ട്രംപിന്റെ താരിഫിനെതിരെ വിപണി പെട്ടെന്ന് പ്രതികരിക്കുന്ന കാലം കഴിഞ്ഞു. പറഞ്ഞു പഴകിയ താരിഫ് എന്ന ഭീകരനെതിരെ വൈകാരികമായി പ്രതികരിക്കുന്നതില്‍നിന്ന് സൂചികകള്‍ ഒഴിഞ്ഞു നില്‍ക്കുകയാണ്. ട്രംപിന്റെ തീരുവയും പിഴയും ഉള്‍പ്പടെയുള്ള 50 ശതമാനം ഒരേസമയം ആശങ്കയും സാധ്യതയുമാണ് വിപണിയില്‍ തുറക്കുന്നത്. അതുകൊണ്ടുതന്നെ തത്കാലത്തേക്കെങ്കിലും വിപണിയില്‍ പണമിറക്കാന്‍ നിക്ഷേപകര്‍ മടിച്ചുനില്‍ക്കുകയാണ്.
വ്യാഴാഴ്ച വ്യാപാരത്തിനിടെ സെന്‍സെക്‌സിലുണ്ടായ 400 പോയന്റ് തകര്‍ച്ച നല്‍കുന്ന സൂചനയും അതാണ്. തീരുവയുടെ ആഘാതം ഒരുപരിധിവരെ ഉള്‍ക്കൊണ്ടുകഴിഞ്ഞുവെന്ന സൂചനയാണ് അത് നല്‍കുന്നത്. എന്നാല്‍, തീരുവയുടെ ആഘാതം കയറ്റുമതിയെ എപ്രകാരം ബാധിക്കുമെന്ന യാഥാര്‍ഥ്യം അനുഭവിച്ചറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. ഈ രണ്ടിന്റെയും ഇടയിലെ സ്തംഭനാവസ്ഥ ഏറക്കാലം നീണ്ടുനിന്നേക്കാം.
ചൈനയേക്കാള്‍ 20 ശതമാനവും പാകിസ്താനേക്കാള്‍ 21 ശതമാനവും ബംഗ്ലാദേശിനേക്കാള്‍ 20 ശതമാനവും ഉയര്‍ന്ന നിരക്ക് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള കയറ്റുമതി മേഖലകള്‍ക്ക് എത്രത്തോളം ഭീഷണിയാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. യൂഎസിലേക്ക് നേരിട്ട് കയറ്റിയയ്ക്കുന്ന ടെക്‌സ്‌റ്റൈല്‍സ് (വെല്‍സ്പണ്‍ ഇന്ത്യ, കിറ്റെക്‌സ്, ഗോകുല്‍ദാസ്), കെമിക്കല്‍സ് (കാംലിന്‍, ആരതി, അതുല്‍), ഓട്ടോ അനുബന്ധ ഘടകങ്ങള്‍ (ബിഎച്ച്എഫ്‌സി, സുപ്രജിത്, സോന ബിഎല്‍ഡബ്ല്യു) എന്നീ മേഖലകളാകും കൂടുതല്‍ ആഘാതം നേരിടേണ്ടിവരിക എന്നാണ് വിലയിരുത്തല്‍.
50 ശതമാനം തീരുവ പ്രാബല്യത്തില്‍ വന്നാല്‍ വ്യാപാര ഉപരോധത്തിന് സമാനമാകുമെന്ന് നോമുറ മുന്നറിയിപ്പ് നല്‍കുന്നു. ടെക്‌സ്റ്റൈല്‍സ്, വജ്രം, ജ്വല്ലറി എന്നിങ്ങനെ പല വ്യവസയാങ്ങളെയും അപകടത്തിലാക്കിയേക്കാം. മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ചെറുകിട സ്ഥാപനങ്ങളെ പ്രത്യേകിച്ചും.
രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും ജിഡിപിയുടെ 2.2 ശതമാനവും യുഎസില്‍നിന്നാണ്. പ്രധാന വ്യവസായങ്ങളിലെ ആഗോള കയറ്റുമതിയുടെ 30-40 ശതമാനവും യുഎസിലേക്കാണ് പോകുന്നത്. കുറഞ്ഞ മാര്‍ജിനുള്ള ടെക്‌സ്റ്റൈല്‍, വജ്രം, ജുവല്ലറി, തുകല്‍ കമ്പനികള്‍ക്ക് തീരുവ കനത്ത ആഘാതം സൃഷ്ടിച്ചേക്കാം. ആഘാതം പ്രതിഫലിച്ചാല്‍ രൂപയുടെ മൂല്യത്തെ ബാധിക്കുകയും ചെയ്യും. മൂല്യമിടിവ് കയറ്റുമതിക്കാര്‍ക്ക് താത്കാലിക ആശ്വാസമാകുമെന്ന വൈരുധ്യവുമുണ്ട്.
യുഎസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും സ്വദേശ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള ആവശ്യം ഉയര്‍ന്നേക്കാം. അങ്ങനെവന്നാല്‍ യുഎസ് ബ്രാന്‍ഡുകളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഫ്രാഞ്ചൈസികള്‍ക്ക് ഭീഷണിയായേക്കാം. ജൂബിലന്‍ഡ് ഫുഡ്‌വര്‍ക്ക്‌സ്(ഡോമിനോസ്, ഡങ്കിന്‍ ഡോനട്ട്), വെസ്റ്റ്‌ലൈഫ് (മക്‌ഡൊണാള്‍ഡ്), ദേവയാനി ഇന്റര്‍നാഷണല്‍(ബര്‍ഗര്‍ കിങ്), വരുണ്‍ ബീവറേജസ് (പെപ്‌സി), സഫയര്‍ ഫുഡ്‌സ്(കെഎഫ്‌സി, പിസ്സ ഹട്ട്) എന്നവയ്ക്ക് അത് സമ്മര്‍ദമാകാനും സാധ്യതയുണ്ട്.
കരുതലോടെ നീങ്ങാം
കയറ്റുമതി മേഖലകള്‍ അനിശ്ചിതത്വത്തിലായതോടെ ആഭ്യന്തര സാധ്യതകളാണ് വിപണി മുന്നോട്ടുവെക്കുന്നത്. സിമന്റ്, ഹോട്ടല്‍, ടെലികോം, ന്യൂജന്‍ ബിസിനസുകള്‍, ഓട്ടോ, ഓട്ടോ അനുബന്ധ ഘടകങ്ങള്‍, ഹെല്‍ത്ത്‌കെയര്‍, റെയില്‍വേ, പ്രതിരോധം തുടങ്ങിയവ ഇതിനകം ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു.
ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറുള്ള ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച അവസരമായി പല അനലിസ്റ്റുകളും കാണുന്നു. ആഭ്യന്തര ഉപഭോഗ സാധ്യതകള്‍ കൂടുന്നതോടെ പ്രത്യേകിച്ചും. നിലവിലെ തീരുവകളില്‍നിന്ന് ഐടി, ഫാര്‍മ, ഇലക്ട്രോണിക്‌സ് എന്നിവയെ ഓഴിവാക്കിയിട്ടുമുണ്ടല്ലോ. ഇതോടൊപ്പം വിപണിയില്‍ പെട്ടെന്നുണ്ടാകുന്ന തിരുത്തലുകള്‍ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള അവസരമായി കാണുകയും ചെയ്യാം.
Content Highlights: Trump's 50% Tariff: Deciphering the Risks and Opportunities for Investors
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·