
മലബാർ ഗ്രൂപ്പിൻ്റെ പ്രധാന സി എസ് ആർ പരിപാടിയായ “ഹംഗർ ഫ്രീ വേൾഡ്” വ്യാപിപ്പിക്കുന്നതിൻ്റെ ഉദ്ഘാടനം ഡൽഹിയിൽ നീതി ആയോഗ് മുൻ സി ഇ ഒയും ജി-20 ശെരിപ്പയുമായ അമിതാഭ് കാന്ത് നിർവഹിക്കുന്നു. മലബാർ ഗ്രുപ്പ് മാനേജ്മെന്റ് അംഗങ്ങൾ സമീപം. 2025-26 വർഷം പോഷകമൂല്യമുള്ള രണ്ടര കോടി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയാണ് മലബാറിൻ്റെ ലക്ഷ്യം
കോഴിക്കോട് : ഈ വർഷം സിഎസ്‌ആർ പ്രവർത്തനങ്ങൾക്ക് മലബാർ ഗ്രൂപ്പ് 150 കോടി രൂപ ചെലവഴിക്കും. ‘വേൾഡ് ഹംഗർ ഡേ’ ആയ മെയ് 28 എല്ലാ വർഷവും സി എസ് ആർ ദിനമായി ആചരിക്കാനും തീരുമാനിച്ചു.
വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതിന് മലബാര്‍ ഗ്രൂപ്പ് ആരംഭിച്ച ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയില്‍ ഈ വര്‍ഷത്തിനുള്ളില്‍ 2.5 കോടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യും. മെയ് 28 ന് ഡല്‍ഹി ജന്‍പഥിലെ ഡോ.അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കുന്ന സിഎസ്‌ആർ ദിനാചരണ ചടങ്ങില്‍ ഈ വർഷത്തെ സിഎസ്‌ആർ പരിപാടികൾ നീതി ആയോഗ് മുൻ സിഇഒയും ജി–-20 ഷെർപ്പയുമായ അമിതാഭ് കാന്ത് ഉദ്‌ഘാടനം ചെയ്തു. അന്ന് രാജ്യത്താകെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സിന്റെ ഷോറൂമുകളിൽ സിഎസ്‌ആർ ദിനം പ്രമാണിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം. പി അഹമ്മദ്, വൈസ് ചെയർമാൻ അബ്ദുൽ സലാം കെ. പി, ഇന്ത്യൻ ഓപറേഷൻസ് എംഡി അഷർ. ഒ, ഗ്രുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ നിഷാദ് എകെ, കെപി വീരൻകുട്ടി, ഗ്രൂപ്പ് ഡയറക്ടർ അബ്‌ദുള്ള ഇബ്രാഹിം പി.എ, തണൽ ചെയർമാൻ ഡോ. ഇദ്രിസ് വി, നോർത്ത് സോണൽ ഹെഡ് ജിഷാദ് എൻ.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മലബാർ ഗ്രൂപ്പ് സിഎസ്‌ആർ പ്രവർത്തനങ്ങൾക്ക് ഒരു വർഷം വകയിരുത്തുന്ന തുകയിൽ 60 ശതമാനത്തോളം പട്ടിണിയും ദാരിദ്ര്യവും അകറ്റുന്ന പരിപാടികൾക്കാണ് ചെലവഴിക്കുന്നത്. ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിൽ ഇപ്പോൾ ഇന്ത്യയിലും വിദേശത്തുമായി 70,000 ഭക്ഷണപ്പൊതികളാണ് ഒരു ദിവസം വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലെ 167 കേന്ദ്രങ്ങളിൽ ദിനംപ്രതി 60,000 പേര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ, ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ മൂന്ന് സ്‌കൂളുകളിലെ 10,000 വിദ്യാര്‍ത്ഥികള്‍ക്കും സാംബിയ ഗവൺമെന്റുമായി സഹകരിച്ച് പ്രതിദിനം ഭക്ഷണം നല്‍കുന്നു.
'ഹംഗര്‍ ഫ്രീ വേള്‍ഡ്' പദ്ധതിയിൽ ഭക്ഷണം തയ്യാറാക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളോടെയുള്ള അടുക്കളകളാണ് വിവിധ സംസ്ഥാനങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ളത്. വൃത്തിയോടെ ഭക്ഷണം തയ്യാറാക്കുന്നതിന് പരിശീലനം ലഭിച്ച പാചക വിദഗ്ധരെയും മറ്റ് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ (എൻജിഒ) തണലുമായി സഹകരിച്ചാണ് ഹംഗർ ഫ്രീ വേൾഡ് നടപ്പാക്കുന്നത്.
ജനങ്ങൾ കൈകോർത്താൽ ലോകത്ത് പട്ടിണിയകറ്റാൻ കഴിയുമെന്ന സന്ദേശമാണ് ‘ഹംഗർ ഫ്രീ വേൾഡ്’ പരിപാടിയിലൂടെ മലബാർ ഗ്രൂപ്പ് സമൂഹത്തിന് നൽകുന്നതെന്ന് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. ‘‘മലബാർ ഗ്രൂപ്പിന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്യുന്നു. മറ്റു സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഈ വഴിക്ക് ചിന്തിച്ചാൽ വലിയ മാറ്റമുണ്ടാക്കാൻ കഴിയും. ഭക്ഷണപ്പൊതി ഒരു താൽക്കാലിക പരിഹാരമാണ്. ഉൽപ്പാദനം വർധിപ്പിച്ചും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചും സമൂഹത്തിൽ സാമ്പത്തിക വളർച്ചയുണ്ടാക്കുകയാണ് ആത്യന്തികമായി വേണ്ടത്. എന്നാൽ, അതൊരു ദീർഘകാല പരിഹാരമാണ്. ലോകത്ത് 29.5 കോടി ജനങ്ങൾ പട്ടിണി നേരിടുന്നുണ്ടെന്നാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. അവരുടെ വിശപ്പകറ്റാനുള്ള ശ്രമങ്ങൾ നാളത്തേക്ക് മാറ്റിവയ്‌ക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഭക്ഷണം വിതരണം ചെയ്യുന്ന പരിപാടി മലബാർ ഗ്രൂപ്പ് ഏറ്റെടുത്തത്’’–- എം പി അഹമ്മദ് പറഞ്ഞു.
തെരുവില്‍ കഴിയുന്നവരുടെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും പോഷകാഹാരവും നല്‍കി അവരെ സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലായി 716 മൈക്രോ ലേണിംഗ് സെന്ററുകള്‍ മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ഈ സെന്ററുകളില്‍ 32,000ത്തിലേറെ കുട്ടികളാണുള്ളത്. ഇവരില്‍ ഒമ്പതിനായിരത്തോളം പേരെ ഇതിനകം സ്‌കൂളുകളിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. മൈക്രോ ലേണിങ് സെന്ററുകളും തണലിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്.
മലബാറിന്റെ മറ്റൊരു പ്രധാന സിഎസ്‌ആർ പരിപാടിയാണ് പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ്. ദേശീയതലത്തിൽ 1,14,000 പെണ്‍കുട്ടികള്‍ക്ക് ഇതിനകം സ്‌കോളര്‍ഷിപ്പുകള്‍ നൽകിയിട്ടുണ്ട്. സമൂഹത്തിലെ നിര്‍ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി താമസിപ്പിച്ച് സംരക്ഷിക്കുന്നതിന് ‘ഗ്രാൻഡ്‌മ ഹോം' പദ്ധതിയും മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലും ഹൈദരാബാദിലുമാണ് ഇപ്പോള്‍ ‘ഗ്രാൻഡ്‌മ ഹോമു’കളുള്ളത്. കേരളത്തിൽ എറണാകുളം (നെടുമ്പാശ്ശേരി), വയനാട്, തൃശൂര്‍, കോഴിക്കോട് (കൊടുവള്ളി) എന്നിവിടങ്ങളില്‍ 'ഗ്രാൻഡ്‌മ ഹോമു’കളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും കൂടി ‘ഗ്രാൻഡ്‌മ ഹോമു'കള്‍ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും മെഡിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിച്ച് ലാഭമെടുക്കാതെ വിലകുറച്ച് മരുന്നുകള്‍ വിതരണം നടത്തുന്നതിനുള്ള പദ്ധതിയും മലബാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 27 നിയമസഭാ മണ്ഡലങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങി. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഉരുള്‍പൊട്ടലിന് ഇരയായ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കുന്നതിനായി ‘ഉയിര്‍പ്പ്' പദ്ധതി നടപ്പാക്കുന്നുണ്ട്. 134 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്.മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ തുടക്കം മുതൽ സാമൂഹിക ക്ഷേമത്തിന് കമ്പനി ലാഭത്തിന്റെ 5% നീക്കിവയ്‌ക്കുന്നുണ്ട്.
Content Highlights: malabar group
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·