
കരിഷ്മ കപൂർ, സഞ്ജയ് കപൂർ എന്നിവർ | File Photo - PTI
സഞ്ജയ് കപൂറിന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ബോളീവുഡ് താരം കരിഷ്മ കപൂറിന്റെയും വ്യവസായി സഞ്ജയ് കപൂറിന്റെയു 30,000 കോടിയുടെ വില്പത്രം മറച്ചുവെച്ചുവെന്നാരോപിച്ച് മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ജൂണ്‍ 12വരെയുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ പട്ടിക സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. കേസ് രണ്ടാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും. സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യയും തങ്ങളുടെ രണ്ടാനമ്മയുമായ പ്രിയ കപൂര്‍ സ്വത്തുക്കള്‍ മുഴുവനായും സ്വന്തമാക്കുന്നതിന് അദ്ദേഹത്തിന്റെ വില്‍പത്രം വ്യാജമായി നിര്‍മിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
പിതാവിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ സ്വത്തുക്കളെക്കുറിച്ച് മുഴുവന്‍ വിവരങ്ങള്‍ ഇല്ലായിരുന്നുവെന്ന് കരിഷ്മയുടെ മക്കള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. പ്രിയ കപൂര്‍ വിശദാംശങ്ങള്‍ മറച്ചുവെക്കുകയും സ്വത്തുക്കളുടെ മുഴുവന്‍ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുകയും ചെയ്തുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2025 ജൂണ്‍ 12-ന് യുകെയിലെ വിന്‍ഡ്‌സറില്‍ പോളോ കളിക്കുന്നതിനിടെയാണ് സഞ്ജയ് കപൂര്‍ മരിച്ചത്. അതുവരെ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് മക്കള്‍ വാദിക്കുന്നു. മരിച്ചതിന് പിന്നാലെ പ്രിയ കപൂര്‍ വില്‍പ്പത്രം ഇല്ലെന്ന് പറയുകയും എല്ലാ സ്വത്തുക്കളും ആര്‍.കെ. ഫാമിലി ട്രസ്റ്റിന്റെ കീഴിലാണെന്ന് വാദിക്കുകയും ചെയ്തതായി ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. പിന്നീട് 2025 മാര്‍ച്ച് 21-ന് രേഖ ഹാജരാക്കി അതാണ് വില്‍പ്പത്രമെന്ന് അവകാശപ്പെട്ടു. വ്യാജരേഖ ചമയ്ക്കല്‍, കൃത്രിമമായി നിര്‍മിക്കല്‍ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ ഉണ്ടാകാന്‍ ഇതാണ് കാരണമെന്നും അവര്‍ പറയുന്നു.
സഞ്ജയിന്റെ മൂന്നാം ഭാര്യ പ്രിയ കപൂറും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകനുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇരുവരും കുടുംബത്തിന്റെ ഫാംഹൗസിലാണ് താമസിക്കുന്നത്. ഇതേ വസതിയില്‍ താമസിക്കുന്ന സഞ്ജയ് കപൂറിന്റെ അമ്മയാണ് മൂന്നാം പ്രതി. തര്‍ക്കത്തിലുള്ള വില്‍പ്പത്രം നടപ്പാക്കാന്‍ ചുമതലപ്പെട്ട വ്യക്തിയെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു സ്ത്രീയാണ് നാലാം പ്രതി.
അദ്ദേഹം തങ്ങളുടെ പേരില്‍ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുകയും വ്യക്തിപരമായും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വഴിയും സ്വത്തുക്കള്‍ സമ്പാദിക്കുകയും കുടുംബ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നതായി മക്കള്‍ അവകാശപ്പെടുന്നു. നിലവിലെ നിയമപരമായ രക്ഷിതാവായ അമ്മ മുഖേന സ്വത്ത് വിഭജനം, കണക്കുകള്‍ ഹാജരാക്കല്‍ ഉള്‍പ്പടെയുള്ളവയാണ് കരിഷ്മയുടെ മക്കള്‍ ആവശ്യപ്പെടുന്നത്. ജൂണ്‍ 19-ന് ലോധി ശ്മശാനത്തില്‍ നടന്ന അന്ത്യ കര്‍മങ്ങളുടെ ഭാഗമായി മകനാണ് ചിതയ്ക്ക് തീകൊളുത്തിയത്. പിന്നീട് ട്രസ്റ്റുമായി ബന്ധപ്പെട്ട രേഖകളുടെയടക്കം നിയന്ത്രണം പ്രിയ കപൂര്‍ ഏറ്റെടുക്കുകയും തങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ വഷളായതെന്നും ഹര്‍ജിയില്‍ പറയുന്നു.
ട്രസ്റ്റ് ഡീഡിനെക്കുറിച്ചോ അനുബന്ധ രേഖകളെക്കുറിച്ചോ വ്യക്തമാക്കാതെ സോന ബിഎല്‍ഡബ്ല്യു പ്രിസിഷന്‍ ഫോര്‍ജിംഗ്സ് ലിമിറ്റഡിന്റെ (സോന കോംസ്റ്റാര്‍) കോര്‍പ്പറേറ്റ് യോഗങ്ങളിലേയ്ക്ക് വിളിപ്പിച്ച് നിയമപരമായ രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അവര്‍ ആരോപിക്കുന്നുണ്ട്.
Content Highlights: Delhi High Court Orders Disclosure of Sanjay Kapoor's ₹30,000 Crore Will Details
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·