വിപണിയില്‍ അപ്രതീക്ഷിത കുതിപ്പ്: നിക്ഷേപകര്‍ക്ക് നേട്ടം 3.60 ലക്ഷം കോടി, മുന്നേറ്റം തുടരുമോ? 

7 months ago 7

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉള്‍പ്പടെയുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കെ ശക്തമായ തിരിച്ചുവരവ് നടത്തി വിപണി. സെന്‍സെക്‌സ് ആയിരത്തിലേറെ പോയന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 25,000 പിന്നിടുകയും ചെയ്തു. മൂന്ന് ദിവസം നീണ്ട തകര്‍ച്ചക്കൊടുവിലാണീ നേട്ടം.

നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം, ഓട്ടോ, മെറ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളിലും കുതിപ്പ് പ്രകടമായി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 3.57 ലക്ഷം കോടി ഉയര്‍ന്ന് 446.37 ലക്ഷം കോടിയിലെത്തി.

നേട്ടത്തിന്റെ പ്രധാന കാരണങ്ങള്‍:

മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് ആര്‍ബിഐ
പദ്ധതികള്‍ക്ക് പണം നല്‍കുന്നതിലെ വ്യവസ്ഥകള്‍ ലഘൂകരിച്ചത് ധനകാര്യ മേഖലയ്ക്ക് ഉണര്‍വായി. ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം നടപ്പാകുന്നതോടെ അടിസ്ഥാന സൗകര്യം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളിലെ പദ്ധതി ചെലവ് കുറയാനിടയാക്കും. വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും നേട്ടമാകും.

യുഎസ് ഫെഡിന്റെ നീക്കം
യുഎസ് കേന്ദ്ര ബാങ്ക് ഇത്തവണ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും ഈ വര്‍ഷം രണ്ടു തവണ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ നല്‍കിയത് വിപണിക്ക് കരുത്തേകി. പണപ്പെരുപ്പം കുറയുന്നതിന്റ സൂചനകളില്ലെങ്കിലും ഇടക്കാലയളവില്‍ ധനനയം ലഘൂകരിക്കുന്നതിന്റെ സൂചനകള്‍ ആഗോള വിപണികള്‍ സ്വാഗതം ചെയ്തു.

യുഎസിലെ വളര്‍ച്ച 1.4 ശതമാനത്തിലേക്ക് താഴുമെന്നും പണപ്പെരുപ്പം മൂന്ന് ശതമാനത്തിലേയ്ക്ക് ഉയരുമെന്നുമാണ് അനുമാനം. എങ്കിലും പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന നിക്ഷേപകര്‍ക്ക് ആത്മവിശ്വാസമേകി.

ദുര്‍ബലമാകുന്ന ഡോളര്‍
ഡോളര്‍ സൂചിക 98.57 ലേയ്ക്ക് താഴ്ന്നത് ഇന്ത്യപോലുള്ള വികസ്വര വിപണികള്‍ക്ക് ആത്മവിശ്വാസമേകി. ഡോളര്‍ കൂടുതല്‍ ദുര്‍ബലമാകുമ്പോള്‍ കൂടുതല്‍ വിദേശ മൂലധനമെത്തുമെന്നാണ് പ്രതീക്ഷ. ഇത് രൂപക്ക് കരുത്തു പകരുകയും ചെയ്യും. ഇന്ത്യ ഉള്‍പ്പടെയുള്ള വികസ്വര വിപണികള്‍ക്ക് അനുകൂല സാഹചര്യമാണ് വിപണിയിലിപ്പോഴുള്ളത്.

വിദേശ നിക്ഷേപം
രണ്ട് ദിവസം തുടര്‍ച്ചയായി വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍ അറ്റ വാങ്ങലുകാരായി. 1,824 കോടി രൂപയുടെ നിക്ഷേപമാണ് ഈ ദിവസങ്ങളില്‍ അവര്‍ നടത്തിയത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 12-ാം ദിവസവും തുടര്‍ച്ചയായി വാങ്ങലുകാരായി. 2,566 കോടി രൂപയുടെ നിക്ഷേപമാണ് ഈ ദിവസങ്ങളില്‍ അവര്‍ നടത്തിയത്.

Content Highlights: Sensex Jumps Over 1000 Points, Nifty Crosses 25,000: RBI Policies and US Fed Influence

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article