Published: October 08, 2026 07:06 PM IST
2 minute Read
റാഞ്ചി ∙ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ താരം സഞ്ജു സാംസന്റെ ഫോമാണ് പ്രധാന ചർച്ചവിഷയം. ടീമിലെ മറ്റു ബാറ്റർമാരെല്ലാം കഴിഞ്ഞ നാലു മത്സരങ്ങൾക്കിടെ ഒരു മികച്ച ഇന്നിങ്സെങ്കിലും കളിച്ചെങ്കിൽ, സഞ്ജുവിനു മാത്രം അതു സാധിച്ചിട്ടില്ല. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ മൂന്നു മത്സരങ്ങളിലും പരാജയപ്പെട്ട സഞ്ജുവിന്, വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിലും തിളങ്ങാനായില്ല. ആദ്യ മത്സരത്തിൽ 11 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഏഷ്യൻ ഗെയിംസിൽ 9, 7, 2 എന്നിങ്ങനെയായിരുന്നു സ്ഞജുവിന്റെ സ്കോറുകൾ. എന്നാൽ സഞ്ജുവിനു പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സഞ്ജു സാംസൺ ഇപ്പോൾ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, അദ്ദേഹത്തിന് മറ്റൊരു അവസരം നൽകുന്നതിനേക്കാൾ പ്രധാനം ടീം മാനേജ്‌മെന്റ് പിന്തുണയും സുരക്ഷിതത്വബോധവും നൽകുന്നതാണെന്ന് പൂജാര പറഞ്ഞു.
What you should work next
ഒന്നോ രണ്ടോ പരാജയങ്ങളുടെ പേരിൽ ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള പ്രലോഭനത്തെ ടീം മാനേജ്മെന്റ് പ്രതിരോധിക്കണമെന്നും സഞ്ജുവിന് തന്റെ സ്വാഭാവിക താളം വീണ്ടെടുക്കാൻ സമയം നൽകണമെന്നും പൂജാര അഭിപ്രായപ്പെട്ടു. ‘‘അദ്ദേഹത്തിന്മേൽ യാതൊരുവിധ സമ്മർദവും ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതിന്റെ ആവശ്യമില്ല. ഇന്ത്യൻ ടീമിനായി അദ്ദേഹം ഒരു ലോകകപ്പ് നേടിക്കൊടുക്കുകയും അവിടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തതുമാണ്. അവൻ ഒരു മികച്ച കളിക്കാരനാണ്. അതിനാൽ പ്ലേയിങ് ഇലവനിൽ അവൻ ഇടംപിടിക്കുന്നതിനെക്കുറിച്ച് യാതൊരു ചോദ്യങ്ങളും ഉയരേണ്ടതില്ല.’’ ജിയോഹോട്ട്സ്റ്റാറിനോട് പൂജാര പറഞ്ഞു.
ട്വന്റി20 ക്രിക്കറ്റിൽ പരാജയങ്ങൾ സ്വാഭാവികമാണെന്നും ഒരു താരം കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ടീം മാനേജ്‌മെന്റിന്റെ പങ്ക് കൂടുതൽ നിർണയകമാണെന്നും പൂജാര വ്യക്തമാക്കി. ‘‘നിങ്ങൾക്ക് ഒന്നോ രണ്ടോ മോശം മത്സരങ്ങൾ ഉണ്ടായേക്കാം. അങ്ങനെയുള്ള സമയത്താണ് ടീം മാനേജ്‌മെന്റ് ഇടപെടേണ്ടത്. ‘നീ ഈ ടീമിന്റെ അവിഭാജ്യ ഘടകമാണ്, പ്ലേയിങ് ഇലവനിൽ നീ ഉണ്ടാകും. അതുകൊണ്ട് യാതൊരു ഭയവുമില്ലാതെ മൈതാനത്തിറങ്ങി നിന്റെ സ്വാഭാവിക കളി പുറത്തെടുക്കൂ’ എന്ന കൃത്യമായ സന്ദേശം അവനു നൽകണം.’’– പൂജാര പറഞ്ഞു.
കൗമാരതാരം വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തിരിക്കുന്നുണ്ടെന്ന് പൂജാര സമ്മതിച്ചെങ്കിലും, മാറ്റങ്ങൾ വരുത്താൻ ഇന്ത്യ തിടുക്കം കൂട്ടരുതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ‘‘ട്വന്റി20 ഫോർമാറ്റിൽ ഇടയ്ക്കിടെ പരാജയങ്ങൾ ഉണ്ടാകും. എന്നാൽ ആ സമയത്താണ് നിങ്ങൾ ഒരു കളിക്കാരനോട് സംസാരിക്കുകയും അവനു ശരിയായ സന്ദേശം നൽകുകയും ചെയ്യേണ്ടത്. അതെ, വൈഭവ് സൂര്യവംശി അവിടെയുണ്ട്. ശരിയായ സമയം വരുമ്പോൾ അവന് അവസരം ലഭിക്കും, എന്നാൽ നിങ്ങൾ ഒരുപാട് മാറ്റങ്ങൾ വരുത്തരുത്. സഞ്ജു ഇനിയും രണ്ടോ മൂന്നോ ഇന്നിങ്സുകൾ കളിച്ചാൽ, അവൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’ പൂജാര കൂട്ടിച്ചേർത്തു.
∙ ഒരു മാറ്റത്തിന് സാധ്യതവെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ സഞ്ജു സാംസൺ ഉറപ്പായുമുണ്ടാകുമെന്നും പ്ലേയിങ് ഇലവനിൽ ഒരുപക്ഷേ ഒരു മാറ്റത്തിനുള്ള സാധ്യത മാത്രമാണ് കാണുന്നതെന്നും ചേതേശ്വർ പൂജാര പറഞ്ഞു. ‘‘ഞാൻ ഇതേ ബാറ്റിങ് നിരയുമായി തന്നെ മുന്നോട്ട് പോകും. സഞ്ജു സാംസണും അഭിഷേക് ശർമയും ഇന്നിങ്സ് ഓപ്പൺ ചെയ്യും, ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ബാറ്റിങ് തുടരും, നാലാം നമ്പറിൽ ശ്രേയസ് അയ്യർ ബാറ്റ് ചെയ്യും. മത്സരത്തിലെ സാഹചര്യത്തിനനുസരിച്ച് തിലക് വർമ, നമൻ ധീർ, ശിവം ദുബെ എന്നിവർ 5, 6, 7 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എട്ടാം നമ്പറിൽ അക്ഷർ പട്ടേൽ. കുൽദീപ് യാദവും പ്ലേയിങ് ഇലവന്റെ ഭാഗമായിരിക്കും. അതുകൊണ്ട് പത്ത് പേരുടെ കാര്യത്തിൽ തീരുമാനമായി.’’– പൂജാര പറഞ്ഞു.
‘‘മയങ്ക് യാദവിനെയോ അതോ പ്രിൻസ് യാദവിനെയോ ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ മാത്രമാണ് സാധ്യതയുള്ള ഏക മാറ്റം. പരമ്പര തുടങ്ങുന്നതിന് മുൻപ് പ്രിൻസ് യാദവ് എന്റെ പ്ലേയിങ് ഇലവന്റെ ഭാഗമായിരുന്നു, എന്നാൽ ഇന്ത്യൻ ടീം മയങ്ക് യാദവുമായി മുന്നോട്ട് പോയതിനാൽ, അവന് മറ്റൊരു അവസരം കൂടി നൽകാൻ ആഗ്രഹിക്കുന്നു. പ്ലേയിങ് ഇലവൻ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കരുത്. ഒരു മത്സരത്തിന് ശേഷം ഒരു താരത്തെ ഒഴിവാക്കാൻ കഴിയില്ല. അതുകൊണ്ട് ഞാൻ മയങ്കിനൊപ്പം തന്നെ ഉറച്ചുനിൽക്കുന്നു.’’– പൂജാര കൂട്ടിച്ചേർത്തു.
English Summary:






English (US) ·