പ്രതീക്ഷകളോടെയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലേക്ക് ഓഹരി വിപണി പ്രവേശിച്ചത്. മികച്ച നാലാം പാദ ഫലങ്ങളും ഉയര്‍ന്ന വരുമാന കണക്കുകൂട്ടലുകളുമായിരുന്നു അതിനു പ്രേരണയായത്. തുടക്കത്തില്‍ നാലാം പാദത്തിലും നിക്ഷേപകര്‍ക്ക് വലിയ സങ്കല്‍പങ്ങളുണ്ടായിരുന്നില്ല. അതിന് കാരണം വരുമാന വളര്‍ച്ചാ പ്രതീക്ഷ അഞ്ച് ശതമാനത്തില്‍ താഴെയാകുമെന്ന പ്രവചനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വരുമാന വളര്‍ച്ചാ നിരക്ക് ഇതിനേക്കാളൊക്കെ ഉയര്‍ന്ന നിലയില്‍ 10 മുതല്‍ 12 ശതമാനം വരെ എത്തിച്ചേരുകയും അത് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് (FY 26) കൂടുതല്‍ മെച്ചപ്പെട്ട ഫലങ്ങളുണ്ടാകുമെന്ന പ്രത്യാശക്ക് കാരണമാകുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി വിപണിയിപ്പോള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ചാ പ്രതീക്ഷയായി കണക്കാക്കുന്നത് 10 മുതല്‍ 13 ശതമാനം വരെയാണ്.
ആഭ്യന്തര സമ്പദ്ഘടനയിലെ ഉണര്‍വു കാരണം ഒന്നാം പാദത്തില്‍ വളര്‍ച്ച കരുത്താര്‍ജിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ ജിഡിപി മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 5.6 ശതമാനവും മൂന്നാം പാദത്തില്‍ 6.4 ശതമാനവും നാലാം പാദത്തില്‍ 7.5 ശതമാനവുമാണ് വളര്‍ന്നത്. അവസാനമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തത്തിലുള്ള ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 6.5 ശതമാനത്തില്‍ നിന്ന് ഉയര്‍ന്ന് 6.8 ശതമാനം വരെ എത്തിയേക്കാമെന്ന് വിലയിരുത്തലുണ്ട്. ഒടുവിലായി, സര്‍ക്കാര്‍ ചെലവഴിക്കലിലും 2024ല്‍ കാര്യമായ കുറവുവന്നിരുന്നു. ആ അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. അനുകൂലമായ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷവും പണപ്പെരുപ്പത്തിലുണ്ടായ കുറവും, ഉത്പാദന മേഖലയിലുണ്ടായ വികാസവും അമേരിക്കയുമായി സാധ്യമായേക്കാവുന്ന വ്യാപാരക്കരാറും കണക്കിലെടുക്കുമ്പോള്‍ വിപണിക്ക് വളര്‍ച്ചാ സാധ്യതകളെപ്പറ്റി ശുഭ പ്രതീക്ഷയാണള്ളത്.
മൊത്തത്തിലുള്ള പ്രതീക്ഷ ഉയര്‍ന്നതാണെങ്കിലും വിപണിയിലെ ഒന്നാം പാദ വരുമാന വളര്‍ച്ച മിതമായ തോതിലേ ഉണ്ടാകാന്‍ സാധ്യതയുള്ളു. ഇതിനു പ്രധാന കാരണം ഐടി മേഖലയില്‍ നിന്നുള്ള വരുമാനത്തിലുണ്ടായേക്കാവുന്ന കുറവാണ്. അമേരിക്ക ഐടി മേഖലയുമായി ബന്ധപ്പെട്ടു വരുത്തിയേക്കാവുന്ന ചെലവു ചുരുക്കലാണ് ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുക. പ്രമുഖ ഐടി കമ്പനികളുടെ ഓഹരികളില്‍ കാര്യമായ വളര്‍ച്ചാ പ്രതീക്ഷയില്ല. ഏതാണ്ട് അഞ്ച് ശതമാനത്തില്‍ താഴെയുള്ള വരുമാന വളര്‍ച്ച മാത്രമേ വിപണി ഇവരില്‍ നിന്നു പ്രതീക്ഷിക്കുന്നുള്ളു. ഇക്കാരണത്താല്‍ മിഡ്കാപ് ഐടി ഓഹരികള്‍ക്ക് വിപണിയില്‍ കൂടുതല്‍ ഡിമാന്റ് നിലിനില്‍ക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണം അമേരിക്കയുമായുള്ള വ്യാപാരക്കരാറിന്റെ മെച്ചം മിഡ് ലെവലിലുള്ള കമ്പനികള്‍ക്കും ലഭ്യമാകുമെന്ന പ്രതീക്ഷയാണ്. അതിലുപരി ചെലവു ചുരുക്കലുമായി ബന്ധപ്പെട്ട് പല കമ്പനികളും കാര്യമായ നടപടികള്‍ എടുക്കുന്നുണ്ട്. അവയൊക്കെയും ലാഭം വര്‍ധിപ്പിക്കുമെന്ന് വിപണി കാണക്കാക്കുന്നു. അമേരിക്കയിലെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മെച്ചമുണ്ടാകുമെന്നു തന്നെയാണ് വിപണി പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും പുതിയ ഫിനാന്‍സ് ബില്ലിന്റെ വരവോടുകൂടി ടാക്സ് കുറയ്ക്കുകയും അതിലൂടെ വ്യക്തിഗത വരുമാനം ഉയരുകയും ചെയ്യുമെന്ന് വിപണി കണക്കാക്കുന്നു. ഇത് യുഎസ് ഐടി മേഖലയെപ്പറ്റിയുള്ള പ്രതീക്ഷകള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നു. അമേരിക്കന്‍ സമ്പദ്ഘടനയില്‍ നില നില്‍ക്കുന്ന മാന്ദ്യഭീതി കാരണം ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കുറയ്ക്കാനുള്ള സാധ്യത ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇതിനു പുറമെ അമേരിക്കന്‍, യൂറോപ്യന്‍ ബാങ്കു നിരക്കുകളിലുള്ള വലിയ വ്യത്യാസം, ഭാവിയില്‍ സംഭവിച്ചേക്കാവുന്ന പണപ്പെരുപ്പത്തില്‍ പ്രതീക്ഷിക്കുന്ന കുറവ്, അമേരിക്കയുമായി പ്രതീക്ഷിക്കുന്ന വ്യാപാര ഉടമ്പടി ഇവയെല്ലാം നിരക്കു കുറയ്ക്കുന്നതിലേക്ക് ഫെഡറല്‍ റിസര്‍വിനെ നയിച്ചേക്കാം. മൊത്തത്തില്‍ ഐടി ഓഹരികളുടെ വരുമാന പ്രതീക്ഷകള്‍ അത്ര മികച്ചതല്ലെങ്കിലും ഓരോ കമ്പനിയുടേയും പ്രകടനത്തെ ആശ്രയിച്ചാണ് അതു നിലനില്‍ക്കുന്നത്. അവയുടെ പ്രകടനം തീര്‍ച്ചയായും മെച്ചപ്പെട്ടതായിരിക്കുമെന്നു കരുതാം. അതിനാല്‍ തന്നെ വലിയൊരു ഇടിവ് ആരും പ്രതീക്ഷിക്കുന്നുമില്ല.
വിപണി 25,500 പോയിന്റിനടുത്തേക്ക് കുതിക്കുമ്പോഴും 10 മുതല്‍ 13 ശതമാനം വരെ കണക്കാക്കുന്ന വരുമാന വളര്‍ച്ചയ്ക്ക് നിക്ഷേപകരെ മൊത്തത്തില്‍ തൃപ്തിപ്പെടുത്താനാകുമോ എന്നു സംശയമുണ്ട്. അതിനാല്‍ ഒന്നാം പാദത്തിലെ ഫലങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്. അത് മികച്ചതും കൂടുതല്‍ വളര്‍ച്ചാ സാധ്യതകള്‍ പ്രകടിപ്പിക്കുന്നതുമാകണം. ആഭ്യന്തര, ആഗോള പ്രതിസന്ധികളില്‍ കാര്യമായ അയവു വന്നതും ഫലത്തില്‍ പ്രതിഫലിക്കേണ്ടതുണ്ട്. വരുമാനക്കണക്കുകളേക്കാള്‍ ഉപരിയായി ഗുണപരമായ ഒരു പാടുഘടകങ്ങള്‍ പ്രകടമാകണം. ഉദാഹരണമായി വ്യാപാര സംഘര്‍ഷങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാകുകയും ദീര്‍ഘകാല വ്യാപാരക്കരാറുകള്‍ നിലവില്‍ വരികയും ചെയ്യുമ്പോഴുള്ള ശുഭപ്രതീക്ഷകള്‍ വിപണിയില്‍ ഉത്തേജനം പകരണം. ഇത്തരം ഗുണപരമായ ഘടകങ്ങളായിരിക്കും ഈ വര്‍ഷം ഓഹരി വിപണിക്ക് കരുത്തേകുക. പ്രത്യേകിച്ച്, ഓഹരി വരുമാന പ്രതീക്ഷയുടെ 21 മടങ്ങ് ഉയര്‍ന്ന മൂല്യത്തില്‍ ഓഹരി വ്യാപാരം നടക്കുന്ന സാഹചര്യത്തില്‍. ഇത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയാണ്. യുഎസുമായി പുതിയ വ്യാപാരക്കരാര്‍ വേഗത്തില്‍ നിലവില്‍ വന്നില്ലെങ്കില്‍ വിപണിയില്‍ ഉലച്ചിലുകള്‍ ഉണ്ടായേക്കാം. കാരണം ജൂലൈ ഒമ്പതോടുകൂടി 90 ദിവസത്തെ താല്‍ക്കാലിക വെടി നിര്‍ത്തല്‍ അവസാനിക്കുകയാണ്.
Content Highlights: Market Outlook: Growth Prospects Hinging connected Earnings and US Trade Deal
ABOUT THE AUTHOR
വിനോദ് നായര്‍
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·