സമ്മര്‍ദത്തില്‍ വന്‍കിട ഓഹരികള്‍: മിഡ് ക്യാപുകളില്‍ വീണ്ടും കുതിപ്പ്, വരുന്നത് പ്രതീക്ഷയുടെ നാളുകളോ?

7 months ago 9

ന്ത്യന്‍ കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷകള്‍ മറികടന്നു. നികുതിക്കു ശേഷമുള്ള ലാഭം വിശാല അടിസ്ഥാനത്തില്‍ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 12 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 50 കമ്പനികള്‍ ആറ് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ വരുമാന വളര്‍ച്ച രേഖപ്പെടുത്തി. നേരത്തേ മൂന്നു ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. 2025, 2026 സാമ്പത്തിക വര്‍ഷങ്ങളിലെ ഓഹരി വരുമാന പ്രതീക്ഷയില്‍ ഇത് വര്‍ധനവുണ്ടാക്കുമെന്നു കരുതുന്നു. അസംസ്‌കൃത വസ്തുക്കളുടെ കുറഞ്ഞ ചെലവും കുറയുന്ന പണപ്പെരുപ്പവും പ്രവര്‍ത്തന ലാഭം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

വിവിധ മേഖലകളില്‍ പ്രകടനം സമ്മിശ്രമായിരുന്നു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങള്‍ക്കിടെ മുന്‍ പാദത്തെയപേക്ഷിച്ച് ഡിമാന്റ് മെച്ചപ്പെട്ടതിനാല്‍ ലോഹ, ഖനന മേഖലകള്‍ മുന്നിട്ടുനിന്നു. സങ്കീര്‍ണ്ണ സ്വഭാവമുള്ള ഔഷധങ്ങളുടെ ഡിമാന്റ് കൂടുകയും രാസവസ്തുക്കളുടെ വില കുറയുകയും ചെയ്തത് ഫാര്‍മ മേഖലയിലെ പ്രകടനം മെച്ചപ്പെടാനിടയാക്കി. ആഭ്യന്തര വിപണിയെ ആശ്രയിച്ചു നില്‍ക്കുന്ന സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍, ടെലികോം മേഖലകളും പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കി. അതേസമയം, വാഹന, ഐടി, എഫ്എംസിജി കമ്പനികളാകട്ടെ വരുമാന വളര്‍ച്ചയില്‍ മുന്നോട്ടു പോകാതിരിക്കുകയോ മോശം പ്രകടനം കാഴ്ച വെക്കുകയോ ചെയ്തു. സാമ്പത്തിക വളര്‍ച്ചയില്‍ ആഗോള, ആഭ്യന്തര രംഗങ്ങളിലുണ്ടായ തളര്‍ച്ചയുടെ പ്രത്യാഘാതമായിരുന്നു ഇത്.

ഡിമാന്റിലുള്ള കുറവ്, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയ ആഗോള ഘടകങ്ങളുടെ പ്രതിഫലനം ഇന്ത്യന്‍ കോര്‍പറേറ്റുകളേയും ബാധിച്ചിരുന്നു. എന്നാല്‍, ആഗോള പണപ്പെരുപ്പത്തിലും ക്രൂഡോയില്‍ വിലയിലും ഉണ്ടായ കുറവും ഇന്ത്യയില്‍ അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവിന് ഇടയാക്കി. അമേരിക്കയുമായുണ്ടായ താരിഫ് യുദ്ധം ചി ല മേഖലകളില്‍ ഓര്‍ഡറുകള്‍ വര്‍ധിയ്ക്കാനും വഴിവെച്ചു. യുഎസ് ഡോളറിനുണ്ടായ മൂല്യത്തകര്‍ച്ച സാമ്പത്തിക നേട്ടത്തിലൂടെയും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വര്‍ധിച്ച പങ്കാളിത്തത്തോടെയും പിന്നീട് ഇന്ത്യന്‍ വിപണിക്കു സഹായകമായിത്തീര്‍ന്നു. എന്നാല്‍ ഡോളര്‍ മൂല്യം ഇനിയും ഇടിയുന്നത് ആഗോള ഓഹരി വിപണികള്‍ക്കു തിരിച്ചടിയാകും.

മികച്ച റാബി വിളവെടുപ്പും ഭക്ഷ്യ വസ്തുക്കളുടെ വിലകളില്‍ വന്ന കുറവും ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍ നഗരങ്ങളില്‍ ഡിമാന്റിലുള്ള കുറവ് എഫ്എംസിജി, ഉപഭോഗ മേഖലകളിലെ പ്രകടനത്തെ ബാധിച്ചു. നല്ല മഴയും, വിലക്കുറവും ആദായ നികുതി ഇളവിനുള്ള സാധ്യതയും ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഉപഭോഗം വര്‍ധിക്കാന്‍ വരും നാളുകളില്‍ ഇടയാക്കിയേക്കും.

2025 സാമ്പത്തിക വര്‍ഷം ഐടി കമ്പനികളുടെ നാലാം പാദഫലങ്ങളില്‍ പ്രകടമാവുന്നത് കരുതലോടെയുള്ള സമീപനമാണ്. പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള മാറ്റവും കുറയുന്ന റിക്രൂട്ട്മെന്റും ഇതിന്റെ ലക്ഷണങ്ങളാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിന്റെ തുടക്കംതന്നെ അത്ര ആശാവഹമായിരുന്നില്ല. ആഗോള തലത്തില്‍ പണം ചിലവഴിക്കലില്‍ കാര്യമായ കുറവ് കാണപ്പെടുന്നതാണ് ഇതിന് കാരണം. എന്നിരുന്നാലും ഈ മേഖലയിലെ കമ്പനികള്‍ ശുഭ പ്രതീക്ഷയിലാണ്. ശക്തമായ ഓര്‍ഡറുകളും എഐ സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റവും ചെലവു ചുരുക്കലുമാണ് ഇതിന് കാരണം. വരുമാന വളര്‍ച്ചയില്‍ വലിയ പ്രതീക്ഷ കാണിക്കുന്നില്ലെങ്കിലും കഴിഞ്ഞ രണ്ടു മാസത്തെ മുന്നേറ്റത്തിന്റെ ഫലമായി ഓഹരികളുടെ മൂല്യത്തില്‍ നേരിയ വര്‍ധനവു കാണപ്പെടുന്നുണ്ട്. അമേരിക്കയിലെ പലിശ നിരക്ക് സ്ഥിരത കൈവരിക്കുകയും താരിഫ് സംബന്ധിച്ച ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാവുകയും ചെയ്തെങ്കില്‍ മാത്രമേ ഐടി ഓഹരികളില്‍ ഇനിയൊരു മുന്നേറ്റം പ്രതീക്ഷിക്കാനാവൂ. ബാങ്കിംഗ്, എന്‍ബിഎഫ്സി മേഖലകളില്‍ കഴിഞ്ഞ വര്‍ഷത്തോടെ വായ്പകളില്‍ കുറവു വന്നിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുതിലും ആസ്തികളുടെ ഗുണ നിലവാരം കാത്തു സൂക്ഷിക്കുന്നതിലുമാണ് അവരുടെ ശ്രദ്ധ. 2025 സാമ്പത്തിക വര്‍ഷം മൈക്രോ ഫിനാന്‍സ്, വ്യക്തിഗത വായ്പാ മേഖലകളില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. കൂടുതല്‍ ശ്രദ്ധയോടെ വായ്പാ വിതരണം നടത്താന്‍ ധനകാര്യ സ്ഥാപനങ്ങളെ ഇത് പ്രേരിപ്പിച്ചു. എന്നാല്‍, ഈ വര്‍ഷം ആസ്തി നിലവാരം മെച്ചപ്പെടുന്നതോടെ ഈ വെല്ലുവിളികള്‍ കുറയുമെന്നാണ് മനസിലാകുന്നത്.

പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട നാലാം പാദഫലങ്ങളുടെ പിന്തുണയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ചയില്‍ പുരോഗതിയുണ്ടാകും എന്നാണ് കണക്കാക്കുന്നത്. പണപ്പെരുപ്പം, പലിശ നിരക്കുകള്‍, നികുതി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ എന്നിവയ്ക്ക് അയവുണ്ടായാല്‍ വിപണി കൂടുതല്‍ ഊര്‍ജസ്വലമാകും. നികുതി നിരക്കിലെ ഇളവ്, വര്‍ധിച്ച സര്‍ക്കാര്‍ ചിലവഴിക്കല്‍ എന്നിവയിലൂടെ ആഭ്യന്തര ഡിമാന്റ് വര്‍ധിക്കുമൊണ് പ്രതീക്ഷ. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കമ്പനികളുടെ വരുമാന വളര്‍ച്ച 10 മുതല്‍ 12 ശതമാനം വരെയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് അഞ്ച് ശതമാനത്തില്‍ താഴെയായിരുന്നു. ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, വാഹന മേഖല, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളായിരിക്കും വളര്‍ച്ചയുണ്ടാവുക എന്നാണ് അനുമാനം. ഡിമാന്റിലെ വര്‍ധനവും പ്രവര്‍ത്തന ചെലവിലുണ്ടാകുന്ന കുറവുമാണ് ഇതിനു കാരണം. ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന വര്‍ധന എഫ്എംസിജി, ഉപഭോക്തൃ ഉത്പന്നങ്ങള്‍, വളം, കാര്‍ഷിക മേഖല എന്നിവയ്ക്ക് പ്രയോജനം ചെയ്യും. സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപം വരുന്നുണ്ട്. ലാര്‍ജ് കാപ് ഓഹരികളേക്കാള്‍ പ്രിയമുണ്ടായിരുന്ന മിഡ്കാപ് ഓഹരികള്‍ ഇപ്പോള്‍ സാധാരണ നിലയിലായിട്ടുണ്ട്. പ്രതിസന്ധികള്‍ കുറയുകയും ഉഭയ കക്ഷിയ വ്യാപാര ഉടമ്പടി പോലുള്ള ആഗോള പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുകയും ചെയ്തതോടെ വരും പാദങ്ങളില്‍ നിക്ഷേപകരുടെ വിപണി പങ്കാളിത്തം വര്‍ധിയ്ക്കും.

ഏറ്റവും ഒടുവില്‍, ആഭ്യന്തര ഓഹരി സൂചികകള്‍ മുന്നേറാന്‍ കഴിയാതെ നില്‍ക്കുന്നതിനാല്‍ ലാര്‍ജ് കാപ് ഓഹരികള്‍ കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ആഗോള കറന്‍സികളിലെ കൂടിയ അസ്ഥിരത മൂലം വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍നിന്നു മതിയായ പിന്തുണ ലഭിക്കാത്തതാവാം ഒരു പക്ഷേ ഇതിന്റെ പ്രാഥമിക കാരണം. മൂന്നുമാസത്തിനിടെ യുഎസ് ഡോളറിന്റെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഏഷ്യന്‍ കറന്‍സികളോടു താരതമ്യപ്പെടുത്തിയാലും ഈ ഇടിവു പ്രകടമാണ്. ചെറുകിട നിക്ഷേപകരാകട്ടെ ലാഭമെടുപ്പിനുള്ള തയാറെടുപ്പിലാണ്. രണ്ടു മാസത്തെ കുതിപ്പിനു ശേഷം ഇന്ത്യന്‍ വിപണിയിലെ ഒരു വര്‍ഷ പ്രൈസ്- ഏണിംഗ്സ് അനുപാതം 20 ഇരട്ടി കടന്നു. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നില 21 ഇരട്ടിയാണ്. ഓഹരി വിലയിലുണ്ടാകുന്ന ഉയര്‍ച്ചയ്ക്കും സാമ്പത്തിക മേഖലയിലെ വളര്‍ച്ചയ്ക്കും ഒത്തവണ്ണം ഇന്ത്യന്‍ കമ്പനികളുടെ വരുമാന വളര്‍ച്ചാ പ്രതീക്ഷകളും മെച്ചപ്പെടേണ്ടതുണ്ട്. ഇതിനായി ജൂണ്‍ പാദത്തിലെ കണക്കുകള്‍ പുറത്തുവരാന്‍ കാത്തിരിക്കണം. ഇതോടൊപ്പം വിപണി സ്ഥിരത കൈവരിക്കാനും ഈ കണക്കുകള്‍ സഹായിച്ചേക്കും. നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രകടനം ഉണ്ടായെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തെ മികവാണ് വിപണി പ്രതീക്ഷിക്കുന്നത്. ഒന്നാം പാദ ഫലങ്ങളായിരിക്കും ഇതിന്റെ ദിശാ സൂചകം.

Content Highlights: Analyzing India's Q4 Corporate Performance: Growth Sectors, Challenges, and Investment Implications.

ABOUT THE AUTHOR

വിനോദ് നായര്‍

ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍. 

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article