വിപണിയില്‍ കുതിപ്പ്: നിക്ഷേപത്തില്‍ നേട്ടമില്ല, എന്തുകൊണ്ട്?

8 months ago 7

നത്ത ചാഞ്ചാട്ടത്തിലാണ് വിപണിയെങ്കിലും സമീപകാലയളവിലെ കുതിപ്പ് നഷ്ടത്തിന്റെ വലിയൊരു ഭാഗം തിരികെപിടിക്കാന്‍ സഹായിച്ചിട്ടുണ്ട്. നിഫ്റ്റി 50യില്‍ അത് പ്രകടമാണെങ്കിലും വ്യക്തിഗത പോര്‍ട്‌ഫോളിയോകളില്‍ അത്രതന്നെ തിളക്കമില്ലാത്ത സാഹചര്യം എന്തുകൊണ്ടാണ്?

നിഫ്റ്റി ഇതിനകം ഏഴ് മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തിക്കഴിഞ്ഞു. സൂചിക 25,000 പിന്നിട്ടു. യു.എസുമായുള്ള വ്യാപാര ചര്‍ച്ചകളിലെ പുരോഗതി, ആര്‍.ബി.ഐയുടെ നിരക്കു കുറയ്ക്കല്‍, ഇന്ത്യ-പാക് മേഖലയില്‍ സമാധാനം ഇവയെല്ലാം ഈയാഴ്ച വിപണിയില്‍ പ്രതിഫലിച്ചു. നിഫ്റ്റി 4.21 ശതമാനം ഉയര്‍ന്ന് 25,019.80ലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. സെന്‍സെക്‌സും 3.62 ശതമാനം നേട്ടമുണ്ടാക്കി, 82,330.59ല്‍ വ്യാപാരം അവസാനിപ്പിച്ചു.

പ്രധാന സൂചികകളില്‍ മുന്നേറ്റം പ്രകടമായിരുന്നുവെങ്കിലും റാലി വിശാലമായിരുന്നില്ലെന്ന കാര്യം ശ്രദ്ധേയമാണ്. വ്യക്തിഗത പോര്‍ട്‌ഫോളിയോയില്‍ ഈ നേട്ടം പ്രതിഫലിക്കാത്തതിന്റെ കാരണവും അതാണ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ശേഷമുള്ള കണക്കെടുത്താല്‍ സെന്‍സെക്‌സിന്റെയും നിഫ്റ്റിയുടെയും നേട്ടം വളരെ പരിമിതമാണ്. അതേസമയം, വിശാല സൂചികകളായ നിഫ്റ്റി മിഡ് ക്യാപ് 6.09 ശതമാനവും നിഫ്റ്റി സ്‌മോള്‍ ക്യാപ് സൂചിക 12.50 ശതമാനവും നിഫ്റ്റി മൈക്രോ ക്യാപ് 12.20 ശതമാനവും താഴെയാണിപ്പോഴും. അതുകൊണ്ടുതന്ന ഇപ്പോഴത്തെ മുന്നേറ്റത്തെ വിശാലമായ റാലിയായി കാണാന്‍ കഴിയില്ല. വന്‍കിട ഓഹരികളുടെ മുന്നേറ്റത്തിലാണ് സെന്‍സെക്‌സും നിഫ്റ്റിയും കുതിച്ചത്. ഇടത്തരം ചെറുകിട ഓഹരികളുടെ സൂചികകള്‍ ഇപ്പോഴും കാര്യമായ നഷ്ടത്തില്‍തന്നെയാണ്.

താരതമ്യേന താഴ്ന്ന മൂല്യത്തിലുള്ള വന്‍കിട ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ ഉള്‍പ്പടെയുള്ളവര്‍ താത്പര്യം പ്രകടിപ്പിച്ചതുകൊണ്ടാണ് നിഫ്റ്റി (50 വന്‍കിട ഓഹരികള്‍ ഉള്‍പ്പെട്ട സൂചിക)യും സെന്‍സെക്‌സും(30 വന്‍കിട ഓഹരികള്‍ ഉള്‍പ്പെട്ട സൂചിക) മുന്നേറ്റം നടത്തിയത്. വിപണിയിലെ 60 മുതല്‍ 75 ശതമാനംവരെയുള്ള ഓഹരികളും ഇപ്പോഴും നഷ്ടത്തില്‍തന്നെയാണ്.

ഈ ഓഹരികളിലാണ് കൂടുതല്‍ വിഹിതമെങ്കില്‍ നിങ്ങളുടെ പോര്‍ട്‌ഫോളിയോ ഇപ്പോഴും 'മാന്ദ്യ' ത്തിന്റെ പിടിയിലായിരിക്കും. റീട്ടെയില്‍ നിക്ഷേപകരില്‍ ഭൂരിഭാഗവും ഇടത്തരം-ചെറുകിട ഓഹരികളിലാണല്ലോ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇടത്തരം-ചെറുകിട ഓഹരികളിലും അനക്കംവെച്ചു തുടങ്ങിയിട്ടുള്ള കാര്യവും വിസ്മരിക്കരുത്. അതിന്റെ പ്രതിഫലനമായാണ് നിഫ്റ്റി മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഈയാഴ്ച യഥാക്രമം 7.2ശതമാനവും 9.2 ശതമാനവും നേട്ടമുണ്ടാക്കിയത്. പ്രതിരോധ ഓഹരികള്‍ ഒരു പരിധിവരെ അതിന് സഹായകരമായിട്ടുണ്ട്. കോര്‍പറേറ്റ് പ്രവര്‍ത്തന ഫലങ്ങളെതുടര്‍ന്നുണ്ടായ അനുകൂല സാഹചര്യവും നേട്ടമായി.

അതിവിദഗ്ധരായ ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടുകളുടെ സ്ഥിതി വിലയിരുത്താം. പിന്നിട്ട ആറ് മാസക്കാലയളവില്‍ ലാര്‍ജ് ക്യാപ് (വന്‍കിട ഓഹരികളില്‍ നിക്ഷേപിക്കുന്ന)ഫണ്ടുകള്‍ ശരാശരി നല്‍കിയിട്ടുള്ള ആദായം മൂന്ന് ശതമാനമാണ്. മിഡ് ക്യാപ് ഫണ്ടുകളില്‍ മൈനസ് 3.50 ശതമാനമാനവും സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ ശരാശരി റിട്ടേണ്‍ മൈനസ് ഏഴ് ശതമാനവുമാണെന്ന് കാണാം.

വിശാലാര്‍ഥത്തില്‍ ഇതിനെ ബുള്ളിഷ് വിപണിയായി കാണാന്‍ കഴിയില്ല. കുതിപ്പിന് പിന്നിലെ ചുരുക്കം ചില ഓഹരികള്‍ നിങ്ങള്‍ക്ക് സ്വന്തമായില്ലെങ്കില്‍ ഇനിയും നഷ്ടത്തില്‍തന്നെ തുടരേണ്ടിവരും. അതുകൊണ്ടുതന്നെ നിഫ്റ്റിയിലെ നേട്ടം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ആശ്വാസമേകുന്നില്ല. വിപണിയില്‍ കുതിപ്പ്, കുതിപ്പ്, കുതിപ്പ് എന്നുകേള്‍ക്കുമ്പോള്‍ പോര്‍ട്‌ഫോളിയോയിലേയ്ക്ക് നോക്കാനുള്ള പ്രേരണ സ്വാഭാവികം. അതുപക്ഷേ, അവിടെ പ്രതിഫലിച്ചിട്ടുണ്ടാകുകയുമില്ല. നഷ്ടപ്പെട്ട പ്രതാപകാലം തിരികെ പിടിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് ചരുക്കം.

അനുകൂല സാഹചര്യം
വെള്ളിയാഴ്ച റെയില്‍വേ ഓഹരികളിലുണ്ടായ അപ്രതീക്ഷിത കുതിപ്പ് മിഡ്-സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ പ്രതീക്ഷകളുണര്‍ത്തിയിട്ടുണ്ട്. റെയില്‍ പദ്ധതികളിലെ മുന്നേറ്റമാണ്‌ ഓഹരികളില്‍ പ്രതിഫലിച്ചത്. കുതിപ്പില്‍ മുന്നില്‍ റൈറ്റ്‌സാണ്. 15.7 ശതമാനം നേട്ടമുണ്ടാക്കി. ടൈറ്റാഗ്രാഫ് റെയില്‍ സിസ്റ്റംസ് 12.8 ശതമാനവും ഉയര്‍ന്നു. റെയില്‍ വികാസ് നിഗം ലിമിറ്റഡ്(ആര്‍വിഎന്‍എല്‍), ബിഇഎംഎല്‍, ഐആര്‍ഫ്‌സി തുടങ്ങിയ ഓഹരികള്‍ ആറ് മുതല്‍ ഒമ്പത് ശതമാനംവരെയും നേട്ടമുണ്ടാക്കി. സെന്‍ട്രല്‍ റെയില്‍വേയില്‍ 115.8 കോടി രൂപയുടെ നവീകരണ പദ്ധതികള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ ആര്‍വിഎന്‍എല്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു. അതൊരു തുടക്കമായി വിപണി കണ്ടെന്നുവേണം കരുതാന്‍.

വെള്ളിയാഴ്ച ഓഹരി വിലയിലുണ്ടായ മാറ്റം.

സമാന സാധ്യതകളാണ് പ്രതിരോധ ഓഹരികളിലും പ്രതിഫലിച്ചത്. ആറ് ദിവസം തുടര്‍ച്ചയായി ഡിഫെന്‍സ് ഇന്‍ഡക്‌സ് കുതിച്ചു. കൊച്ചിന്‍ ഷിപ്പിയാഡ്, ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനിയേഴ്‌സ്, മാസഗോണ്‍ ഡോക്, ഡാറ്റാ പാറ്റേണ്‍സ്, പരാസ് ഡിഫെന്‍സ്, സെന്‍ ടെക്‌നോളജീസ്, ഭാരത് ഡൈനാമിക്‌സ്, എച്ച്എഎല്‍ തുടങ്ങിയ ഓഹരികള്‍ മൂന്ന് ശതമാനം മുതല്‍ 12 ശതമാനംവരെ നേട്ടമുണ്ടാക്കുകയും ചെയ്തു. ഭാരത് ഇലക്ട്രോണിക്‌സ്, ബിഡിഎല്‍, എംഡിഎല്‍, പരാസ് ഡിഫെന്‍സ്, സോളാര്‍ ഇന്‍ഡസ്ട്രീസ് എന്നിവ എക്കാലത്തെയും ഉയരംകുറിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പ്രകടിപ്പിച്ച മികവ് പ്രതിരോധ കമ്പനികള്‍ക്ക് വന്‍ കുതിപ്പിനുള്ള സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്.

Content Highlights: Beyond the Nifty 50 Surge: Why Small and Mid-Cap Stocks Lag Behind successful the Recent Market Uptick

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article