വെള്ളി വില ഒരു ലക്ഷം രൂപ കടന്നു: അസ്ഥിരത തുടരുമോ? 

6 months ago 6

പാവപ്പെട്ടവന്റെ സ്വര്‍ണ്ണമെന്നറിയപ്പെടുന്ന വെള്ളിയാണ് ആഗോള ഉത്പന്ന വിപണിയില്‍ ഇപ്പോള്‍ താരം. വെള്ളി ഒരേ സമയം നിക്ഷേപ ആസ്തിയും വ്യാവസായിക ലോഹവുമാണ്. ഈയിടെയുണ്ടായ സംഭവ വികാസങ്ങള്‍ വെള്ളി വിലയിലെ അസ്ഥിരതയും ഡിമാന്റും ഒരുപോലെ വര്‍ധിപ്പിച്ചു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള വിതരണ തടസങ്ങളും ചൈനയില്‍ നിന്നുള്ള വ്യാവസായിക ഡിമാന്റും കറന്‍സി മൂല്യത്തിലുണ്ടായ മാറ്റങ്ങളും പണനയത്തിലെ അനിശ്ചിതത്വവുമെല്ലാമാണ് ഇന്ത്യയില്‍ വെള്ളി വില കിലോഗ്രാമിന് ഒരു ലക്ഷം രൂപ കടക്കാനിടയാക്കിയത്.

ഉത്പാദനത്തിലും ഡിമാന്റിലുമുള്ള അസമത്വം ലോക വിപണികളില്‍ വെള്ളി വിലയെ ബാധിച്ചിട്ടുണ്ട്. പാരിസ്ഥിതിക നിബന്ധനകളും ജോലിക്കാരുടെ കുറവും ലാറ്റിനമേരിക്ക പോലുള്ള പ്രധാന ഖനന മേഖലകളിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം വെള്ളിയുടെ ഉത്പാദനത്തില്‍ മാന്ദ്യമുണ്ടാക്കി. വ്യാവസായിക ആവശ്യങ്ങളും നിക്ഷേപ താത്പര്യങ്ങളും വര്‍ധിച്ചതിനാല്‍ ഡിമാന്റ് കൂടുകയും ചെയ്തു.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, സോളാര്‍ പാനലുകള്‍, വൈദ്യത വാഹനങ്ങള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വെള്ളിയുടെ സാന്നിധ്യം നിര്‍ണായകമാണ്. ആഗോള തലത്തില്‍ വെള്ളിയുടെ ഉപയോഗത്തില്‍ 15 ശതമാനവും നടക്കുന്നത് സോളാര്‍ വ്യവസായത്തിലാണ്. വിവിധ രാജ്യങ്ങള്‍ ഊര്‍ജ പുനരുപയോഗത്തിന് ഊന്നല്‍ നല്‍കാന്‍ തുടങ്ങിയതോടെ ഇതിനിയും വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

വ്യാവസായിക ലോഹങ്ങള്‍ക്ക് ചൈനയില്‍ നിന്നുള്ള ഡിമാന്റ് ആഗോള വെള്ളി വിലയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ചില മേഖലകളില്‍ സാമ്പത്തിക വേഗക്കുറവുണ്ടെങ്കിലും സാങ്കേതിക പുരോഗതിക്കും ഹരിത സാങ്കേതിക വിദ്യയ്ക്കും ചൈന നല്‍കുന്ന പ്രാധാന്യം വെള്ളിയുടെ ഡിമാന്റ് നിലനിര്‍ത്താന്‍ സഹായിച്ചു. സൗരോര്‍ജ മേഖലയിലും 5 ജി സാങ്കേതിക വിദ്യയിലും ചൈന നടത്തുന്ന മുന്നേറ്റം വെള്ളിയുടെ ഇറക്കുമതി വര്‍ധിക്കാനിടയാക്കി. ആഗോള തലത്തില്‍ വിതരണ ശൃംഖലയില്‍ സമ്മര്‍ദം വര്‍ധിപ്പിപ്പിക്കുകയും ചെയ്തു. ചൈനയിലെ നിക്ഷേപകര്‍ ആഭ്യന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളും കറന്‍സി മൂല്യത്തകര്‍ച്ചയും പ്രതിരോധിക്കാന്‍ വെള്ളി ഉപയോഗിക്കുന്നുണ്ട്.

വ്യാവസായിക ഡിമാന്റിനു പുറമെ നിക്ഷേപ മേഖലയിലെ ഡിമാന്റും വിലയിലെ കുതിപ്പിന് ആക്കംകൂട്ടി. ആഗോളതലത്തില്‍ സ്വര്‍ണത്തെപ്പോലെ വെള്ളി വിലയും യുഎസ് ഡോളറിലാണ് കണക്കാക്കുന്നത്. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ വെള്ളിയുടെ വില വര്‍ധിക്കുകയും മറ്റു കറന്‍സികള്‍ കൈവശമുള്ളവര്‍ക്ക് കുറഞ്ഞ വിലയില്‍ ലഭ്യമാവുകയും ചെയ്യും. എന്നാല്‍ യുഎസ് കേന്ദ്ര ബാങ്ക് പലിശ നയത്തെക്കുറിച്ചുള്ള പ്രതീക്ഷകളില്‍ വന്ന മാറ്റം ഈയിടെ ഡോളറിന്റെ മൂല്യത്തില്‍ സൃഷ്ടിച്ച അനിശ്ചിതത്വം വെള്ളി വിലയെ സങ്കീര്‍ണമാക്കിയിട്ടുണ്ട്.

പലിശ നിരക്കു കുറയ്ക്കുന്നതു സംബന്ധിച്ച് ഫെഡിന്റെ ജാഗ്രതാ നിലപാടും, തുടരുന്ന പണപ്പെരുപ്പവും ധന വിപണികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചു. സുരക്ഷിത ആസ്തി തേടുന്ന നിക്ഷേപകര്‍ പണപ്പെരുപ്പത്തിനും കറന്‍സിയുടെ മൂല്യവ്യതിയാനം മൂലമുള്ള പരിക്കുകള്‍ കുറയ്ക്കുന്നതിനും വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതുകാരണം ഊഹക്കച്ചവടം വര്‍ധിക്കാനും വില ഉയരാനും ഇടയാക്കി.

ഇന്ത്യയില്‍ ഡോളറിനെതിരെയുള്ള രൂപയുടെ ഇടിവ് വെള്ളി വില വര്‍ധനയെ സഹായിച്ചു. രൂപയുടെ വിലയിടിവ് വെള്ളി പോലെയുള്ള ഇറക്കുമതി ഉത്പന്നങ്ങളുടെ വില വര്‍ധനവിനിടയാക്കി. ഇതോടൊപ്പം, വിലക്കയറ്റ സമ്മര്‍ദങ്ങളും ഭൗമരാഷ്ട്രീയ അസ്ഥിരതകളും ഇന്ത്യന്‍ നിക്ഷേപകരെ മൂല്യമേറിയ സൂക്ഷിപ്പു മുതല്‍ എന്ന നിലയില്‍ വിലയേറിയ ലോഹങ്ങളിലേക്ക് ആകര്‍ഷിച്ചു. സ്വര്‍ണ്ണത്തെ അപേക്ഷിച്ച് വെള്ളിയുടെ വിലക്കുറവും ചെറുകിട നിക്ഷേപകരേയും ആഭരണ വ്യാപാരികളേയും ആകര്‍ഷിച്ചു. എന്നാല്‍ ഇപ്പോള്‍ വില കിലോഗ്രാമിന് ലക്ഷം രൂപ കടന്ന സാഹചര്യത്തില്‍ വാങ്ങലും പ്രയാസകരമായിത്തീരുന്നതിനാല്‍ വൈകാതെ ഡിമാന്റ് കുറയാനും ഇടയുണ്ട്.

വെള്ളിയുടെ ഇപ്പോഴത്തെ കുതിപ്പിനു പിന്നില്‍ വിപണിയിലെ വര്‍ധിച്ച അനിശ്ചിതത്വമാണ്. ഇന്‍ട്രാഡേ ട്രേഡിംഗില്‍ വിലകളുടെ കയറ്റിറക്കങ്ങള്‍ ശ്രദ്ധേയമായിരുന്നു. കുതിക്കുന്ന വ്യാവസായിക ഡിമാന്റും സാമ്പത്തിക, ധന മേഖലകളിലെ മുരടിപ്പുമാണ് ഇതു സൂചിപ്പിക്കുന്നത്. ദീര്‍ഘകാല പ്രതീക്ഷ ശുഭകരമെങ്കിലും സാമ്പത്തിക കണക്കുകളും കേന്ദ്ര ബാങ്ക് വിവരങ്ങളും വിപണി ഉള്‍ക്കൊള്ളുന്ന ഹ്രസ്വകാലയളവില്‍ തിരുത്തലിനു സാധ്യതയുണ്ട്.

നിക്ഷേപകരെ സംബന്ധിച്ചെടത്തോളം വെള്ളി ഒരേസമയം അവസരവും റിസ്‌കുമാണ്. അതിന്റെ വ്യാവസായിക ഉപയോഗം ദീര്‍ഘകാല ഡിമാന്റ് ഉറപ്പാക്കുമ്പോഴും, സാമ്പത്തിക രംഗത്തെ മാറ്റങ്ങളോടും പണ നയത്തോടുമുള്ള പ്രതികരണം കടുത്ത ചാഞ്ചാട്ടങ്ങള്‍ക്കിടയാക്കിയേക്കാം. പോര്‍ട്ഫോളിയോ വൈവിധ്യവത്ക്കരിച്ച് വിപണിയില്‍ പ്രവേശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം കണ്ടെത്തുകയാണ് ഈ അനിശ്ചിതത്വത്തിനിടയിലൂടെ മുന്നേറാനുള്ള വഴി.

Content Highlights: Silver Prices Surge Past ₹1 Lakh/kg: Analyzing Market Volatility and Future Trends

ABOUT THE AUTHOR

ഹരീഷ് വി.

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകന്‍.

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article