സെപ്റ്റംബര്‍ 2024നും ഏപ്രില്‍ 2025നുമിടയില്‍ ഇന്ത്യന്‍ വിപണി ഏകദേശം 21 ശതമാനം നഷ്ടം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ഈ നഷ്ടത്തിന്റെ 75 ശതമാനവും തിരികെപ്പിടിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അല്പം സങ്കീര്‍ണ്ണമാണ്. നിഫ്റ്റി 50 സൂചിക വളരെ ചെറിയ ഒരു റെയ്ഞ്ചില്‍ ചാഞ്ചാടിക്കൊണ്ടിരിക്കയാണ്. ഇതു സൂചിപ്പിക്കുന്നത് നിക്ഷേപകര്‍ തീരുമാനമെടുക്കാന്‍ തയാറാകുന്നില്ല എന്നതാണ്. ഒരു പക്ഷേ അവര്‍ വിപണിയില്‍നിന്നു വിട്ടു നില്‍ക്കുന്നതിലൂടെ സൂചിക താഴേക്കു പോകാനുള്ള സാധ്യതയുമുണ്ട്.
മികച്ച കമ്പനി ഫലങ്ങളും ആഗോള സംഘര്‍ഷങ്ങളില്‍ അയവു വരാനുള്ള സാധ്യതയുമെല്ലാം പരിഗണിച്ചിട്ടും വിപണിയില്‍ വലിയ മുന്നേറ്റം കാണപ്പെടുന്നില്ല. അല്ലെങ്കില്‍ നിക്ഷേപകര്‍ ശുഭാപ്തി വിശ്വാസത്തിലല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലേയും മൂന്നാം പാദത്തിലേയും നിരാശാജനകമായ ഫലങ്ങള്‍ക്കു ശേഷം നാലാം പാദത്തില്‍ ലഭിച്ച മികച്ച റിസല്‍ട്ട് എല്ലാവരിലും ശുഭ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു.
കമ്പനികളുടെ മൂലധന ചെലവില്‍ വന്നേക്കാവുന്ന വര്‍ധനവും പണപ്പെരുപ്പത്തിലുണ്ടാകാനിടയുള്ള കുറവുമൊക്കെ പരിഗണിച്ച് വിപണി നടപ്പു സാമ്പത്തിക വര്‍ഷം മികച്ച മുന്നേറ്റം നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഉണ്ടായ തിരിച്ചു വരവിനുശേഷം നിക്ഷേപകര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതായത് നാലാം പാദത്തില്‍ 10 മുതല്‍ 12 ശതമാനം വരെ വരുമാന വളര്‍ച്ചയാണുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ ഓഹരികളിലെ പ്രീമിയം വാല്യുവേഷന്‍ നിലനിര്‍ത്തണമെങ്കില്‍ ഈ വളര്‍ച്ച പോര. ഇപ്പോഴത്തെ ആവശ്യം ദീര്‍ഘ കാലയളവില്‍ മികച്ച വരുമാന വളര്‍ച്ച കമ്പനികള്‍ ഉറപ്പു വരുത്തുക എന്നതാണ്. പതിനഞ്ചു ശതമാനം വരുമാന വളര്‍ച്ചയെങ്കിലും വിപണി പ്രതീക്ഷിക്കുന്നുണ്ട്. എങ്കില്‍ മാത്രമേ ഒരു വര്‍ഷത്തെ പിഇ റേഷ്യോ ആയ 21 മടങ്ങിന് ന്യായീകരണമുണ്ടാവുകയുള്ളു. അതായത് പിഇ റേഷ്യോ വെളിവാക്കുന്നത് പല ഓഹരികളുടേയും വില അവയില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 21 മടങ്ങ് ഉയരത്തിലാണെന്നാണ്. ഓരോ ഓഹരിയേയും സംബന്ധിച്ച് വിപണിയില്‍ നിലനില്‍ക്കുന്ന പ്രതീക്ഷകള്‍ അത്രവലുതാണ്. വണ്‍ ഇയര്‍ ഫോര്‍വേഡ് പിഇ റേഷ്യോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേയും മധ്യേഷ്യയില്‍ രൂപപ്പെട്ടിരിക്കുന്ന യുദ്ധസമാന സാഹചര്യത്തിന്റേയും വെളിച്ചത്തില്‍ വിപണിയില്‍ വ്യത്യസ്തമായ വിലയിരുത്തലുകളാണ് നിലനില്‍ക്കുന്നത്. ലോക ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 50 ബേസിസ് പോയിന്റിന്റെ കുറവുണ്ടാകുമെന്നാണ് അനുമാനം. ഏകദേശം 2.3 ശതമാനം വളര്‍ച്ച മാത്രമേ ആഗോളാടിസ്ഥാനത്തില്‍ പ്രതീക്ഷിക്കേണ്ടതുള്ളു. അത് ഈ കലണ്ടര്‍ ഇയറായ 2025 വര്‍ഷത്തെ സംബന്ധിച്ചാണ്. അടുത്ത വര്‍ഷവും സാഹചര്യത്തില്‍ വലിയ മെച്ചമൊന്നും ലോക ബാങ്ക് പ്രതീക്ഷിക്കുന്നില്ല.
വ്യാപാര സംഘര്‍ഷങ്ങളും നയപരമായ അനിശ്ചിതത്വവും മൂലം പുതിയ നിക്ഷേപങ്ങള്‍ക്ക് താത്പര്യമില്ലാത്ത സാഹചര്യം കാരണം ലോകത്തിലെ 70 ശതമാനം സമ്പദ് വ്യവസ്ഥയിലും വളര്‍ച്ചയ്ക്കു തിരിച്ചടിയുണ്ടാകുമെന്നാണ് ലോക ബാങ്ക് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനത്തോളം വളര്‍ച്ചയുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴത്തെ ശുഭ പ്രതീക്ഷ നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ ഇത് പര്യാപ്തമല്ല. അതിനാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തു വരുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ ഫലങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിപണിയുടെ ഹ്രസ്വകാല ഫലങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുക.
രണ്ടാമത്തെ പ്രധാന കാര്യം അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇടക്കാലത്തു രൂപപ്പെട്ട സംഘര്‍ഷങ്ങളില്‍ വന്ന അയവാണ്. പകരചുങ്കം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ ജൂലായ് വരെ വെടി നിര്‍ത്തല്‍ തുടരാനാണ് സാധ്യത. എന്നാല്‍ വിപണി ഇതിനെസംബന്ധിച്ച് അധികം ബോധവാന്മാരല്ല എന്നാണു മനസിലാക്കേണ്ടത്. കാരണം അമേരിക്കയുമായി എത്തിച്ചേരാനിടയുള്ള വളരെ നിര്‍ണ്ണായകമായ വ്യാപാര കരാറിലാണ് വിപണിയുടെ ശ്രദ്ധ മുഴുവന്‍. അത്തരം ഒരു ദീര്‍ഘകാല കരാറിലൂടെ ചുങ്കം സംബന്ധിച്ച എല്ലാ ആശങ്കകളും പൂര്‍ണ്ണമായി പരിഹരിക്കപ്പെടുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. നിക്ഷേപകരുടെ മുഴുവന്‍ ശ്രദ്ധയും ഇക്കാര്യത്തിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. കാരണം ഈ വ്യാപാരക്കരാറില്‍ എത്തിച്ചേരാന്‍ സാധിക്കാതിരുന്നാല്‍ അതുമൂലം വലിയ സാമ്പത്തിക ബാധ്യത അമേരിക്കന്‍ വിപണിയേയും ആഗോള വിപണിയേയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വന്നു ഭവിക്കും.
മധ്യേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ആഗോള ആഭ്യന്തര വിപണികളിലും പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ട്. താഴ്ന്നു നില്‍ക്കുന്ന ക്രൂഡോയില്‍ വില ഇന്ത്യന്‍ വിപണിക്ക് ഏറെ ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ പൊടുന്നനെ മാറ്റമുണ്ടാകാനിടയുണ്ട്. ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷങ്ങളിലേക്ക് അമേരിക്കയും കടന്നു ചെല്ലുന്നത് ആഗോള വിപണിയില്‍ ഏറെ അനിശ്ചിതത്വം സൃഷ്ടിക്കും. ഇത്തരം ആശങ്കള്‍ക്കു നടുവിലും കഴിഞ്ഞ വെള്ളിയാഴ്ച വിപണിയില്‍ ഒരുണര്‍വുണ്ടായത് ഏറെ ആശ്വാസം പകരുന്നുണ്ട്. അതിനു പ്രധാന കാരണം നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസമായിരുന്നു. നയതന്ത്ര ഇടപെടലുകളിലൂടെ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് വിപണിയെ അന്നുനയിച്ചത്. ഇത്തരം ആശങ്കകള്‍ക്കു നടുവില്‍ ആഭ്യന്തര നിക്ഷേപകര്‍ ലാഭമെടുപ്പിനു തുനിഞ്ഞേക്കാം.
വിപണി മുന്നേറണമെങ്കില്‍ അതിനു പ്രേരണ നല്‍കുന്ന പുതിയ ഘടകങ്ങള്‍ ഉരുത്തിരിഞ്ഞു വരണം. അവ ഒന്നാം പാദത്തിലെ മികച്ച ഫലങ്ങളായും വരാം. ആഗോള തലത്തിലുള്ള വെടിനിര്‍ത്തലും അമേരിക്കയുമായുള്ള ദീര്‍ഘകാല വ്യാപാര കരാറുകളുടെ രൂപത്തിലും വന്നേക്കാം. ശുഭ പ്രതീക്ഷ പകരുന്ന അത്തരം ഘടകങ്ങള്‍ ഉരുത്തിരിഞ്ഞു വരും വരെ വിപണിയിലെ അനിശ്ചിതത്വം നില നില്‍ക്കുകയും നിഫ്റ്റി 50 സൂചിക 24,500-25,250 നിലവാരത്തില്‍ വ്യാപാരം നടത്തുകയും ചെയ്തേക്കാം. ഈ പ്രവണതയാണ് കഴിഞ്ഞ നാലഞ്ചാഴ്ചയായി നാം കാണുന്നത്.
ലാര്‍ജ് കാപ് ഓഹരികള്‍ ഈ കാലയളവില്‍ മികച്ച മുന്നേറ്റം നടത്തിയേക്കാം. എന്നാല്‍ മിഡ്കാപ്, സ്മോള്‍ കാപ് ഓഹരികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്. ആഗോള സംഘര്‍ഷങ്ങള്‍ കടുത്താല്‍ സൂചിക 24,000 നിലവാരത്തില്‍ നിലനിന്നേക്കാനിടയുണ്ട്. എന്നാല്‍ 25,500 പോയിന്റ് പിന്നിടണമെങ്കില്‍ മികച്ച ഒന്നാം പാദ ഫലങ്ങളും ശു പ്രതീക്ഷ നല്‍കുന്ന വ്യാപാര കരാറുകളും ആഗോള സംഘര്‍ഷങ്ങളില്‍ കാര്യമായ അയവും ഉണ്ടാവേണ്ടിയിരിക്കുന്നു.
Content Highlights: Market Volatility: Navigating Geopolitical Uncertainty and Q1 Earnings Expectations
ABOUT THE AUTHOR
വിനോദ് നായര്‍
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·