കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ പിന്മാറ്റം സംഭവിച്ചിരുന്നു. അതിന് ശുഭാപ്തി വിശ്വാസത്തിന്റെ പിന്‍ബലവുമുണ്ടായിരുന്നു. ആഭ്യന്തര ഡിമാന്റ് ഉയര്‍ത്താനായി കൂടുതല്‍ ഉദാരവല്‍ക്കരണ നടപടികളിലേക്ക് ഗവണ്മെന്റ് നീങ്ങിയേക്കാമെന്നുള്ള പ്രതീക്ഷയായിരുന്നു ഇതിന് കാരണം. ഗവണ്മെന്റ് സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്ന പ്രതീക്ഷയാണ് അടുത്ത രണ്ടു മൂന്നു മാസത്തേക്ക് വിപണിയെ നയിച്ചേക്കാവുന്ന പ്രധാന ഘടകം.
ജിഎസ്ടി നിരക്കുകളില്‍ കുറവുവരുത്തിയതിനു പുറമേ അമേരിക്കയുടെ ഉര്‍ന്ന താരിഫ് ബാധിച്ചേക്കാവുന്ന മേഖലകളെയെല്ലാം പിന്തുണയ്ക്കുന്ന നടപടികള്‍ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം. ഹ്രസ്വകാലത്ത് രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഇതുണ്ടാക്കാവുന്ന മാറ്റങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. എന്നിരുന്നാലും വിശാല വിപണിയുടെ സാധ്യതകളെ അമേരിക്കയുടെ ഉയര്‍ന്ന തീരുവ പരിമിതപ്പെടുത്തിയേക്കാം. നിഫ്റ്റി 50 സൂചികയ്ക്ക് നിര്‍ണായക നിലവാരമായ 25000 ത്തിനുമുകളില്‍ പിടിച്ചു നില്‍ക്കാനായിട്ടില്ല. ഹ്രസ്വകാലത്തേക്ക് സൂചിക 24000 ത്തിനും 25000 ത്തിനുമിടയില്‍ വ്യാപാരം തുടരാനാണ് സാധ്യത.
താരിഫ് സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ 0.5 ശതമാനം മുതല്‍ 1 ശതമാനം വരെ കുറവു വരുത്തിയേക്കാം. ഓഹരി വരുമാനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷവും തൊട്ടടുത്ത വര്‍ഷവും കുറവുണ്ടാകാനിതിടയാക്കും. പല പ്രമുഖ കമ്പനികളുടേയും അമേരിക്കന്‍ വിപണിയുമായുള്ള ബന്ധം സുപ്രധാനമാണ്. വില കുറയ്ക്കുന്നതിനോ ഉത്പാദനം കുറയ്ക്കുന്നതിനോ ഈ പ്രതിസന്ധി അവരെ നിര്‍ബന്ധിതരാക്കിയേക്കാം. ഉടക്കാലയളവില്‍ അവരുടെ ലാഭ ക്ഷമതയേയും ബാധിക്കും. ജിഡിപിയില്‍ ഇതുണ്ടാക്കിയേക്കാവുന്ന ആഘാതം ഒരുപരിധിവരെ തടയാന്‍ സാധിച്ചാലും മുമ്പ് കണക്കാക്കിയിരുന്ന ഏഴ് മുതല്‍ എട്ട് ശതമാനം വരെയുള്ള വളര്‍ച്ചാ പ്രതീക്ഷ ആറ് ശതമാനത്തിലേക്കു താഴാനിടയുണ്ട്. ടെക്സ്റ്റയില്‍, ഉപകരണ നിര്‍മ്മാണം, ലോഹങ്ങള്‍, വാഹന അനുബന്ധ വ്യവസായങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, വജ്രം, ആഭരണങ്ങള്‍, ബസ്മതി അരി എന്നിവയെ ചുങ്കം വലിയ തോതില്‍ നേരിട്ടു ബാധിക്കും. ഐടി, ഫാര്‍മ മേഖലകളെ തല്‍ക്കാലത്തേക്കു ബാധിക്കുകയില്ലെങ്കിലും അമേരിക്കയുടെ പ്രതികൂല മനോഭാവത്തിന്റെ പ്രതിഫലനങ്ങള്‍ ഇവിടെയും ദൃശ്യമായേക്കാം. എങ്കിലും ഭാവിയില്‍ അനുകൂല വ്യാപാരക്കരാര്‍ സാധ്യമായേക്കുമെന്നുള്ള ശുഭ പ്രതീക്ഷ ഇപ്പോഴും നിക്ഷേപകര്‍ക്കുണ്ട്. ഏതാനും മാസങ്ങള്‍ മുമ്പുവരെ അമേരിക്കയുമായി ശക്തമായൊരു വാണിജ്യ പ്രതിരോധ ഉടമ്പടി സാധ്യമാകുമെന്ന പ്രതീക്ഷയായിരുന്നു അവര്‍ക്ക്. എന്നാല്‍ പാകിസ്താനുമായുണ്ടായ ഏറ്റുമുട്ടലും ട്രംപിന്റെ വ്യക്തിപരമായ അജണ്ടകളും എല്ലാം തകിടം മറിച്ചു.
ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ചെറുകിട നിക്ഷേപകരും ഇപ്പോഴും വിപണിയില്‍ സജീവമാണെന്നത് ആശ്വാസം പകരുന്നുണ്ട്. ഇത് വിദേശ സമ്മര്‍ദങ്ങളെ മറികടക്കാന്‍ വലിയ തോതില്‍ സഹായിക്കുന്നു. എന്നാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇപ്പോള്‍ അല്പം സൂക്ഷ്മതയോടെയാണ് നീങ്ങുന്നത്. അവര്‍ ഇന്ത്യയേക്കാളുപരി ചൈനയോട് താത്പര്യം കാണിക്കുന്നുണ്ട്. അവര്‍ പ്രാഥമിക വിപണിയില്‍ (ഐപിഒ) സജീവമാണെങ്കിലും ഓഹരികളുടെ ഉയര്‍ന്ന വിലനിലവാരം കാരണം ദ്വിതീയ വിപണിയില്‍ (ഓഹരി വിപണി) വലിയ താര്‍പര്യം കാണിക്കുന്നില്ല. ഈ താത്പര്യമില്ലായ്മ കുറേക്കാലത്തേക്ക് വിപണിയില്‍ നിലനില്‍ക്കാനിടയുണ്ട്. എന്നാല്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ച, ഇന്ത്യന്‍ ഓഹരികളുടെ മൂല്യത്തില്‍ സംഭവിച്ചേക്കാവുന്ന ഇടിവ്, ഈ വര്‍ഷമോ അടുത്ത വര്‍ഷമോ യുഎസ് ഫെഡ് നിരക്കു കുറയ്ക്കാനുള്ള സാഹചര്യം എന്നിവ പരിഗണിച്ചാല്‍ ഈ നില മാറാനിടയുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാംപാദ വരുമാനം മികച്ചതായിരുന്നില്ല.എന്നാല്‍ മുന്‍ പാദത്തെ അപേക്ഷിച്ച് (Q4 FY 25) ഒരല്പം മെച്ചപ്പെട്ടതായിരുന്നുവെന്ന് കണക്കാക്കാം. മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികള്‍ ലാര്‍ജ് കാപിനെ അപേക്ഷിച്ച് മികച്ച നേട്ടം കൈവരിച്ചെങ്കിലും മൊത്തത്തിലുള്ള പ്രകടനം ദീര്‍ഘകാല ശരാശരിയേക്കാള്‍ താഴ്ന്നനിലയിലായിരുന്നു. മുന്നോട്ടു നോക്കുമ്പോള്‍ കോര്‍പറേറ്റ് വരുമാന വളര്‍ച്ച മുന്‍വര്‍ഷങ്ങളയപേക്ഷിച്ച് താഴ്ന്നതാകാനാണ് സാധ്യത. കാരണം നടപ്പു സാമ്പത്തിക വര്‍ഷത്തെ ഓഹരി വരുമാന വളര്‍ച്ച (EPS) 10 ശതമാനമായി കണക്കാക്കുന്നതും, ഉയര്‍ന്ന ഓഹരി മൂല്യം, 20 മടങ്ങ് ഉയര്‍ന്ന് പിഇ അനുപാതവും, സാഹചര്യം അത്ര അനുകൂലമല്ലാതാക്കുന്നുണ്ട്. ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കിനേയും വ്യാപാര സംഘര്‍ഷങ്ങള്‍ ബാധിച്ചേക്കാം. എങ്കിലും ഇന്ത്യയ്ക്ക് അതിന്റെ സവിശേഷ സ്ഥാനം നില നിര്‍ത്താന്‍ സാധിക്കും. ആറ് ശതമാനത്തിലേറെയുള്ള ദീര്‍ഘകാല ജിഡിപി വളര്‍ച്ചാ പ്രതീക്ഷയും ആഭ്യന്തര മൂലധന ഒഴുക്കും ഇതിന് ഏറെ സഹായകമാണ്.
ഇപ്പോള്‍ ആഭ്യന്തര വിപണി സമ്മിശ്രമായി തുടരാനാണ് സാധ്യത. ഉപഭോഗ കേന്ദ്രീകൃതവും ആഭ്യന്തര വളര്‍ച്ചാ സാധ്യതയുള്ളതുമായ ഓഹരികള്‍, പ്രത്യേകിച്ച് എഫ്എംസിജി, ഉപഭോഗ ഉത്പന്നങ്ങള്‍, സിമെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ നല്ല പ്രകടനം കാഴ്ച വെച്ചേക്കാം. ജിഎസ്ടി നിരക്കില്‍ വന്ന കുറവും വര്‍ധിച്ച ആഭ്യന്തര ഉപഭോഗവും ഗവണ്മെന്റിന്റെ പണം ചിലവഴിക്കലും സാഹചര്യം അനുകൂലമാക്കുന്നു. വ്യത്യസ്ത വിപണി മൂല്യമുള്ള സവിശേഷ ഓഹരികളില്‍ ശ്രദ്ധയൂന്നിയുള്ള നിക്ഷേപ രീതിയാണ് ഇപ്പോള്‍ ഉത്തമം. വ്യാപാര സംഘര്‍ഷങ്ങള്‍ അവസാനിച്ചാല്‍ അത് വിപണിക്ക് വലിയ ഉത്തേജനം പകരും. എന്നാല്‍ ഇടക്കാലയളവില്‍ 25 ശതമാനം താരിഫ് തുടര്‍ന്ന് പോകാനാണ് സാധ്യത. വിപണി ഇപ്പോഴും അതിന്റെ പ്രതീക്ഷ കൈവിട്ടിട്ടില്ല. എല്ലാ വ്യാപാര സംഘര്‍ഷങ്ങളും താല്‍ക്കാലികമാണെന്നാണ് വിപണിയുടെ വിലയിരുത്തല്‍. ഇരുഭാഗത്തുനിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകാത്തതാണ് സാഹചര്യം വഷളാക്കുന്നതെന്ന് വിപണി കരുതുന്നു. ഇത് വിപണിയില്‍ കാര്യമായി പ്രതിഫലിക്കുന്നുമുണ്ട്.
Content Highlights: Market Outlook: Mixed Signals Amid Tariff Dispute Uncertainty.
ABOUT THE AUTHOR
വിനോദ് നായര്‍
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·