വിപണിയില്‍ അപ്രതീക്ഷിത മുന്നേറ്റം: കുതിപ്പ് ശക്തിയാര്‍ജിക്കുമോ, ദുര്‍ബലമാകുമോ? 

10 months ago 7

തിങ്കളാഴ്ചയിലെ നേട്ടം ചൊവാഴ്ച കുതിപ്പായി. സെന്‍സെക്‌സ് 1,130ലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ 22,800ന് മുകളിലുമെത്തി. ധനകാര്യം, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് കുതിപ്പിന് നേതൃത്വം നല്‍കിയത്. എല്ലാ വിഭാഗം ഓഹരികളിലും മുന്നേറ്റം പ്രകടമായിരുന്നു. ആഗോള സൂചനകളോടൊപ്പം ആഭ്യന്തര നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസവും കൂടിച്ചേര്‍ന്നാണ് വിപണി നേട്ടത്തിന്റെ പാതയിലേയ്ക്ക് കയറിയത്.

സെന്‍സെക് 1,131.31 പോയന്റ് നേട്ടത്തില്‍ 75,301.26ലും നിഫ്റ്റി 325.55 പോയന്റ് ഉയര്‍ന്ന് 22,834.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യുഎസ് ഫെഡ്, ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ നയ തീരുമാനങ്ങള്‍ വരാനിരിക്കെ ജാഗ്രതയോടെയാണ് നിക്ഷേപകരുടെ നീക്കം. പലിശ നിരക്ക് സ്ഥിരതയാര്‍ജിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.

ചൊവാഴ്ചയിലെ നേട്ടത്തില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 6.36 ലക്ഷം കോടി രൂപ ഉയര്‍ന്ന് 399.53 ലക്ഷം കോടിയിലെത്തി.

വാള്‍സ്ട്രീറ്റിലെ നേട്ടമാണ് മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന പ്രധാന ഘടകം. ഹോങ്കോങിന്റെ ഹാങ്‌സെങ് രണ്ട് ശതമാനം ഉയര്‍ന്നു. ഇതോടെ സൂചിക മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഉപഭോഗം കൂട്ടാനുള്ള ചൈനീസ് സര്‍ക്കാരിന്റെ പദ്ധതികളാണ് ഹാങ്‌സെങിന്റെ കുതിപ്പിന് പിന്നില്‍. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ഹാങ്‌സെങിന്റെ മുന്നേറ്റം 23 ശതമാനമാണ്. ഇതോടെ ആഗോള വിപണികളില്‍തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സൂചികയായി ഹാങ്‌സെങ്.

ചൈനയുടെ ഉത്തേജക നടപടികളും ദുര്‍ബലമായ ഡോളറും മെറ്റല്‍ സെക്ടറിന് പിന്തുണയായി. പ്രധാന കമ്പനികളിലൊന്നായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് രണ്ട് ശതമാനം നേട്ടമുണ്ടാക്കി. മികച്ച ഡിമാന്‍ഡ് പ്രതീക്ഷയാണ് ലോഹ ഓഹരികള്‍ നേട്ടമാക്കിയത്.

യുഎസിലെ ചില്ലറ വില്പനയിലെ ഉയര്‍ച്ച നിക്ഷേപകരുടെ ആത്മവശ്വാസം ഉയര്‍ത്തി. ഏഷ്യാ-പസഫിക് വിപണികള്‍ വാള്‍സ്ട്രീറ്റിലെ നേട്ടങ്ങള്‍ക്ക് പുറകെ നീങ്ങി. അതേസമയം, സമീപകാല പിരിച്ചുവിടലുകളും താരിഫ് അനിശ്ചിതത്വങ്ങളും യുഎസിലെ നേട്ടം പരിമിതപ്പെടുത്തി.

വ്യാപാര പിരിമുറുക്കത്തിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ദുര്‍ബലമായതാണ് മറ്റൊരു പ്രധാന ഘടകം. 110.17ല്‍നിന്ന് ഡോളര്‍ സൂചിക 103.44 ല്‍ എത്തി. ഡോളറിന്റെ ദുര്‍ബലാവസ്ഥയില്‍ രൂപ നേട്ടമുണ്ടാക്കി. 86.76 നിലവാരത്തിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.

വാങ്ങല്‍ താത്പര്യം
ആഗോള പിരമുറുക്കങ്ങള്‍ മറികടന്ന് താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താത്പര്യം കാണിച്ചത് തിങ്കളാഴ്ച മുതല്‍ വിപണിക്ക് ഉണര്‍വ് പകര്‍ന്നു. എങ്കിലും കാര്യമായ മൂന്നേറ്റം വരും ദിവസങ്ങളില്‍ വിപണിയില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല. താരിഫ് യുദ്ധവും ആഗോള അനിശ്ചിതത്വങ്ങളും വിപണിയില്‍നിന്ന് ഒഴിഞ്ഞുപോയിട്ടില്ല.

യുക്രെയിന്‍-റഷ്യ സംഘര്‍ഷത്തിലെ ട്രംപിന്റെ ഇടപെടല്‍ വെടിനിര്‍ത്തലിലേയ്ക്ക് എത്തുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. താത്കാലികമായെങ്കിലുമുള്ള ആശ്വാസത്തിന് ഇത് വഴിതുറന്നുവെന്നതില്‍ സംശയമില്ല.

Content Highlights: Indian banal marketplace surges; Sensex gains implicit 1140 points, Nifty crosses 22800.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article