ആഗോള ആഭ്യന്തര വിപണികളില്‍ സ്വര്‍ണ വില മുമ്പെങ്ങുമില്ലാത്ത ഉയരങ്ങളിലാണ്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3600 ഡോളറും ഇന്ത്യന്‍ വിപണിയില്‍ 10 ഗ്രാമിന് 1,09,000 രൂപയും കടന്നിരിക്കുന്നു. ആഗോള സംഘര്‍ഷങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വം, നിക്ഷേപകരുടെ അഭിരുചിയിലെ മാറ്റം എന്നിവയാണ് ഈ സാഹചര്യമുണ്ടാക്കിയത്.
സാമ്പത്തിക അനിശ്ചിതത്വം
സാമ്പത്തിക വളര്‍ച്ചാ വേഗക്കുറവ്, തുടരുന്ന പണപ്പെരുപ്പം, ആശങ്കാജനകമായ വ്യാപാര നയങ്ങള്‍ എന്നിവ ചേര്‍ന്നു സൃഷ്ടിച്ച സാഹചര്യങ്ങളിലൂടെ ക്ലേശിച്ചു നീങ്ങുകയാണ് ആഗോള സമ്പദ്ഘടന. യുഎസ് സമ്പദ്‌വ്യവസ്ഥ ക്ഷീണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. നേരത്തേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനേക്കാള്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. മാന്ദ്യ ഭീഷണി ഉയര്‍ത്തുന്ന ഈ അന്തരീക്ഷം സ്വര്‍ണത്തിലേക്കു തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. പ്രസിഡന്റ് ട്രംപിന്റെ പണ, വ്യാപാര നയങ്ങള്‍ വിപണിയുടെ ആശങ്ക വീണ്ടും വര്‍ധിപ്പിച്ചിരിക്കയാണ്.
ട്രംപിന്റെ വെടിനിര്‍ത്തല്‍ ശ്രമം യുക്രെയിനില്‍ പാളി
റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വീരവാദം ചീറ്റിപ്പോയി. പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ഹ്രസ്വകാലത്തേക്ക് വെടിനിര്‍ത്തുകയും ചെയ്തെങ്കിലും വലിയ പ്രത്യാഘാതങ്ങള്‍ സുഷ്ടിച്ചുകൊണ്ട് യുദ്ധം വീണ്ടും സജീവമാകുകയാണുണ്ടായത്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതും നയതന്ത്ര കാര്യക്ഷമതക്കുറവും നിക്ഷേപകര്‍ക്ക് യുഎസ് നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും സംഘര്‍ഷകാലത്ത് ആശ്രയിക്കാവുന്ന നിക്ഷേപം എന്ന സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു.
ഖത്തറിലെ ഇസ്രായേല്‍ ആക്രമണം
ദോഹയില്‍ സമാധാന ചര്‍ച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ആക്രമിക്കുക വഴി ഗള്‍ഫ് സംഘര്‍ഷം മറ്റൊരു ദിശയിലേക്ക് നയിച്ചിരിക്കയാണ് ഇസ്രായേല്‍. ദീര്‍ഘകാലമായി ഗാസ സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമവുമായി രംഗത്തുള്ള നാടാണ് ഖത്തര്‍. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനിടയാക്കിയ ആക്രമത്തെ ഖത്തറും ഇതര അറബ് നാടുകളും ശക്തിയായി അപലപിച്ചു. ആക്രമണം നടന്നത് അമേരിക്കയുടെ പിന്തുണയോടെയുള്ള വെടി നിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണെന്നത് നയതന്ത്ര ശ്രമങ്ങള്‍ കൂടുതല്‍ വഷളാക്കുക മാത്രമല്ല സംഘര്‍ഷം വ്യാപിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകായും ചെയ്തു. ഈ ആഗോള സ്ഥിതിവിശേഷവും സ്വര്‍ണത്തിന് അനുകൂലമായിത്തീര്‍ന്നു.
പുതിയ സാമ്പത്തിക കൂട്ടുകെട്ട്
ചൈനയിലെ ടിയാന്‍ജിനില്‍ ഈയിടെ നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടി, ആഗോള സാമ്പത്തിക ശക്തിയിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചനയാണ് നല്‍കിയത്. ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളുടേയും ഇതര അംഗ രാജ്ര്യങ്ങളുടേയും നേതാക്കള്‍ ചേര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ പ്രതിരോധിക്കുന്നതിന് തന്ത്രങ്ങള്‍ മെനഞ്ഞിട്ടുണ്ട്. പുതിയ ആഗോള വികസന ബാങ്ക് രൂപീകരിക്കാനും അംഗ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമുള്ള ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്ങിന്റെ നിര്‍ദ്ദേശം ആഗോള സമവാക്യങ്ങള്‍ മാറ്റാനുള്ള ചൈനയുടെ ആഗ്രഹമാണ് പ്രതിഫലിപ്പിക്കുന്നത്. അമേരിക്ക എന്ന ഒറ്റ അച്ചുതണ്ടിനു പകരം പല അച്ചുതണ്ടുകളോടുകൂടിയ ഒരു ലോക ക്രമം സൃഷ്ടിക്കാനുള്ള നീക്കം ഡോളറിന്റെ മേധാവിത്തത്തിന് ഉലച്ചിലുണ്ടാക്കി. ആഗോള തലത്തില്‍ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും സ്വര്‍ണം രക്ഷാ കവചമായി ഉപയോഗിക്കാനും തുടങ്ങി.
യുഎസിലെ മാന്ദ്യ ഭീതിയും പണപ്പെരുപ്പവും
ട്രംപ് ഭരണകൂടത്തിന്റെ കടുത്ത താരിഫ് നയങ്ങള്‍ യുഎസില്‍ ശരാശരി താരിഫ് നിരക്ക് 1935 നുശേഷമുള്ള ഏറ്റവും ഉയരത്തിലെത്തിച്ചു. ഈ നിരക്കുകള്‍ ഉപഭോക്തൃ വില വര്‍ധിയ്ക്കാനും വീടുകളില്‍ വരുമാനം കുറയാനും തൊഴിലില്ലായ്മ വര്‍ധിയ്ക്കാനും ഇടയാക്കി. ഇതിന്റെ സാമ്പത്തിക പ്രത്യാഘാതം മാന്ദ്യ ഭീഷണി വര്‍ധിപ്പിച്ചത് സ്വര്‍ണത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുകയും സാമ്പത്തിക വളര്‍ച്ച കുറയുകയും ചെയ്യുമ്പോള്‍ സ്വര്‍ണത്തിന്റെ ആശ്രയിക്കാവുന്ന മൂല്യം ഏവരും പരിഗണിക്കുന്നു.
യുഎസ് നിരക്കിളവിലുള്ള പ്രതീക്ഷ
തൊഴില്‍ വിപണിയില്‍ നിന്നുള്ള ദുര്‍ബലമായ സ്ഥിതി വിവരക്കണക്കുകള്‍ക്കും തുടരുന്ന വിലക്കയറ്റത്തിനുമിടയില്‍ യുഎസ് കേന്ദ്ര ബാങ്കിന്റെ സെപ്റ്റംബര്‍ 17നു ചേരുന്ന പണനയ സമിതി യോഗത്തില്‍ പലിശ നിരക്കു കുറയ്ക്കുമെന്നാണ് വ്യാപകമായി പ്രതീക്ഷിക്കുന്നത്. 25 ബേസിസ് പോയിന്റിന്റെ കുറവ് ഏതാണ്ടുറപ്പാണ്. എന്നാല്‍ ഇത് 50 ബിപിഎസ് വരെ പോകുമെന്ന് കരുതുന്നവരുമുണ്ട്. പലിശ നിരക്കു കുറയുന്നതോടെ സ്വര്‍ണം പോലുള്ള നേട്ടം നല്‍കാത്ത ആസ്തികള്‍ കൈവശം വെയ്ക്കാനുള്ള ചെലവു കുറയുകയും നിക്ഷേപകര്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുകയും ചെയ്യും. സാമ്പത്തിക ഉദാരവല്‍ക്കരണ സാധ്യത സ്വര്‍ണത്തിന് ഈയിടെയുണ്ടായ ഉയര്‍ച്ചയുടെ കാരണങ്ങളിലൊന്നാണ്.
പ്രതിരോധത്തിലായ നിക്ഷേപകരും കേന്ദ്ര ബാങ്ക് ഡിമാന്റും
സ്വര്‍ണത്തോടുള്ള നിക്ഷേപകരുടെ താത്പര്യം സജീവമാണെന്നാണ് സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള പണ പ്രവാഹം സൂചിപ്പിക്കുന്നത്. വികസ്വര വിപണികളിലെ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങിവെക്കുന്നത് യുഎസ് ഡോളറില്‍ നിന്നുള്ള വ്യതിയാനം കൂടി ലക്ഷ്യമിട്ടാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ നിന്നുള്ള അഭയമായും അവര്‍ സ്വര്‍ണത്തെ കരുതുന്നു. നിയമപരമായ മാറ്റങ്ങളും സാംസ്‌കാരികമായ ആഭിമുഖ്യവും ഇന്ത്യയിലും ചൈനയിലും സ്വര്‍ണത്തിനുള്ള ഡിമാന്റ് വര്‍ധിപ്പിക്കുകയാണ്. ഏതുനാട്ടിലും ഏതു വിപണിയിലും സ്വര്‍ണത്തിന്റെ ശക്തി കുറയുന്നില്ല എന്നതാണ് വാസ്തവം.
സ്വര്‍ണത്തിന്റെ 2025ലെ അഭൂതപൂര്‍വമായ കുതിപ്പ് സാമ്പത്തിക കണക്കുകളോടോ പലിശ നിരക്കിനോടോ ഉള്ള പ്രതികരണം മാത്രമല്ല, ആഗോള സംവിധാനങ്ങളിലും കറന്‍സികളിലും രാഷ്ട്രീയ സ്ഥിരതയിലുമുള്ള വിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടു കൂടിയാണ്. ലോകം പരാജയപ്പട്ട സമാധാന ചര്‍ച്ചകളും മേഖലാ സംഘര്‍ഷങ്ങളും ശാക്തികച്ചേരികളിലെ മാറ്റവുമെല്ലാം അഭിമുഖീകരിക്കുമ്പോള്‍ സുരക്ഷിതത്വത്തിന്റെ പ്രകാശ ഗോപുരമായാണ് സ്വര്‍ണം നില കൊള്ളുന്നത്. ഈ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ മാത്രമേ സ്വര്‍ണക്കുതിപ്പിന്റെ വേഗംകുറയൂ എന്നുവേണം കരുതാന്‍.
Content Highlights: The Golden Beacon: Analyzing the Factors Driving Gold's Record Highs
ABOUT THE AUTHOR
ഹരീഷ് വി.
ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·