സ്വര്‍ണ കുതിപ്പ്: അനിശ്ചിതത്വവും ഡിമാന്റും നേട്ടമാക്കാം

9 months ago 11

ഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് സ്വര്‍ണത്തിന്റെ ആവശ്യകത നിഷേധിക്കാനാവാത്തതാണ്. തുടര്‍ച്ചയായി മൂന്നാമത്തെ മാസവും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ സ്പോട് ഗോള്‍ഡ് വില 10 ഗ്രാമിന് (മാര്‍ച്ച് 19,2025) 88,288 രൂപയിലെത്തി. 2024ല്‍ 27.24* ശതമാനമാണ് സ്വര്‍ണ വിലയിലെ വര്‍ധന. ഈ വര്‍ഷമാകട്ടെ 16.3 ശതമാനവും നേട്ടത്തിലാണ്. അന്താരാഷ്ട്ര തലത്തില്‍ ട്രോയ് ഔണ്‍സിന് 3,000 ഡോളര്‍ എന്ന പരിധി കടക്കുകയും ചെയ്തു. മക്വാരി പോലുള്ള ബ്രോക്കിങ് ഹൗസുകള്‍ കുടതല്‍ നേട്ടസാധ്യത പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. ഗോള്‍ഡ് ഇടിഎഫുകളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കണോ, അതോ അവസരം നഷ്ടപ്പെടുമോയെന്ന ഭീതി (എഫ്ഒഎംഒ)യില്‍ പെട്ടെന്ന് തീരുമാനമെടുക്കണോ?

സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍
15 മാസം നീണ്ട മുന്നേറ്റം സ്വര്‍ണത്തിന്റെ നേട്ടത്തിന് അടിവരയിടുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷവും സാമ്പത്തിക അനിശ്ചിതത്വവുമാണ് സ്വര്‍ണത്തിന്റെ നേട്ടത്തിന് പിന്നില്‍. യുഎസിന്റെ താരിഫ് നയത്തിലെ അനിശ്ചിതത്വം ആഗോളതലത്തില്‍ വിപണികളില്‍ കനത്ത ചാഞ്ചാട്ടം സൃഷ്ടിക്കുമ്പോള്‍ 'സുരക്ഷിത നിക്ഷേപം' എന്ന നില സ്വര്‍ണം ശക്തിപ്പെടുത്തി. കരുതല്‍ ധനം വൈവിധ്യവത്കരിക്കുന്നതിനും യുഎസ് ഡോളര്‍ പോലുള്ള ഒറ്റ കറന്‍സികളിലെ ആശ്രിതത്വം കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്.

ഈ പ്രവണത തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ദീര്‍ഘകാലയളവില്‍ സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ ഇതിടയാക്കും. ഭൗമരാഷ്ട്രീയ പരിമുറുക്കവും കേന്ദ്ര ബാങ്കുകളുടെ കരുതല്‍ നിക്ഷേപവുമാണ് സ്വര്‍ണത്തിന് കുതിപ്പ് തുടരാനിടയാക്കുക. ഇന്ത്യയിലാകട്ടെ, ആഭരണങ്ങള്‍ക്കുള്ള പരമ്പരാഗത ഡിമാന്‍ഡ് (പ്രത്യേകിച്ച് വിവാഹ സീസണില്‍) സ്വര്‍ണ വിലയ്ക്ക് കരുത്തുപകരുന്നു. യുഎസ് സര്‍ക്കാരിന്റെ താരിഫ് നയങ്ങള്‍ സ്വര്‍ണ ആസ്തിയുടെ ഡിമാന്‍ഡില്‍ കാര്യമായ വര്‍ധനവുണ്ടാക്കി. നയപരമായ അനിശ്ചിതത്വം, ആഗോള സംഘര്‍ഷങ്ങള്‍, കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകള്‍, ഇന്ത്യ-ചൈന എന്നിവിടങ്ങളിലെ വാങ്ങല്‍ താത്പര്യം എന്നിവയാല്‍ നയക്കിപ്പെടുന്ന സ്വര്‍ണ ഡിമാന്‍ഡിലെ ഘടനാപരമായ മാറ്റം തുടര്‍ന്നേക്കാം. സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടര്‍ന്ന് സ്ഥിരതയാര്‍ജിക്കുമെന്നാണ് ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് വിലയിരുത്തുന്നത്.

ഗോള്‍ഡ് ഫണ്ട്: നിക്ഷേപിക്കാന്‍ സമയമായോ?
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വര്‍ണ ആസ്തികള്‍ ഒഴിച്ചുകൂടാനാകാത്തതാണ്. ഹ്രസ്വകാലയളവിലെ ചാഞ്ചാട്ടം ലഘൂകരിക്കാന്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍(എസ്ഐപി) അനുയോജ്യമാണ്. ഗോള്‍ഡ് ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ഇന്‍ഡക്സ് ഫണ്ടുകള്‍, ഇടിഎഫുകള്‍, ഫണ്ട് ഓഫ് ഫണ്ട്സ് എന്നിവയിലെ നിക്ഷേപം നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ പോര്‍ട്ഫോളിയോ സ്ഥിരത ഉറപ്പാക്കാനും പണപ്പെരുപ്പത്തെ അതിജീവിക്കുന്ന നേട്ടം സ്വന്തമാക്കാനും സഹായിക്കും.

നേട്ടത്തിന് എന്തുചെയ്യണം?
റിസ്‌ക് ക്ഷമത, നിക്ഷേപ കാലയളവ്, സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവയ്ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന പോര്‍ട്ഫോളിയോ സൃഷ്ടിക്കുകയെന്നതാണ് പ്രധാനം. പോര്‍ട്ഫോളിയോ അവലോകനം ചെയ്ത് ആസ്തിവൈവധ്യം ഉറപ്പാക്കാം. മികച്ച നേട്ടമുണ്ടാക്കാന്‍ ദീര്‍ഘാകല ആസ്തി വിഭജനത്തല്‍ ഉറച്ചുനില്‍ക്കേണ്ടതുണ്ടെന്ന് സാമ്പത്തിക ആസൂത്രകര്‍ നിര്‍ദേശിക്കുന്നു. ആവശ്യമെങ്കില്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായത്തോടെ പോര്‍ട്ഫോളിയോ സന്തുലനം ഉറപ്പാക്കാം. സ്വര്‍ണത്തെ പൊതുവെ ദീര്‍ഘകാല നിക്ഷേപ ആസ്തിയായി കാണുകയും അതിന് അനുസരിച്ച് ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രധാന വസ്തുതകള്‍:

  • ആഗോള അനിശ്ചിതത്വവും കേന്ദ്ര ബാങ്കുകളുടെ വാങ്ങലും മൂലം സ്വര്‍ണ വില കുതിച്ചുയരുന്നു.
  • ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സ്വര്‍ണത്തിന്റെ സ്ഥിരതയും പണപ്പെരുപ്പത്തില്‍നിന്നുള്ള സംരക്ഷണവും പ്രയോജനപ്പെടുത്താം.
  • സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം പ്രയോജനപ്പെടുത്തുന്നതിന് എസ്ഐപി അനുയോജ്യമാണ്.
  • വൈവിധ്യമാര്‍ന്ന പോര്‍ട്ഫോളിയോ നിലനിര്‍ത്തുകയും പുനഃസന്തുലനത്തിനായി സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുകയും ചെയ്യുക.
  • സ്വര്‍ണം ഒരു ദീര്‍ഘകാല നിക്ഷേപ ആസ്തിയാണ്.

*(ഉറവിടം: ബ്ലൂംബര്‍ഗ്)

Content Highlights: Gold Rush: Navigating the Bullion Boom

ABOUT THE AUTHOR

ഗുര്‍വിന്ദര്‍ സിംഗ് വാസന്‍

ബറോഡ ബിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ടിലെ സീനിയര്‍ ഫണ്ട് മാനേജരാണ് ലേഖകന്‍

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article