കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് കണക്കുകളെടുത്തപ്പോഴാണ് സുഭാഷിന് നഷ്ടത്തിന്റെ ആഴം ബോധ്യമായത്. പലപ്പോഴായി കിട്ടിയവയെല്ലാം ഓഹരി വിപണിയില്‍ മുടക്കി അതിനകം വന്‍തുകയുടെ നഷ്ടം വരുത്തിവെച്ചിരുന്നു. ബിസിനസില്‍നിന്ന് വരുമാനം വന്നുകൊണ്ടിരുന്നതിനാല്‍ പണത്തിന്റെ കുറവ് അദ്ദേഹം അറിഞ്ഞിരുന്നില്ല. മൊത്തം കണക്കാക്കിയപ്പോഴാണ് ഉള്ളുപിടഞ്ഞത്. നടത്തിയത് 50 ലക്ഷം രൂപയുടെ ഇടപാട്. നഷ്ടം 10 ലക്ഷം!
സോഷ്യല്‍ മീഡിയയിലെ പ്രത്യേകിച്ച് യുട്യൂബിലെ ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് കനത്ത നഷ്ടത്തിലേയ്ക്ക് പതിച്ചത്. വിപണിയുടെ ആവേശത്തോടൊപ്പം നീങ്ങിയ സൃഹൃത്തിന്റെ വാക്കുകള്‍ കേട്ടാണ് സുഭാഷും കൂടെ ചേര്‍ന്നത്. ഒരു യൂട്യൂബര്‍ പ്രൊമോട്ട് ചെയ്ത നിക്ഷേപ സ്ട്രാറ്റജിയോടൊപ്പം നീങ്ങാന്‍ ഒട്ടും മടിച്ചില്ല. വന്‍തുകയുടെ കമ്മീഷനും ചേര്‍ത്തപ്പോള്‍ എക്‌സൈല്‍ ഷീറ്റില്‍ അവശേഷിച്ചത് നഷ്ടക്കണക്കുകളുടെ കൂമ്പാരം.
ഡെറിവേറ്റീവ് വ്യാപാരത്തിലൂടെ ചെറുകിട നിക്ഷേപകരില്‍ ഓരോരുത്തര്‍ക്കും 2025 സാമ്പത്തിക വര്‍ഷം നഷ്ടമായത് ശരാശരി 1.1 ലക്ഷം രൂപയാണെന്ന് സെബിയുടെ നിരീക്ഷണം ഇത്തവണയും വന്നു. 91 ശതമാനം ചെറുകിട വ്യാപാരികള്‍ക്കും പണം നഷ്ടമായതായി സെബി ഇത്തവണയും വിലയിരുത്തി. 1,05,603 കോടി രൂപയാണ് ഇവരുടെയൊക്കെ മൊത്തം അറ്റ നഷ്ടം. 2024 സാമ്പത്തിക വര്‍ഷത്തെ 74,812 കോടിയേക്കാള്‍ 41 ശതമാനം വര്‍ധന. ഒരുവര്‍ഷം കൊണ്ടുമാത്രമുണ്ടായ നഷ്ട കണക്കിലെ വര്‍ധന 30,000 കോടി രൂപയിലേറെ.
മൊത്തം നഷ്ടത്തെ ഇടപാടുകാരുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ ഓരോ വ്യക്തിക്കുമുണ്ടായ നഷ്ടം കണക്കാക്കാം. 1.1 ലക്ഷം രൂപയിലെത്തിയത് അങ്ങനെയാണ്. ഇത് ഭൂരിഭാഗം ഇന്ത്യക്കാരുടെയും ഒരു മാസത്തെ ശമ്പളത്തേക്കാള്‍ കൂടുതലാണെന്നകാര്യം പറയേണ്ടതില്ലല്ലോ.
സെബിയുടെ 'നഷ്ട' കണക്കുകള്‍
സെബിയുടെ കണക്ക് പ്രകാരം നാല് വര്‍ഷത്തിനിടെ ഒരു ഇടപാടുകാരന് സംഭവിച്ച നഷ്ടം:

സെബിയുടെ നിര്‍ദേശ പ്രകാരം ഓഹരി ബ്രോക്കര്‍മാര്‍ ഉള്‍പ്പടെ ഇക്കാര്യത്തില്‍ ബോധവത്കരണം നടത്തിയിട്ടും ഡെറിവേറ്റീവ് ട്രേഡിങ് നടത്തുന്നവരുടെ എണ്ണം കൂടുന്നു. നഷ്ടവും.

സെബിയുടെ ഇടപെടല്‍
എഫ്ആന്‍ഡ്ഒ ഇടപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് 2024 നവംബറിലാണ് സെബി പ്രത്യേക നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. ചെറുകിടക്കാരുടെ ആവേശം കുറയ്ക്കാനും ഇടപാടുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കാനും സഹായിച്ചുവെന്നത് ശരിയാണ്. അതേസമയം, മൊത്തം നഷ്ടത്തില്‍ നേരിയ കുറവുമാത്രമാണുണ്ടായത്.
2024 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 61.4 ലക്ഷം ആയിരുന്ന ഇടപാടുകാരുടെ എണ്ണം നാലാം പാദമായപ്പോഴേയ്ക്കും 42.7 ക്ഷമായി കുറഞ്ഞു. ഒരാളുടെ ശരാശരി നഷ്ടം മൂന്നാം പാദത്തില്‍ 62,975 രൂപയായിരുന്നത് നാലാം പാദമായപ്പോഴേക്കും 57,920 രൂപയായി. ഇടപാട് നിയന്ത്രിക്കാനുള്ള സെബിയുടെ നീക്കത്തില്‍ ശുഭസൂചനയുണ്ടെങ്കിലും റീട്ടെയില്‍ ഇടപാടുകാരില്‍ ഭൂരിഭാഗവും ഇപ്പോഴും 'വന്‍നാശത്തിലേയ്ക്ക്' പാഞ്ഞടുക്കുകയാണ്.
എന്തുകൊണ്ട് നഷ്ടം?
ഓഹരി ഡെറിവേറ്റീവുകള്‍ 'പെട്ടെന്ന് പണമുണ്ടാക്കാന്‍' ഇറങ്ങിപ്പുറപ്പെടുന്ന നിക്ഷേപകര്‍ക്ക് വേണ്ടി രൂപകല്പന ചെയ്തിട്ടുള്ളതല്ല എന്നതാണ് വാസ്തവം. ഉയര്‍ന്ന റിസ്‌കുള്ള നിക്ഷേപ സാധ്യതകളാണ് ഡെറിവേറ്റീവുകള്‍. വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് റിസ്‌കിനെ പ്രതിരോധിക്കാനുള്ള തന്ത്രം മാത്രമാണിത്. ഉദാഹരണത്തിന്, ഒരു ഫണ്ട് മാനേജര്‍ വിപണിയിലെ തകര്‍ച്ചയെ ഭയക്കുന്നുവെങ്കില്‍ സാധ്യതയുള്ള നഷ്ടം നികത്താന്‍ ഡെറിവേറ്റീവുകള്‍ ഉപയോഗിച്ചേക്കാം. അതേസമയം, റീട്ടെയില്‍ നിക്ഷേപകന്‍ വിപണിയുടെ ഗതി ഊഹിച്ച് ഡെറിവേറ്റീവ് ഇടപാടിനിറങ്ങിയാല്‍ (വൈവിധ്യവത്കരിച്ച പോര്‍ട്ട്‌ഫോളിയോ ഇല്ലാത്തതിനാല്‍) നഷ്ടം രൂക്ഷമായിരിക്കും. പലപ്പോഴും പറയാറുള്ളതുപോലെ, സിറ്റി ട്രാഫിക്കിലൂടെ പോകാന്‍ ഫോര്‍മുല വണ്‍ കാറ് കടം വാങ്ങുന്നതുപോലെയാണിത്. അതിവേഗ സാധ്യതയും ഉയര്‍ന്ന റിസ്‌കും അതിനുണ്ട്. അതുകൊണ്ടുതന്നെ നഗരത്തിലെ ട്രാഫിക്കിന് തീര്‍ത്തും യോജിച്ചതുമല്ല. ഓഹരി വിപണിയില്‍നിന്ന് എളുപ്പത്തില്‍ നേട്ടമുണ്ടാക്കാനെത്തുന്നവര്‍ ഇതുപോലെയാണ്. അവരുടെ മുന്നിലുള്ളത് പെട്ടെന്ന് ലാഭമുണ്ടാക്കാനുള്ള ചോദനമാത്രം.
മ്യൂച്വല്‍ ഫണ്ടുകള്‍, ഹെഡ്ജ് ഫണ്ടുകള്‍, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍(എഫ്.ഐ.ഐ.എസ്) എന്നിങ്ങനെയുള്ള വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് പോലുള്ള ഡെറിവേറ്റീവുകളില്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കെന്തുകാര്യം?
കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ പണം ഉപയോഗിച്ച് ട്രേഡ് ചെയ്യാന്‍ (ഡെറിവേറ്റീവുകള്‍) അനുവദിക്കുന്നുവെന്നതാണ് മറ്റൊരു ആകര്‍ഷണീയത. ഉദാഹരണത്തിന്, 10,000 രൂപ ഉപയോഗിച്ച് വലിയൊരു 'പൊസിഷന്‍' എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും. വിപണി അനുകൂലമായി നീങ്ങുകയാണെങ്കില്‍ നിങ്ങള്‍ വിജയിശ്രീലാളിതനാകും. തകര്‍ന്നാലാകട്ടെ അടപടലം പൊട്ടും. ഇടപാടുകള്‍ക്കുള്ള ചെലവും നികുതിയും ചെറിയ ലാഭത്തെപ്പോലും ഇല്ലാതാക്കുകയും ചെയ്യും. ഭൂരിഭാഗം ട്രേഡേഴ്‌സിനും തത്സമയ വിവരങ്ങള്‍, വിപണിയെ സ്വാധീനിക്കുന്ന മറ്റ് വിവരങ്ങള്‍ തുടങ്ങിയവ ലഭിക്കാറില്ലെന്നതാണ് വാസ്തവം. അതുതന്നെയാണ് നഷ്ടത്തിന്റെ പ്രധാന കാരണവും.
വിപണിയില്‍ ഇരുത്തംവന്നവരും പയറ്റിത്തെളിഞ്ഞവരും പറയും ട്രേഡിങ് ചെയ്ത് സമ്പത്തുണ്ടാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് ചിട്ടയോടെ നിക്ഷേപിച്ച് സമ്പത്തുണ്ടാക്കുകയെന്നതാണെന്ന്. പക്ഷേ, സോഷ്യല്‍ മീഡിയ പറയും, എളുപ്പത്തില്‍ കോടീശ്വരനാക്കാമെന്ന്.
ചില ചിന്തകള്‍
- എല്ലാ മുന്നറിയിപ്പുകളും അവഗണിക്കാനുള്ളതാണെന്ന ചിന്ത ഒഴിവാക്കുക. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെതന്നെ അവയെ കാണുക.
- ഡെറിവേറ്റീവ് ഇടപാടിലൂടെ പെട്ടെന്ന് പണമുണ്ടാക്കാമെന്നത് വെറും മിഥ്യാ ധാരണ മാത്രമാണ്. ആരെങ്കലും മറിച്ച് പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിക്ഷിപ്ത താത്പര്യം ഉണ്ടായേക്കാമെന്ന് ചിന്തിക്കുക.
- ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്തുക. അച്ചടക്കത്തോടെയുള്ള നിക്ഷേപം, ക്ഷമ, മികച്ച ഗവേഷണം എന്നിവയില്‍നിന്ന് മികച്ച നേട്ടമുണ്ടാക്കാന്‍ അത് നിങ്ങളെ സഹായിക്കും.
- ഇടപാടുകാരില്‍ 91 ശതമാനവും നഷ്ടം നേരിടുന്നുണ്ടെന്ന് സെബി വിശദീകരിച്ചുവല്ലോ. വെറും ഒമ്പത് ശതമാനത്തിലൊരാളാകാന്‍ ഉള്ളതുമുഴുവന്‍ നഷ്ടപ്പെടുത്താതിരിക്കുക.
antonycdavis@gmail.com
Content Highlights: Investing successful Derivatives: Understanding the Risks and Avoiding Costly Mistakes
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·