‘സിഎം വിജയ്’ തമിഴ്നാട്ടിൽ മാറ്റം കൊണ്ടുവരും; ആശംസകളുമായി ആർ. മാധവൻ

1 month ago 8

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ചുമതലയേറ്റതിൽ സന്തോഷം പ്രകടിപ്പിച്ച് നടൻ ആർ. മാധവൻ. വിജയിന്റെ നേതൃത്വത്തിൽ സംസ്ഥാനം മികച്ച മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെ, വിജയുമായുള്ള ദീർഘകാല സൗഹൃദം മാധവൻ അനുസ്മരിച്ചു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണെങ്കിലും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാവായതിനാൽ ഇനി അദ്ദേഹത്തെ ബഹുമാനപൂർവം “മുഖ്യമന്ത്രി വിജയ്” എന്നാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് മാധവൻ വ്യക്തമാക്കി.

രാഷ്ട്രീയം “ഇരുതല മൂർച്ചയുള്ള വാൾ” പോലെയാണെന്നും, നല്ല കാര്യങ്ങൾ ചെയ്താലും വിമർശനങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾക്കും മാധവൻ വിരാമമിട്ടു.

രാഷ്ട്രീയത്തിൽ സജീവമാകാനോ പൊതുപദവികൾ വഹിക്കാനോ താൽപര്യമില്ലെന്നും, സിനിമയിലൂടെയാണ് സമൂഹത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ബഹുമാനിക്കുന്നത് ഒരു പൗരന്റെ ഉത്തരവാദിത്തമാണെന്നും മാധവൻ കൂട്ടിച്ചേർത്തു.

അതേസമയം, പ്രശസ്ത വ്യവസായി ഗോപാലസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ജിഡിഎൻ’ എന്ന ചിത്രത്തിൽ മാധവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read Entire Article