സെലെൻസ്‌കിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ചതിൽ ഖേദിക്കുന്നു; വെളിപ്പെടുത്തി മുൻ പ്രസ് സെക്രട്ടറി

17 hours ago 2

യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കിക്കെതിരെ രൂക്ഷ വിമർശനവുമായി അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി യൂലിയ മെൻഡൽ. സെലെൻസ്‌കിയെ അധികാരത്തിലെത്തിക്കാൻ സഹായിച്ചതിൽ താൻ ഖേദിക്കുന്നുവെന്നും, ഇപ്പോഴത്തെ യുക്രെയ്ൻ നയങ്ങൾ കണ്ടശേഷം മിണ്ടാതിരിക്കാൻ കഴിയുന്നില്ലെന്നും മെൻഡൽ പറഞ്ഞു. സെലെൻസ്‌കിയെ യുക്രേനിയൻ ജനത തിരഞ്ഞെടുത്ത “ആത്മഹത്യാ രീതി”യെന്നും അവർ വിശേഷിപ്പിച്ചു.

“ഈ വ്യക്തിയെ അധികാരത്തിലെത്താനും അവിടെ തുടരാനും സഹായിച്ചതിന് എല്ലാ ദിവസവും ദൈവത്തോട് ക്ഷമ ചോദിക്കുന്നു. ഞാൻ മിണ്ടാതിരുന്നാൽ എനിക്ക് എന്നോട് തന്നെ ക്ഷമിക്കാൻ കഴിയില്ലായിരുന്നു,” എന്നായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തിൽ മെൻഡൽ നടത്തിയ പരാമർശം. യുക്രെയ്ൻ–റഷ്യ സംഘർഷം, നിർബന്ധിത സൈനിക സേവനം, അഴിമതി തുടങ്ങിയ വിഷയങ്ങളിൽ സെലെൻസ്‌കി ഭരണകൂടത്തിന്റെ നയങ്ങളെയും അവർ വിമർശിച്ചു.

സെലെൻസ്‌കിയുടെ മുൻ പ്രസ് സെക്രട്ടറിയായിരുന്ന മെൻഡൽ 2019 മുതൽ 2021 വരെയാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത്. പിന്നീട് പദവി ഒഴിഞ്ഞ അവർ അടുത്തകാലത്ത് സെലെൻസ്‌കിക്കും അദ്ദേഹത്തിന്റെ ഭരണകൂടത്തിനുമെതിരെ പരസ്യ വിമർശനങ്ങൾ ഉന്നയിച്ചുവരികയാണ്.

അതേസമയം, ഈ മാസം സെലെൻസ്‌കി മെൻഡലിനും മറ്റ് ചിലർക്കുമെതിരെ പത്ത് വർഷത്തേക്ക് വ്യക്തിഗത ഉപരോധങ്ങൾ ഏർപ്പെടുത്തി. റഷ്യൻ പ്രചാരണവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്നായിരുന്നു യുക്രെയ്ൻ പ്രസിഡന്റിന്റെ ആരോപണം. മെൻഡൽ ആരോപണങ്ങൾ നിഷേധിക്കുകയും ഉപരോധത്തെ രാഷ്ട്രീയ നടപടിയായി വിശേഷിപ്പിക്കുകയും ചെയ്തു.

ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ സെപ്റ്റംബർ 16ന് സ്ട്രാസ്ബർഗിലെ യൂറോപ്യൻ പാർലമെന്റ് കെട്ടിടത്തിൽ പ്രവേശിക്കുന്നതിൽനിന്നും മെൻഡലിനെ തടഞ്ഞു. യുക്രെയ്ൻ വിഷയവും സമാധാന സാധ്യതകളും ചർച്ച ചെയ്യാൻ ജർമൻ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (AfD) എംഇപി ഹാൻസ് ന്യൂഹോഫ് സംഘടിപ്പിച്ച പരിപാടിയിൽ അവർ സംസാരിക്കാനിരുന്നതായിരുന്നു.

പ്രവേശനം തടഞ്ഞതിനെ തന്റെ മേൽ സെലെൻസ്‌കി ഏർപ്പെടുത്തിയ ഉപരോധവുമായി ബന്ധിപ്പിച്ചത് മെൻഡലാണ്. എന്നാൽ യൂറോപ്യൻ പാർലമെന്റിലെ പരിപാടി ഔദ്യോഗിക പാർലമെന്റ് പരിപാടിയല്ലെന്നും എംഇപിമാരോ രാഷ്ട്രീയ ഗ്രൂപ്പുകളോ കെട്ടിടത്തിനുള്ളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രവേശനം നിഷേധിച്ചതിന്റെ കാരണം സംബന്ധിച്ച് പാർലമെന്റിലെ ഒരു ഉദ്യോഗസ്ഥൻ ഇത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രവേശനം നിഷേധിച്ചെങ്കിലും മെൻഡൽ പരിപാടിയിൽ ഓൺലൈനായി പ്രസംഗിച്ചതായി റിപ്പോർട്ടുണ്ട്. സെലെൻസ്‌കി ഭരണകൂടത്തിന്റെ യുദ്ധനയത്തെയും റഷ്യയുമായുള്ള സംഘർഷം കൈകാര്യം ചെയ്യുന്ന രീതിയെയും വിമർശിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നത്.

Read Entire Article