Published: May 19, 2026 09:59 AM IST
2 minute Read
ചെന്നൈ ∙ സിക്സർ പ്രവചനത്തിൽ വീണ്ടും ‘സിങ്കം’ ആയി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ചെപ്പോക്കിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെയാണ് സുഹൃത്തുകൂടിയായ സിഎസ്കെ താരം സഞ്ജു സാംസന്റ സിക്സർ ബേസിൽ പ്രവചിച്ചത്. ചെന്നൈ സൂപ്പർ കിങ്സ് ഇന്നിങ്സിന്റെ ആദ്യ ലീഗൽ ബോൾ തന്നെ സിക്സർ പറത്തിയാണ് സഞ്ജു ബാറ്റിങ് തുടങ്ങിയത്. ഹൈദരാബാദ് ബോളർ നിതീഷ് കുമാർ റെഡ്ഡി എറിഞ്ഞ ആദ്യ പന്ത് നോബോളായിരുന്നു. തുടർന്ന് ഫ്രീ ഹിറ്റായ പന്തിലാണ് സഞ്ജു സിക്സർ തൂക്കിയത്. ഇതിനു തൊട്ടുമുൻപാണ് ബേസിലിന്റെ പ്രവചന വിഡിയോ’ പകർത്തിയിരിക്കുന്നത്.
ഗാലറിയിലിരിക്കുന്ന ബേസിൽ, ‘സിക്സ് അടിക്ക പോറെ, സിക്സ് അടിക്ക പോറെ’ എന്നു പറയുമ്പോൾ സമീപമിരിക്കുന്ന നടി റിയ ഷിബു ‘തംസപ്’ അടിക്കുന്നുണ്ട്. തുടർന്ന് ക്യാമറ ഗ്രൗണ്ടിലേക്ക് തിരിക്കുന്നതും സഞ്ജു സിക്സർ അടിക്കുന്നതുമാണ് കാണിക്കുന്നത്. പിന്നാലെ വീണ്ടും ക്യാമറ തിരിക്കുമ്പോൾ ‘ഇതൊക്കെ എന്ത്’ എന്ന രീതിയിൽ ബേസിൽ എഴുന്നേൽക്കുകയും തന്റെ പുതിയ സിനിമയായ ‘അതിരടി’യുടെ തമിഴ് പതിപ്പ് മേയ് 22ന് റിലീസ് ചെയ്യുമെന്ന് എഴുതിയിരിക്കുന്ന ഒരു പേപ്പർ കാണിക്കുകയും ചെയ്യുന്നു. ബേസിലിന്റെ പ്രവചനം സത്യമായതിൽ അന്തംവിടുന്ന നടി റിയയെും വിഡിയോയിൽ കാണാം. മത്സരത്തിൽ 13 പന്തിൽ 27 റൺസെടുത്താണ് സഞ്ജു പുറത്തായത്.
നേരത്തെ, ട്വന്റി20 ലോകകപ്പ് ഫൈനലിലും സഞ്ജു സാംസന്റെ സിക്സർ ബേസിൽ ജോസഫ് പ്രവചിച്ചിരുന്നു. ഇന്ത്യ–ന്യൂസീലൻഡ് മത്സരം നടന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ബേസിൽ ജോസഫ് എത്തിയപ്പോഴാണ് ഇത്. സുഹൃത്തുക്കളായ സൈലം ഗ്രൂപ്പ് സിഇഒ ഡോ. അനന്തുവിനും വൈറൽ താരം നിഹാലിനും ഒപ്പമായിരുന്നു ബേസിലെത്തിയത്. മത്സരത്തിന് ഇടയിൽ ആത്മവിശ്വാസത്തോടെ സഞ്ജുവിന്റെ കളി പ്രവചിക്കുകയാണ് ബേസിൽ. ‘സിക്സ്... സിക്സ്’ എന്നാണ് ക്യാമറയിലേക്ക് നോക്കി ബേസിൽ പറയുന്നത്. പറഞ്ഞു തീരുന്നതിനു മുൻപേ ഗ്യാലറിയിൽ ആർപ്പുവിളികൾ നിറഞ്ഞു. സഞ്ജു അടിച്ച സിക്സറിന്റെ ആഹ്ലാദപ്രകടനമായിരുന്നു ഇത്. വിശ്വസിക്കാൻ കഴിയാതെ തലയ്ക്ക് കൈവച്ച് നിൽക്കുന്ന യുട്യൂബർ നിഹാൽക്കയെ വിഡിയോയിൽ കാണാം. ബേസിലിന് സല്യൂട്ട് നൽകിയാണ് നിഹാൽ സന്തോഷം പങ്കുവച്ചത്.
മേയ് 14ന് കേരളത്തിൽ റിലീസ് ചെയ്ത ‘അതിരടി’ സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രമോഷൻ ഭാഗമായാണ് ബേസിലും റിയയും ചെപ്പോക്കിൽ കളി കാണാനെത്തിയത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സഞ്ജു സാംസനും പങ്കെടുത്തിരുന്നു. സിനിമയിലേക്ക് സഞ്ജു സാംസണെ അഭിനയിപ്പിക്കാൻ ശ്രമിച്ചിരുന്നതായി ബേസിൽ ചടങ്ങിൽ പറഞ്ഞു. എന്നാൽ സഞ്ജു ഒഴിവായതോടെയാണ് ‘കാമിയോ’ റോളിലേക്ക് മറ്റൊരു താരത്തെ പരിഗണിക്കേണ്ടിവന്നതെന്ന് ബേസിൽ പറഞ്ഞു. ‘‘ഈ സിനിമയിൽ ഒരു കാമിയോ റോളിലേക്ക് സഞ്ജുവിനെ വിളിച്ചിരുന്നു. എന്നാൽ സഞ്ജു അപ്പോൾ തന്നെ അതു തള്ളിക്കളഞ്ഞു.’’– അതിരടി സിനിമയുടെ തമിഴ് ട്രെയിലർ ലോഞ്ചിൽ ബേസിൽ പറഞ്ഞു.
‘‘ചെറിയ റോളാണ് കിട്ടിയത്. കിട്ടുന്നെങ്കിൽ വലിയ റോൾ നൽകണം. ബേസിൽ വലിയ സംവിധായകനാണ്. എന്ത് റോൾ വേണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.’’–സഞ്ജു തമാശ രൂപേണ പറഞ്ഞു. ‘‘ബേസിലിനെ വർഷങ്ങളായി അറിയാം. അടുത്ത സുഹൃത്താണ്. ബേസിൽ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. പക്ഷേ ജോലിയുടെ കാര്യത്തിൽ വളരെ കർക്കശക്കാരനാണ്. ബേസിൽ ജോസഫ് പ്രൊഡക്ഷന്റെ ആദ്യ സിനിമയാണ്. ഈ സിനിമയ്ക്കു വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ നന്നായി അറിയാം. അതുകൊണ്ടാണു ഇവിടെ വന്നത്.’’– സഞ്ജു വ്യക്തമാക്കി.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@tamilcinema_12 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:







English (US) ·