പണം ചെലവഴിക്കുന്ന കാര്യത്തില്‍ സമൂഹത്തോടൊപ്പം നീങ്ങാനാണ് ഏറെപേര്‍ക്കും താത്പര്യം. ഉപഭോക്തൃ കേന്ദ്രകൃത ലോകത്ത് സ്വന്തം കീശ നോക്കി വേണം മുന്നോട്ടു പോകാന്‍. മികച്ചരീതിയില്‍ പണം കൈകാര്യം ചെയ്യുന്നതോടൊപ്പം സമ്പത്തുണ്ടാക്കാനുള്ള അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും വേണം
കട ബാധ്യതകളില്ലാത്ത ജീവിതം മാത്രമല്ല, ഭാവിയിലേക്കുള്ള കരുതല്‍ കൂടിയുണ്ടെങ്കില്‍ സാമ്പത്തികമായി സ്വതന്ത്രരാകാം. അതിനായി പാഠപുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കേണ്ടതുണ്ട്. പഠിച്ച് മികച്ച ജോലി നേടാനുള്ള പരിശീലനങ്ങള്‍ക്ക് കുറവൊന്നുമില്ലാത്ത നാടാണിത്. ജോലി ചെയ്ത് നേടിയ പണം എപ്രകാരം കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ആരുംആരെയും പഠിപ്പിക്കാറില്ല. ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളുമൊക്കെയാണ് മിക്കവാറുംപേരെ സ്വാധീനിക്കുന്നത്.
വ്യക്തിഗത ധനകാര്യം, വരവ് ചെലവ് ക്രമീകരണം, നിക്ഷേപം എന്നിവയെക്കുറിച്ച് പ്രാഥമിക അവബോധം ആര്‍ജിക്കേണ്ടതുണ്ട്. ഉചിതമല്ലാത്ത സാമ്പത്തിക തീരുമാനങ്ങളെടുക്കാന്‍ അറിവില്ലായ്മ കാരണമായേക്കാം. അമിതമായ ചെലവവാക്കല്‍, അത്യാവശ്യങ്ങള്‍ക്ക് പണം കരുതാതിരിക്കല്‍, ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കാതിരിക്കല്‍- എന്നിവ സാമ്പത്തിക സ്ഥിരത നേടുന്നതിന് വെല്ലുവിളിയാണ്.
ജീവിത ചെലവ് ക്രമീകരിക്കാം
ഭക്ഷണം, വീട്, വാഹനം തുടങ്ങിയവയ്ക്കായി വരുമാനത്തിലേറെ ചെലവഴിക്കുന്നവരാണ് ഏറപ്പേരും. നിശ്ചിത ശതമാനം തുക വരുമാനത്തില്‍നിന്ന് നീക്കിവെക്കുന്ന ശീലമുണ്ടാക്കണം. ജീവിത ചെലവ് കുറയ്ക്കാനും സമ്പാദ്യം വര്‍ധിപ്പിക്കാനും ശ്രദ്ധിക്കണം. 100 രൂപ കിട്ടുമ്പോള്‍ 30 രൂപ മാറ്റിവെയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു ലക്ഷം രൂപ കിട്ടിയാലും സമ്പാദിക്കാന്‍ കഴിയാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കട ബാധ്യത ഒഴിവാക്കാം
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഉയര്‍ന്ന പലിശയുള്ള വായ്പ എടുക്കേണ്ടിവരുമ്പോള്‍ എങ്ങനെ സമ്പാദിക്കാന്‍ കഴിയും? വായ്പയെടുക്കുക, അത് വീട്ടാന്‍ വരുമാനം മുഴുവന്‍ ചെലവഴിക്കുക, അതിനുശേഷം വീണ്ടും കടംവാങ്ങുക-ഈ രീതി തുടര്‍ന്നാല്‍ കടമൊഴിഞ്ഞുള്ള കാലമുണ്ടാവില്ല. വായ്പക്കായുള്ള ഉയര്‍ന്ന ഫീസും പലിശയും ബാധ്യത കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യും. അനുയോജ്യമായ സാമ്പത്തിക തീരുമാനങ്ങെളെടുത്ത് വായ്പയില്‍നിന്ന് എത്രയും പെട്ടെന്ന് പുറത്തുകടക്കാനുള്ള ബോധപൂര്‍വമായ ശ്രമം ഉണ്ടാകണം.
ബാധ്യതകളില്ലാതെ ജീവിക്കുകയെന്നതാണ് പ്രധാനം. അതിനായി ഉയര്‍ന്ന പലിശ നല്‍കുന്ന കടങ്ങള്‍ ആദ്യം തീര്‍ക്കാന്‍ ശ്രമിക്കാം. ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പകള്‍ എന്നിവ അടയ്ക്കുന്നതിന് മുന്‍ഗണന നല്‍കുക. ദീര്‍ഘ കാലയളവില്‍ സാമ്പത്തിക ബാധ്യതയായി മാറാതിരിക്കാന്‍ ആവശ്യമെങ്കില്‍ വായ്പകള്‍ ഏകീകരിക്കാം.
മെച്ചപ്പെട്ട തൊഴില്‍
പരിമിതമായ ആനുകൂല്യങ്ങളും കുറഞ്ഞ വേതനവുമാണ് താഴ്ന്നവരുമാനക്കാര്‍ നേരിടുന്ന പ്രതിസന്ധി. തൊഴിലില്‍ മികവ് വര്‍ധിപ്പിക്കാന്‍ പരിശീലനം നേടാം. ന്യായമായ വേതനം നല്‍കാന്‍ തൊഴിലുടമുകള്‍ തയ്യാറാകുകയും വേണം. തൊഴിലില്‍ മികവു പുലര്‍ത്തി തന്റെ അനിവര്യത ബോധ്യപ്പെടുത്താന്‍ പ്രാപ്തി നേടണം.
പണ ലഭ്യത
വിദ്യാഭ്യാസത്തിനോ സംരംഭം തുടങ്ങുന്നതിനോ ആവശ്യമായ പണമില്ലെന്നതാണ് മറ്റൊരു പ്രതിസന്ധി. താങ്ങാവുന്ന പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ ശ്രമമുണ്ടാകണം. വായ്പകള്‍ വിവേകത്തോടെ വിനിയോഗിക്കുകയും മികച്ച 'ക്രെഡിറ്റ് സ്‌കോര്‍' നിലനിര്‍ത്താന്‍ ശ്രമിക്കുകയും വേണം.
എമര്‍ജന്‍സി ഫണ്ട്
അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ നേരിടാന്‍ എമര്‍ജന്‍സി ഫണ്ട് കരുതിവെക്കാം. ആറുമാസം വരെയുള്ള ജീവിത ചെലവിനുള്ള തുക സേവിങ്സ് അക്കൗണ്ടിലോ ഹ്രസ്വകാല ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപിക്കാം. തൊഴില്‍ നഷ്ടം, ചികിത്സ തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഈ ഫണ്ട് ഉപകരിക്കും.
ഇന്‍ഷുറന്‍സ്
അടിയന്തര സാഹചര്യം നേരിടാന്‍ നേരത്തെതന്നെ കരുതലെടുക്കാം. ആവശ്യത്തിന് ലൈഫ് കവര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പാക്കാം. വീടിനും വിട്ടുപകരണങ്ങള്‍ക്കും ഗാര്‍ഹിക ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താം. ചികിത്സാ ചെലവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ പരിരക്ഷാതുക കൂട്ടാം. നമ്മുടെ അഭാവത്തില്‍ കുടുബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ലൈഫ് കവര്‍ ഉപകരിക്കും.
മാനസിക പിന്തുണ
പെട്ടെന്ന് പണമുണ്ടാക്കണമെന്ന മനോഭാവം മാറ്റണം. ദീര്‍ഘകാല ലക്ഷ്യങ്ങളേക്കാള്‍ ഉടനടിയുള്ള ആവശ്യങ്ങളില്‍ കുടുങ്ങിക്കിടക്കാന്‍ അത് ഇടയാക്കും. ഭാവിയിലേക്കായി കരുതിവെയ്ക്കാന്‍ ശ്രദ്ധിക്കണം. സമ്പത്തുണ്ടാക്കിയവരെ മാര്‍ഗദര്‍ശികളായി കാണുകയും അവര്‍വന്ന വഴികളിലൂടെ സഞ്ചരിക്കുകയും വേണം. അതോടൊപ്പം വ്യത്യസ്ത നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമംനടത്തുകയും ചെയ്യാം.
നിക്ഷേപങ്ങള്‍ വിലയിരുത്താം
സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപം തുടങ്ങാന്‍ യോജിച്ച സമയമെന്ന ഒന്നില്ല. ഈ സ്വാതന്ത്ര്യ ദിനത്തില്‍ അതിന് തുടക്കമിടാം. റിട്ടയര്‍മെന്റ് ജീവിതത്തിന് മാത്രമല്ല, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും വിദേശ വിനോദയാത്രക്കുമൊക്കെ നേരത്തെതന്നെ നിക്ഷേപം തുടങ്ങാം. ലക്ഷ്യ കാലയളവിന് അനുസൃതമായി നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാം. അഞ്ചോ അതില്‍ കൂടുലോ വര്‍ഷം മുന്നിലുണ്ടെങ്കില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളിലെ എസ്.ഐ.പിയും അതിന് താഴെയാണ് കലായളവെങ്കില്‍ സ്ഥിര നിക്ഷേപ പദ്ധതികളുമാണ് അനുയോജ്യം. അതിനായി വിദഗ്ധ ഉപദേശം തേടുക.

നിക്ഷേപം ക്രമീകരിക്കാം
വിലക്കയറ്റത്തെ അതിജീവിക്കാന്‍ കഴിവുള്ള നിക്ഷേപ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കുക. 30നും 40നും മധ്യേ പ്രായമുള്ളവര്‍ 70 ശതമാനം തുകയും ഓഹരി അധിഷ്ഠിത പദ്ധതികളില്‍ മുടക്കാം. 30 ശതമാനംവരെ സ്ഥിര നിക്ഷേപ പദ്ധതികളിലും. 40നും 50നും ഇടയിലാണ് വയസ്സെങ്കില്‍ 60 ശതമാനംവരെ ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കാം. ബാക്കിയുള്ളതുക സ്ഥിര നിക്ഷേപ പദ്ധതികളിലും വകയിരുത്താം. 50 മുതല്‍ 60വയസ്സുവരെയുള്ളവര്‍ 50 ശതമാനവും 60വയസ്സിന് മുകളിലാണെങ്കില്‍ 40 ശതമാനത്തില്‍ താഴെയും മതി ഓഹരിയിലെ നിക്ഷേപം. ബാക്കിയുള്ളത് സ്ഥിര നിക്ഷേപ പദ്ധതികളിലുമിടാം.
antonycdavis@gmail.com
Content Highlights: Achieving Financial Freedom: Managing Debt and Building Wealth
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·