ലാ സക്ടറുകളിലും സമ്മര്‍ദം പ്രകടമാണ്. നിഫ്റ്റി ബാങ്ക്, എഫ്എംസിജി, മീഡിയ, മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ 1-2 ശതമാനം ഇടിവ് നേരിട്ടു. നിഫ്റ്റി മിഡ് ക്യാപ് ഒരു ശതമാനവും സ്‌മോള്‍ ക്യാപ് രണ്ട് ശതമാനവും നഷ്ടത്തിലാണ്.
യുദ്ധ സമാനമായ സാഹചര്യമുണ്ടാകുമ്പോള്‍ സുരക്ഷിത നിക്ഷേപങ്ങളിലേയ്ക്ക് നിക്ഷേപകര്‍ തിരിയുക സ്വാഭാവികമാണ്. വിപണിയില്‍നിന്ന് മൂലധന പുറത്തേയ്ക്ക് പോകുന്നതിനും കറന്‍സി ദുര്‍ബലമാകുന്നതിനും ഇത് കാരണമാകും. സ്വാഭാവികമായ ആദ്യ പ്രതിഫലനമാണിത്. ഇത്തരം സാഹചര്യത്തിലാണ് വിദേശികളുടെ നീക്കം പ്രസക്തമാകുന്നത്. അവര്‍ യുടേണ്‍ എടുക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആഭ്യന്തര നിക്ഷേപകര്‍. അതുകൊണ്ടുതന്നെ കരുതലോടെ നീങ്ങണമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
അതേസമയം, അസാമാന്യ കരുത്ത് ഇന്ത്യന്‍ വിപണി പ്രകടിപ്പിക്കുകയും ചെയ്തത് അവഗണിക്കാനാവില്ല. പാകിസ്താന് മേല്‍ ഇന്ത്യക്ക് വ്യക്തവും ശക്തവുമായ മേല്‍ക്കോയ്മയുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. രാജ്യത്തെ മികച്ച സാമ്പത്തിക സ്ഥിതിയില്‍ വിപണിക്ക് ആത്മവിശ്വാസവുമുണ്ട്. ശക്തമായ ജിഡിപിയും സാമ്പത്തിക സാഹചര്യങ്ങളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടുതന്നെയാണ്. യുഎസിലെയും ചൈനയിലെയും നിലവിലെ സാഹചര്യങ്ങള്‍കൂടി കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും.
എങ്കിലും നിക്ഷേപകരുടെ ആശങ്ക വിപണിയില്‍ പ്രതിഫലിക്കുമെന്നകാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവില്‍ അസ്ഥിരത തുടരാനാണ് സാധ്യത.
Content Highlights: Market Volatility: Foreign Investor Sentiment and Geopolitical Tensions
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·