Money Desk
16 June 2025, 11:41 AM IST

സ്വർണം| Photo : Comyan
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പുതിയ തലത്തിലേയ്‌ക്കെത്തിയതോടെ ആഗോള വിപണിയില്‍ സ്വര്‍ണ വില വീണ്ടും കുതിക്കാന്‍ തുടങ്ങി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 3,432 ഡോളര്‍ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് ഒരു ലക്ഷം രൂപ കടന്നു.
സംസ്ഥാനത്ത് പവന്റെ വില 74,440 രൂപയാണ്. കഴിഞ്ഞ ദിവസം 74,560 എന്ന റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കാനാണ് സാധ്യത. സാധാരണയായി ഡിമാന്‍ഡ് കുറയുന്ന ജൂണ്‍, ജൂലായ് മാസങ്ങളായിട്ടുകൂടി രാജ്യത്തെങ്ങും സ്വര്‍ണ വില കുതിക്കുകയാണ്. ഓഗസ്റ്റ് പകുതിയോടെ ഉത്സവ സീസണ്‍ ആരംഭിക്കുമ്പോഴാണ് ആവശ്യകതയില്‍ വര്‍ധനവുണ്ടാകാറുള്ളത്.
ആഗോള വിപണിയില്‍ (ട്രോയ് ഔണ്‍സ്) 4,000 ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് പിന്നില്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ നീക്കമനുസരിച്ചായിരിക്കും സമീപകാലയളവിലെ വില വര്‍ധന.
യുഎസിലെ താരിഫ് സംബന്ധിച്ച നയപരമായ അനിശ്ചിതത്വം, കൂടുന്ന കടബാധ്യത, അസ്ഥിരമായ ഓഹരി വിപണി, അസംസ്‌കൃത എണ്ണവില വര്‍ധന എന്നിവയാണ് സമീപ കാലയളവില്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചത്.
Content Highlights: Escalating Tensions and Economic Instability Drive Gold Prices Towards $4,000 per Troy Ounce
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·